പെന്‍ഷന്‍ പ്രായം
വീണ്ടും ഉയര്‍ത്തുന്നു
തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍
പ്രായം അറുപതാക്കാനുള്ള നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയില്‍.
ഇതുസംബന്ധിച്ച് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും. പുതുതായി
നിയമനം ലഭിക്കുന്നവരുടെ വിരമിക്കല്‍ പ്രായം അറുപതാക്കാനാണ് നീക്കം.
ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷനായിരിക്കും.
നിലവില്‍ സര്‍വീസിലുള്ളവരുടെ പെന്‍ഷന്‍ പ്രായം അമ്പത്തെട്ടുമാക്കും.
ഇതുസംബന്ധിച്ച് ധനവകുപ്പിന്റെ വിശദറിപ്പോര്‍ട്ട് മന്ത്രിസഭയുടെ
പരിഗണനയ്ക്കായി തയ്യാറായിട്ടുണ്ടെന്ന് അറിയുന്നു. അടുത്തവര്‍ഷം ഏപ്രില്‍
ഒന്നുമുതല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍
നേരത്തെ ഉത്തരവിറക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 55ല്‍നിന്ന് 56ലേക്ക്
ഉയര്‍ത്തിയതും സമീപകാലത്താണ്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പെന്‍ഷന്‍
പ്രായം ഉയര്‍ത്താനുള്ള നീക്കം.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍തീരുമാനം ഉണ്ടാകുന്നതോടെ പിഎസ്സി വഴിയുള്ള എല്ലാ
നിയമനങ്ങളും നിലയ്ക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് നിലവിലുള്ള
ആയിരക്കണക്കിന് റാങ്ക്ലിസ്റ്റുകളെ പ്രതികൂലമായി ബാധിക്കും. പുതുതായി
നിയമനം ലഭിക്കുന്നവര്‍ക്കൊപ്പം നിലവില്‍ സര്‍വീസിലുള്ളവര്‍ക്കും പങ്കാളിത്ത
പെന്‍ഷന്‍ നടപ്പാക്കാനും സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ഇതോടെ
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതാകും.
ദേശാഭിമാനി 10 .10 .2012
ജീവനക്കാരും അധ്യാപകരും
ജനുവരി 8 മുതല്‍
പണിമുടക്കും
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും
ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. പങ്കാളിത്ത പെന്‍ഷന്‍
പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 21ന് സൂചനാ പണിമുടക്ക്
നടത്തിയിരുന്നു. തുടര്‍ന്ന് അധ്യാപക സര്‍വീസ് സംഘടന പ്രതിനിധികള്‍ക്ക്
നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല
പണിമുടക്കെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ്
ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു.
പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ
ശ്രമം 32 ദിവസത്തെ പണിമുടക്കിലൂടെയാണ് ഇല്ലാതാക്കിയത്. പിന്നീട് 2005ലും
ശക്തമായ എതിര്‍പ്പിലൂടെ പങ്കാളിത്തപെന്‍ഷന്‍ നടപ്പാക്കുന്നത് തടഞ്ഞിരുന്നു.
തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക,
ശമ്പളകമീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക, അപാകതകള്‍ പരിഹരിക്കുക,
വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ
ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കും. 16,17,18 തീയതികളില്‍
ജില്ലാതലത്തില്‍ ജാഥകളും നവംബര്‍ 22ന് കാല്‍ ലക്ഷം ജീവനക്കാരെ
പങ്കെടുപ്പിച്ച് സെക്രട്ടറിയറ്റ് മാര്‍ച്ചും നടത്തും.
അധ്യാപക സര്‍വീസ്സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശ്,
ഫെറ്റോ ജനറല്‍ കണ്‍വീനര്‍ പി സുനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ ജനറല്‍
സെക്രട്ടറി പി എച്ച് എം ഇസ്മയില്‍, കെജിഒഎ ജനറല്‍സെക്രട്ടറി കെ ശിവകുമാര്‍,
സെറ്റോ ഭാരവാഹി എസ് കെ ജയകുമാര്‍, ഇറവൂര്‍ പ്രസന്നകുമാര്‍ എന്നിവരും
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി 09.10 .2012
No comments:
Post a Comment