(മലയാളം പോര്ടലില് നിന്ന് http://malayal.am/node/22566)
റെജി പി. ജോര്ജ് (ന്യൂ യോര്ക്ക് )
റിട്ടയർമെന്റ് പ്ലാനുകൾ എന്നാണ് പെൻഷൻ സാധാരണ അമേരിക്കയിൽ
അറിയപ്പെടുന്നത്. റിട്ടയർമെന്റ് പ്ലാനുകൾ സാധാരണയായി
സർക്കാർ, തൊഴിൽ ദാതാക്കളുടെ സംഘടനകൾ, തൊഴിലാളി
യൂണിയനുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നീ സ്ഥാപനങ്ങൾ ആണ്
നടത്താറുള്ളത്. പെൻഷൻ സാധാരണ സിവിയറൻസ് പേ (Severance Pay) ആയി
തെറ്റിദ്ധരിക്കാറുണ്ട്. പെൻഷൻ ഒരു നിശ്ചിത സമയപരിധിയിൽ
തുടർച്ചയായി കൊടുക്കുന്ന തുകയാണ്. എന്നാൽ സിവിയറൻസ് പേ
എന്നത് ഒറ്റതവണയായി നല്കുന്ന ഒരു തുകയാണ്. റിട്ടയർമെന്റ്
പ്ലാനുകൾക്കുമേലുള്ള നിയന്ത്രണം മുകളിൽ പറഞ്ഞിരിക്കുന്ന
പെൻഷൻ നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്കാണ്. എന്നാൽ സിവിയറൻസ്
പേയുടെ മേലുള്ള നിയന്ത്രണം അതാതു വ്യക്തികൾക്കുമാണ്.
ഇന്ന് കോണ്ട്രിബ്യൂട്ടറി പെൻഷൻ എന്നോ ഡിഫൈൻഡ്
കോണ്ട്രിബ്യൂട്ടറി പ്ലാൻ എന്നൊ ഒക്കെ അറിയപ്പെടുന്ന പ്ലാനുകൾ
പെൻഷൻ അല്ല മറിച്ച് അതൊരു സിവിയറൻസ് പേ മാത്രമാണ്.
അമേരിക്കയിൽ Internal Revenue Code (Title 26) Section 401(k) എന്ന
നിയമത്തിലൂടെ രൂപപ്പെടുത്തിയ 401(k) എന്ന് പൊതുവെ
അറിയപ്പെടുന്ന സേവിങ്സ് അക്കൌണ്ട് ആണ് ഇത്. ഇത് ഒരു പെൻഷൻ അല്ല,
മറിച്ച് ഒരാൾ റിട്ടയർ ആകുമ്പോൾ പെൻഷനൊപ്പം അയാളുടെ ശമ്പളത്തിൽ
നിന്നും ഒരു വിഹിതം മാസാമാസം ഒരു നിക്ഷേപമാക്കി വളർത്തുവാൻ
സർക്കാർ നിർമ്മിച്ച ഒരു നിയമം ആണ്.
1978 ൽ പ്രാബല്യത്തിൽ വന്ന ഈ നിയമത്തിന്റെ പ്രത്യേകത മാസം
തോറും ശമ്പളമായി ഒരു തുക കൈപ്പറ്റുന്നതിനു പകരം അതിൽ നിന്നു ഒരു
നിശ്ചിത തുക ടാക്സ് കൊടുക്കുന്നതിനു മുമ്പ് റിട്ടയർമെന്റ്
പ്ലാനിലേക്കു മാറ്റാം എന്നതാണ്. അങ്ങനെ മൊത്തം ശമ്പളത്തിനും
ഒരാൾ ടാക്സ് കൊടുക്കുന്നതിനു പകരം അതിൽ ഒരു ഭാഗം ഒരു
നിക്ഷേപമായി മാറ്റാനാവുന്നതും ടാക്സ് കൊടുക്കുന്നത്
ലാഭിക്കലുമാണ് ഇതിലൂടെ ഉള്ള പ്രയോജനം.
ഈ നിക്ഷേപം കഴിച്ചുള്ള തുക മാത്രമേ ടാക്സബിളാവൂ എന്നു
പറഞ്ഞല്ലോ. എന്നാല് ഈ നിക്ഷേപം റിട്ടയര് ആകുംമുമ്പ്
ഇടയ്ക്കുവച്ചു് പിന്വലിച്ചാല് നിക്ഷേപിച്ച പണവും അതിനുമേല്
ലഭിച്ച വരുമാനവും തിരികെ ടാക്സബിളാവും.
1978കളിൽ ഒരു വർഷം 10,000 ഡോളർ വരെ ഇങ്ങനെ
നിക്ഷേപിക്കാമായിരുന്നു എങ്കിൽ ഇപ്പോൾ ഏതാണ്ട് 17,000 ഡോളർ ആണ്
ടാക്സ് കൊടുക്കാതെ ഒരു വർഷം ശമ്പളത്തിൽ നിന്നും
നീക്കിവയ്ക്കാവുന്നത്. അതായത് 50,000 ഡോളർ വാർഷിക വരുമാനം
ഉള്ള ഒരാൾ ആ വർഷം 3,000 ഡോളർ ഇങ്ങനെ മാറ്റിയാൽ അയാൾ ബാക്കി വരുന്ന
47,000 ഡോളറിനു മാത്രം ടാക്സ് കൊടുത്താൽ മതി. അപ്പോൾ അയാൾ
നിലവിലുള്ള ടാക്സ് ബ്രായ്ക്കറ്റിനു പുറത്തുവരുകയും
കൊടുക്കേണ്ട ടാക്സ് കുറയുകയോ പൂർണ്ണമായി ഇല്ലാതാവുകയോ
ചെയ്യും.
അമേരിക്കയിൽ പെൻഷൻ പ്രതിസന്ധിയെകുറിച്ചു സംസാരിക്കുന്ന
ഒട്ടുമിക്ക സാമ്പത്തിക വിദഗ്ദ്ധരും എഴുത്തുകാരുമൊക്കെ
ഡിഫേഡ് കോണ്ട്രിബ്യൂഷൻ അല്ലെങ്കിൽ 401(k) എന്നത് ഒരു പെൻഷൻ അല്ല
മറിച്ച് പെൻഷനെ കൊന്നിട്ട് അതിന്റെ സ്ഥാനം കൈക്കലാക്കുന്ന
സംവിധാനം എന്നുമാത്രമാണ് വിശേഷിപ്പിക്കാറുള്ളത്. 1980ൽ ടെഡ്
ബെന്നാ എന്ന ഒരു ഫൈനാൻസ് കൺസൾട്ടന്റ് അയാളുടെ ഒരു
ക്ലയന്റിന്റെ സാമ്പത്തിക കാര്യങ്ങൾ
പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിലാക്കിയതാണ്
തൊഴിലാളികൾക്ക് ടാക്സ് ലാഭിച്ചുകൊണ്ട് റിട്ടയർമെന്റ്
വരുമാനമായി ഈ 401(k) യെ മാറ്റുവാൻ കഴിയും എന്നത്.
അങ്ങനെ കൃഷിയുടെ ഇടയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കാത്ത
ഒരു കളപോലെ കൃഷിക്ക് ഒപ്പം വളർന്നു കൃഷിയെ മൊത്തമായി
തിന്നുനശിപ്പിച്ച കഥയാണ്, റിട്ടയർമെന്റു കാലത്തേക്ക് ചെറിയ
കരുതല് നിക്ഷേപത്തിനും അല്പം ടാക്സ് ലാഭിക്കലിനുമായി
തുടങ്ങിയ 401(k)ക്ക് പറയുവാനുള്ളത്. കടന്നുപോയ വർഷങ്ങളിൽ
ബാങ്കുകൾ അടച്ചുപൂട്ടിക്കൊണ്ടിരുന്നപ്പോൾ അമേരിക്കയിലെ
ബഹുഭൂരിപക്ഷത്തിന്റേയും ചോദ്യം സാമ്പത്തിക
പ്രതിസന്ധിയെപറ്റി ആയിരുന്നില്ല, മറിച്ച് ഈ സാമ്പത്തിക
പ്രതിസന്ധി എങ്ങനെ തങ്ങളുടെ 401(k) നിക്ഷേപത്തെ ബാധിക്കും
എന്നായിരുന്നു. എന്നു പറഞ്ഞാൽ ഒരു റിട്ടയർമെന്റ് സാധ്യമാകുമോ
എന്ന ചോദ്യം.
ഏതാണ്ട് 3 ട്രില്യൺ യുഎസ് ഡോളറിൽ അധികം നിക്ഷേപം ഉള്ള ഈ
401(k) ആണ് അമേരിക്കയിലെ ഏറ്റവും ജനപ്രിയ റിട്ടയർമെന്റ് നിക്ഷേപ
പദ്ധതി. അതിൽ 2 ട്രില്യൻ യുഎസ് ഡോളർ ആണ് സാമ്പത്തിക മാന്ദ്യത്തിൽ
ഒലിച്ചുപോയത്. 1990കളിൽ അതിവേഗത്തിൽ വളർന്നുകൊണ്ടിരുന്ന
കമ്പനികളിലെ തൊഴിലാളികൾ അവരുടെ 401(k)യുടെ 90% ഉം അതേ
കമ്പനികളുടെ സ്റ്റോക്കിൽ തന്നെ നിക്ഷേപിച്ചു. എൻറോണും, വേൾഡ്
കോമും 2001-2002 കാലത്തു തകർന്നു തരിപ്പണമാകുമ്പോൾ 800 മില്യൺ
അമേരിക്കൻ ഡോളർ 401(k) നിക്ഷേപമാണ് അതോടൊപ്പം പോയത്.
ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം 2007 മുതൽ ഏതാണ്ട് 401(k)യുടെ
20% ആണ് കൊണ്ടുപോയത്. ഇന്ന് അമേരിക്ക മുഴുവൻ ഉയരുന്ന ചോദ്യവും
കോണ്ട്രിബ്യൂട്ടറി പെൻഷൻ എന്ന് പരക്കെ അറിയപ്പെടുന്ന
401(k)യുടെ വിശ്വാസ്യതയാണ്. എത്ര ആളുകൾക്ക് റിട്ടയർ ചെയ്യുവാൻ
സാധിക്കും? റിട്ടയർ ചെയ്യുന്നവർക്ക് മാന്യമായ ഒരു
റിട്ടയർമെന്റ് ജീവിതം സാധ്യമാണോ?
The Society of Professional Asset-Managers and Record Keepers
പറയുന്നത് അമേരിക്കയുടെ തൊഴിൽ സേനയുടെ 50% അല്ലെങ്കിൽ ഏതാണ്ട്
73 മില്യൺ അമേരിക്കക്കാരുടെ റിട്ടയർമെന്റ് സമ്പാദ്യം 401(k)ൽ
നിക്ഷിപ്തം ആണെന്നാണ്. ഒരു സമൂഹമെന്ന നിലക്ക് അമേരിക്കയിൽ
തൊഴിൽ ചെയ്യുന്നവർ ഏതാണ്ട് 200 ബില്യൺ ഡോളർ ഓരോ വർഷവും ഈ
അക്കൌണ്ടുകളിൽ നിക്ഷേപിക്കുന്നു എന്നാണ്. പക്ഷെ ഇവരൊക്കെ
റിട്ടയർ ചെയ്യുന്നത് മെച്ചപ്പെട്ട സമ്പാദ്യവുമായിട്ടാണോ?
ഈ കാര്യത്തിൽ ഒരു പന്തയത്തിന്റെ ആവശ്യമേ ഇല്ല! ആവറേജ്
401(k)യിലെ ബാലൻസ് 45,519 അമേരിക്കൻ ഡോളർ മാത്രമാണ്.
എന്നുപറഞ്ഞാൽ പുത്തൻ പെൻഷൻ അക്കൌണ്ടുകളിൽ 60 വയസ്സുമുതൽ
അടുത്ത 75-80 വയസ്സുവരെ ഒരു അമേരിക്കക്കാരൻ ജീവിക്കുവാൻ
ബാക്കിയുള്ള റിട്ടയർമെന്റ് സമ്പാദ്യമാണ് ഈ തുക. രണ്ടു വർഷം
കോളേജിൽ പോയി പഠിക്കുവാൻ ഇതിനേക്കാൾ കൂടുതൽ തുക അമേരിക്കയിൽ
ചെലവാക്കണം.
ഞെട്ടിക്കുന്ന കണക്ക് മറ്റൊന്നാണ്. 401(k) എന്ന
കോണ്ട്രിബ്യൂട്ടറി പെൻഷനിൽ അക്കൌണ്ടുള്ള അമേരിക്കക്കാരിൽ 46%
നു 10,000 അമേരിക്കൻ ഡോളറിൽ താഴെ മാത്രമാണ്
സമ്പാദ്യമായിട്ടുള്ളത്.
ഇന്നത്തെ കണക്കുപ്രകാരം വെറും 21%
അമേരിക്കകാർക്കുമാത്രമേ പരമ്പരാഗത പെൻഷൻ ആയ defined benefit
pension plan ന്റെ പരിരക്ഷ ഉള്ളൂ. ഈ ശതമാന കണക്ക് വളരെ വേഗത്തിൽ
ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ബോസ്റ്റൺ കോളേജിലെ Center for
Retirement Research മേധാവി അലിഷാ മുന്നെൽ പറയുന്നത് 401(k)
പ്ലാനിനെ അതിന്റെ പൂർവ്വ സ്ഥിതിയിലേക്കു മടക്കിക്കൊണ്ടുപോയി
റിട്ടയർമെന്റ് പ്ലാനിനും സോഷ്യൽ സെക്യൂരിറ്റിക്കും ഒപ്പം ഒരു
മൂന്നാമത്തെ സമ്പാദ്യമാക്കി മാറ്റേണ്ട സമയമായിരിക്കുന്നു
എന്നാണ്. ഈ 401(k) ഒന്നും വാർദ്ധക്യ കാലത്ത് റിട്ടയർമെന്റ്
ജീവിതത്തിൽ ആശ്വാസമാവും എന്ന് നമുക്ക് വിശ്വസിക്കാനാവില്ല
എന്ന് അവർ തുടരുന്നു. Government Accountability Office പറഞ്ഞത്
401(k) എന്ന കോണ്ട്രിബ്യൂട്ടറി പെൻഷനെ നിയന്ത്രിച്ചില്ലെങ്കിൽ
നല്ലൊരുശതമാനം അമേരിക്കക്കാരനെയും കാത്തിരിക്കുന്നത് വളരെ
ദയനീയമായ റിട്ടയർമെന്റ് ജീവതമാവും എന്നാണ്.
ഫൈനാൻസ് പ്ലാനിംഗ് എന്ന തൊഴിൽ മൊത്തം ഒറ്റക്കെട്ടായി വളരെ
സമർപ്പണത്തോടുകൂടെ അമേരിക്കക്കാരോടു തുടർച്ചയായി
പറയുന്നത് നിങ്ങളുടെ റിട്ടയർമെന്റിനു നിങ്ങൾ കാശുമുടക്കണം
എന്നാണ്. 401(k) ആണ് റിട്ടയർമെന്റിന്റെ മുഖ്യ ഘടകമായിട്ട്
ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികളെ കോളജിൽ വിടുവാനൊ
സ്വന്തമായി വീടുവാങ്ങുവാനൊ കഴിവില്ലാത്തവരോടുപോലും
പറയുന്നത് നിങ്ങളുടെ റിട്ടയർമെന്റിനുവേണ്ടി 401(k) നിക്ഷേപം
ആരംഭിക്കു എന്നാണ്.
ഇത് അത്ര മോശമായ ഒരു ഉപദേശം ഒന്നും അല്ല. കാരണം ഈ
നിക്ഷേപത്തിന് ടാക്സ് കൊടുക്കേണ്ടതില്ല, ആരോഗ്യ ഇൻഷ്വറൻസ്
പോലെ തൊഴിൽ നഷ്ടപ്പെട്ടാലും ഈ നിക്ഷേപം നിങ്ങൾക്കു
നഷ്ടപ്പെടില്ല. ഒക്കെ ശരിയാണ്. ഇതൊക്കെ വിശ്വസിച്ച
അമേരിക്കക്കാർ തങ്ങളുടെ റിട്ടയർമെന്റിനുവേണ്ടി മറ്റ്
എന്നത്തേക്കാളും അധികം നിക്ഷേപങ്ങൾ നടത്തി.
എന്നിട്ടെന്തുണ്ടായി? കഴിഞ്ഞുപോയ ചില വർഷങ്ങൾ കാട്ടിത്തന്നത്,
അവരുടെ ഈ പുത്തൻ നിക്ഷേപങ്ങൾക്കൊപ്പം തങ്ങളുടെ ബാങ്ക്
അക്കൌണ്ടുകൾ പോലും കൂടുതൽ അപകടത്തിൽ ആകുന്നതാണ്. തൊഴിൽ
ദാതാവ് ഉറപ്പുതന്നിരുന്ന സാധരണ പെൻഷന്റെ
കാലത്തേതിനേക്കാളും കുറഞ്ഞ തുകമാത്രമായിരിക്കും
റിട്ടയർമെന്റ് കാലത്തെ പെൻഷൻ വരുമാനം 401(k)യിലൂടെ. 44%
അമേരിക്കക്കാരും തങ്ങളുടെ സമ്പാദ്യം എല്ലാം നഷ്ടപ്പെടുന്ന
അവസ്ഥയിലാണ് ഇന്ന്.
ഇൻസ്റ്റന്റ് ക്യാമറയും ഫിലിമും നിർമ്മിക്കുന്ന പോളറോയ്ഡ്
കോർപ്പറേഷനിലെ ആയിരക്കണക്കിനു ജോലിക്കാരിൽ ഒരാളായ ബെറ്റി
മോസ്സിന്റെ കഥ ഒരു ഉദാഹരണമാണ്. കമ്പനിയെ മറ്റൊരു
കോർപ്പറേറ്റ് ടേക് ഓവറിൽ നിന്നും രക്ഷിക്കുവാൻ കൂടെയാണ്
തങ്ങളുടെ ശമ്പളത്തിന്റെ 8% കമ്പനിയുടെ ഓഹരിയാക്കി മാറ്റി
റിട്ടയർമെന്റ് ബെനഫിറ്റ് പ്രോഗ്രാമിൽ ചേർക്കുന്നത്.
ഡിജിറ്റൽ വിപ്ലവത്തിന്റെ കാലത്ത് പോളറോയ്ഡ് കമ്പനി വലിയ
മാറ്റങ്ങൾക്കു തയ്യാറാകാതിരുന്നതിനാൽ ആണ് 1995-1998 കാലത്ത്
359 മില്യൺ ഡോളറിന്റെ നഷ്ടം കമ്പനിക്കു നേരിടേണ്ടിവന്നത്.
കമ്പനിയുടെ ബാലൻസ് ഷീറ്റ് അതോടെ കുത്തുപാള എടുത്തുതുടങ്ങി.
തൊഴിലാളികൾക്കു വിറ്റ ഓഹരിയുടെ വിലയും അതോടെ തകർന്നു
തരിപ്പണമായി. ഒക്ടോബർ 2001ൽ പോളറോയ്ഡ് പാപ്പർ ഹർജി ഫയൽ ചെയ്തു.
അതോടെ പോളറോയ്ഡിന്റെ ഷെയർ വില 1997ലെ 60 ഡോളറിൽ നിന്നും ഒരു
കുപ്പി കൊക്ക കോളയുടെ വിലയ്ക്കും താഴേക്കുവന്നു പതിച്ചു.
ബെറ്റി മോസ്സിനെപ്പോലുള്ള 6000 തൊഴിലാളികളുടെ 300 മില്യൺ
ഡോളറിന്റെ റിട്ടയർമെന്റ് സമ്പാദ്യം കമ്പനിയുടെ ഷെയർ എന്ന
കോണ്ട്രിബ്യൂട്ടറി പെൻഷൻ എന്നൊ സിവിയറൻസ് പേ എന്നൊ
വിളിക്കാവുന്ന നിക്ഷേപഖനിയിൽ നിന്നും 9 അമേരിക്കൻ നയാപൈസ
വിലയ്ക്ക് ജീവനക്കാരിൽ നിന്നും കമ്പനി തിരികെ വാങ്ങി. പലർക്കും
100,000 മുതൽ 200,000 വരെ അമേരിക്കൻ ഡോളർ ആണു ഒറ്റയടിക്കു
നഷ്ടമായത്.
അമേരിക്കയിൽ മനുഷ്യർ തൊഴിൽ ചെയ്യുവാൻ സ്വപ്നംകാണുന്ന ഒരു
സ്ഥലം എന്നാണ് അവർ കമ്പനികളെ വിശേഷിപ്പിക്കാറുള്ളത്. 2005ൽ 60
വയസ്സുണ്ടായിരുന്ന ബെറ്റി 35 വർഷം പോളറോയ്ഡ് കമ്പനിയിൽ
ജോലിചെയ്തു. ഒരു ഫയൽ ക്ലർക്കായി തുടങ്ങി ഏറ്റവുമൊടുവില്
സീനിയർ റീജനൽ ഓപ്പറേഷൻസ് മാനേജർ ആയി അറ്റ്ലാന്റയിൽ
സേവനമനുഷ്ഠിച്ചു. തൊഴിലാളികൾക്കു റിട്ടയർമെന്റ്
നിക്ഷേപമായി കമ്പനിയുടെ ഓഹരി വാങ്ങുവാൻ അവസരം വന്നപ്പോൾ
ബെറ്റി ഓർക്കുന്നു, എല്ലാ തൊഴിലാളികളും അതിനുപിന്നാലെ
പായുകയായിരുന്നു. പറഞ്ഞുവിശ്വസിപ്പിച്ചതിന്പ്രകാരമാണ്
തൊഴിലാളികളെല്ലാം അതിനുപിന്നാലെ പാഞ്ഞത്.
പോളറോയ്ഡ് പാപ്പർ ഹർജി നല്കിയതോടെ ബെറ്റിയും അവരുടെ
റിട്ടയർ ചെയ്ത സഹപ്രവർത്തകരും ഒരു കൈയ്ക്കുന്ന പാഠം പഠിച്ചു.
പഴയ പോളറോയ്ഡ് കമ്പനിയുടെ മൂല്യത്തിന്റെ മുന്നിൽ
ഒന്നുമല്ലാത്ത 255 മില്യൺ ഡോളറിനു കമ്പനി വിറ്റുപോയി. അതിൽ
തന്നെ പുത്തൻ മുതലാളിമാർ ഉപയോഗിച്ചത് പോളറോയ്ഡ് കമ്പനിയുടെ
തന്നെ 138 മില്യൺ ഡോളർ ആണ്. ദോഷം പറയരുതല്ലോ, ബാങ്ക്റപറ്റ്സി
കോടതി പാവം പിടിച്ച തൊഴിലാളികളെ വിട്ടത് വെറും കൈയോടെ അല്ല.
ബെറ്റി മോസ്സ് ഒരിക്കലും മറക്കില്ല ആ ദിവസം. അവർക്ക് 47
ഡോളറിന്റെ ഒരു ചെക്ക് കൈയിൽ കിട്ടി!
"നിങ്ങൾ ഈ തമാശയും കൂടെ കേൾക്കണം," ബെറ്റി പറയുന്നു; "ആ
ദിവസം അടുത്തുള്ള മക്ഡൊണാൾഡിൽ ഞങ്ങൾ തൊഴിലാളികൾ കൂടി ആ 47
ഡോളർ തീർത്തിട്ടാണ് വന്നത്."
ഫോർച്യൂൺ മാഗസിന്റെ കോളമിസ്റ്റും എഡിറ്ററും പിന്നീട്
ന്യൂയോർക്ക് ടൈംസിന്റെ ബിസിനസ്സ് കോളമിസ്റ്റുമായി മാറിയ
പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ജോ നോസെറാ കഴിഞ്ഞ ഏപ്രിലിൽ
അദ്ദേഹത്തിന്റെ അറുപതാം ജന്മദിനത്തിന് ന്യൂയോർക്ക് ടൈംസിൽ
എഴുതിയത് ഇങ്ങനെയാണ്:
"
60 വയസ്സ് ആകുക എന്നുപറഞ്ഞാൽ പുത്തൻ 50 ആണെന്നത് തീർച്ചയായും തെറ്റാണ്. എന്റെ ശരീരം ക്ഷീണിക്കയും ഞെരിപിരികൊള്ളുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്റെ കണ്ണുകൾ ആ പഴയ കണ്ണുകൾ അല്ല, ഇപ്പോൾ. കടന്നുപോയ ഏതാനും വർഷങ്ങളിൽ ഞാൻ ഉറങ്ങിയതുപോലെയുള്ള ഉറക്കം ഒന്നും ഇപ്പോൾ എനിക്കു കിട്ടാറില്ല. സ്ഥിരമായി ഡോക്ടറെ കാണാറുണ്ട്. പെട്ടെന്ന് വീട്ടിലെത്തി സ്വസ്ഥമാകുവാനുള്ള ആഗ്രഹം ഓടിക്കടന്നുവരുന്നു. ഇൻഷ്വറൻസ്, വില്പത്രം തയ്യാറാക്കൽ എന്നിങ്ങനെയുള്ള പലതും ചെയ്ത് തീർക്കണം. എന്റെ ചെക് ലിസ്റ്റിൽ ഇപ്പോഴും ഇല്ലാത്ത ഒരു കാര്യം എന്റെ 401(k) പ്ലാൻ ആണ്. എന്റെ റിട്ടയർമെന്റ് ജീവിതത്തെ സംരക്ഷിക്കേണ്ട ഈ പ്ലാൻ മിക്കവാറും തരിപ്പണമായിരിക്കയാണ്.
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ ബേബീ ബൂമേഴ്സ് തലമുറയിലെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ ഈ പദ്ധതി ആരംഭിച്ച 1970കളുടെ ഒടുക്കത്തിൽ ഞാനും എന്റെ പണം 401(k)യിൽ നിക്ഷേപിച്ചു. 1982 കളിലെ സ്റ്റോക് മാർക്കറ്റ് കുതിച്ചുചാട്ട സമയത്ത് ഒരു യുവ പത്രപ്രവർത്തകനായ എനിക്ക് അധികം പണം ഒന്നും ഇല്ലായിരുന്നു, നിക്ഷേപിക്കുവാൻ. പക്ഷെ മാർക്കറ്റ് ഉണർന്നതിനനുസരിച്ച് എന്റെ 401(k) അക്കൌണ്ടും വളർന്നു. ബുൾ മാർക്കറ്റ് എന്റെ നിക്ഷേപത്തിനുള്ള കഴിവിനെയും പെരുപ്പിച്ച് ബലൂൺ പോലെ വീർപ്പിച്ചു.
ഈ പുത്തൻ നിക്ഷേപ സംസ്കാരത്തിൽ ആകൃഷ്ടനായ ഞാൻ എന്റെ ആദ്യ പുസ്തകം എഴുതി. 1990ൽ അതിനു ഞാൻ പേരിട്ടത് “പണത്തിന്റെ ജനാധിപത്യവത്കരണം” എന്നാണ്. 2000ൽ ബലൂണിന്റെ കുമിള പൊട്ടുന്നതുപോലെ സ്റ്റോക്മാർക്കറ്റ് പൊട്ടി എന്റെ പോർട്ട്ഫോളിയോ അതിന്റെ പകുതിയിലേക്ക് താണുപോയി.
ഇപ്പോഴും 60ആമത്തെ വയസ്സിൽ എനിക്കു പണിചെയ്യുവാൻ കഴിയും. ഒരു നിർബന്ധിത റിട്ടയർമെന്റ് പ്രായം എന്റെ ജോലിക്ക് ഇല്ല. വലിയ ഭാരം ഒന്നും ഉയർത്തുകയൊ ചുമക്കുകയൊ ചെയ്യേണ്ട ആവശ്യം ഇല്ല. എന്തെങ്കിലും പരിക്കുപറ്റിയാൽ എനിക്ക് ഒരു അസിസ്റ്റഡ് ലിവിംഗ് ഇൻഷ്വറൻസ് ഉണ്ട്. അല്ലാത്ത പക്ഷം എഴുത്തു തുടരുവാൻ കഴിയും. പക്ഷെ എന്റെ തലമുറയിലെ ലക്ഷക്കണക്കിനു ആളുകൾ എന്നേപ്പോലെ അല്ല. സ്റ്റോക്മാർക്കറ്റിൽ നിക്ഷേപിക്കുവാനുള്ള താത്പര്യം അവരുടെ റിട്ടയർമെന്റിനെ ഇല്ലാതാക്കി."
പെൻഷനെ ഇല്ലാതാക്കുന്നത് ബുഷ് ഭരണകൂടവും അമേരിക്കൻ
കോൺഗ്രസ്സും, വാൾസ്ട്രീറ്റും ഒരു പൊതുധാരണയുടെ
അടിസ്ഥാനത്തിൽ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ്.
പെൻഷൻ പ്രതിസന്ധി എന്നുപറയുന്നത് സർക്കാർ പെൻഷൻ
കൊടുക്കുവാൻ മാറ്റിവച്ചിരിക്കുന്ന പണമൊ അതിന്റെ സ്രോതസൊ
സർക്കാരിന്റെ പെൻഷൻ കടമകളുമായി ഒത്തുപോകാതെ വരുന്നതിൽ
നിന്നും ഉണ്ടാകുന്നതാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് പല
കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. പാശ്ചാത്യലോകം നേരിടുന്ന പ്രധാന
വെല്ലുവിളി ഒരു രാജ്യത്തെ അല്ലെങ്കിൽ ഒരു സംസ്ഥാനത്തെയൊ,
പഞ്ചായത്തിലെയൊ ജനസംഖ്യയിലുണ്ടാവുന്ന മാറ്റമാണ്. റിട്ടയർ
ചെയ്യുന്ന ആളുകൾക്ക് ആനുപാതികമായി പുതിയ തലമുറയിൽ നിന്നും
ജീവനക്കാരെയും തൊഴിലാളികളെയും കിട്ടാതെ വരുന്നതുമൂലം ഉള്ള
പ്രതിസന്ധി.
തൊഴിൽ ചെയ്യുന്നവരിൽ നിന്നും സ്വീകരിക്കുന്ന സോഷ്യൽ
സെക്യൂരിറ്റി ടാക്സ് കൊണ്ടാണ് റിട്ടയർ ചെയ്യുന്നവർക്ക്
സർക്കാർ തങ്ങളുടെ ക്ഷേമപെൻഷൻ നല്കാറുള്ളത്. 1970ൽ ഒരാൾ റിട്ടയർ
ചെയ്യുമ്പോൾ 5.3 പേർ ആയിരുന്നു പകരം
ജോലിചെയ്യുന്നവരായിട്ടുണ്ടായിരുന്നത്. 2010ൽ ഇത് ഒരാൾക്ക്
4.5 എന്ന കണക്കിലേക്ക് കുറഞ്ഞു. 2050 ആകുമ്പോഴേക്കും ഇത് 2.6 എന്ന
അവസ്ഥയിലേക്ക് എത്തും എന്നാണ് കണക്കുകൾ പറയുന്നത്. ഇതിനു പല
കാരണങ്ങൾ ഉണ്ട്. കുറഞ്ഞ ജനന മരണ നിരക്കുകൾ തന്നെ പ്രധാനം.
റിട്ടയർ ചെയ്യുന്നവർ കൂടുതൽ കാലം ജീവിക്കുന്നു. അതിന്
ആനുപാതികമായി ജനസംഖ്യയിൽ 20-64 വയസ്സുവരെയുള്ളവരുടെ എണ്ണം
ഇല്ല എന്നത്.
2008ഓടുകൂടെ അമേരിക്കയിലെ പെൻഷൻ ഫണ്ടുകൾ ഒരു ട്രില്യൺ ഡോളർ
കുറവ് ഉണ്ടായിരുന്നു. ഇത് രൂപയുടെ മൂല്യം കണക്കാക്കുന്ന (The present value)
രീതി അനുസരിച്ച് 2010 ഓഗസ്റ്റിൽ ഏതാണ്ട് 5.4 ട്രില്യൺ ഡോളർ വരും. ഈ
പറയുന്ന തുക ഇന്നത്തെയൊ നാളത്തെയൊ ആവശ്യത്തിനുള്ളത് അല്ല.
മറിച്ച്, വരുന്ന 75 വർഷത്തേക്ക് അമേരിക്കയിലെ സോഷ്യൽ
സെക്യൂരിറ്റി ലഭിച്ചുകൊണ്ടിരിക്കുന്നവർക്കും ഈ കാലത്ത്
സോഷ്യൽ സെക്യൂരിറ്റി പെൻഷനിലേക്ക് വരുന്നവർക്കും
കൊടുക്കേണ്ട പെൻഷനു ടാക്സ് റവന്യുവിൽനിന്നുള്ള വരുമാനത്തിൽ
വരുന്ന കുറവ് നികത്തുവാൻ ഉള്ളതാണ് ഈ തുകയും അതിന്റെ
പലിശയും.
ഈ 5.4 ട്രില്യന് ഡോളറിന്റെ കമ്മി കണ്ടെത്തുവാൻ
അമേരിക്കക്കുമുന്നിൽ പല മാർഗ്ഗങ്ങൾ ഉണ്ട്. ജോലിചെയ്യുന്നവരും
റിട്ടയർ ചെയ്യുന്നവരുമായുള്ള അന്തരം കുറയ്ക്കുക, അതിനു
റിട്ടയർമെന്റ് പ്രായം കൂട്ടുക. പങ്കാളിത്തപെൻഷൻ,
പെൻഷനിലേക്കുള്ള മുടക്ക് കൂട്ടുക, സോഷ്യൽ സെക്യൂരിറ്റി
ടാക്സ് കൂട്ടുക ഇങ്ങനെ പലതും ഉണ്ട്.
പങ്കാളിത്ത പെൻഷൻ നടപ്പിലാകുന്നതിന്റെ വലിയ ദുരിതങ്ങൾ
ഒന്നും അനുഭവിക്കേണ്ടി വരില്ലാത്ത കേരളത്തിലെ സർക്കാർ
ജീവനക്കാർ ആണ് സമരത്തിനു മുന്നിട്ടിറങ്ങിയത്. അവർ
ആക്രമിക്കപ്പെട്ടു, അറസ്റ്റു ചെയ്യപ്പെട്ടു, ശമ്പളം
നഷ്ടപ്പെട്ടു. പക്ഷെ ഈ സമരത്തെ എതിർക്കുവാൻ പലകാരണങ്ങൾ പറഞ്ഞ
മദ്ധ്യവർഗ്ഗം അറിയാതെ പോയ ഒരു കാര്യം ഉണ്ട്.
ഇന്ത്യ വാൾമാർട്ട് അടക്കമുള്ള മൾട്ടി നാഷണൽ കമ്പനികൾക്ക്
വാതിൽ മലർക്കെ തുറക്കുകയാണ്. അതു വന്നില്ലെങ്കിൽ പോലും സ്വദേശി
കുത്തകകൾ ഇഷ്ടം പോലെ ഉണ്ട്. ടാറ്റാ, ബിർളാ, മുതൽ അമ്പാനി
പുത്രന്മാർ വരെ.
നാളെ ഈ കമ്പനികളിലൊക്കെ ജോലി തേടി എത്തുന്നവരോടും
കമ്പനികൾ പറയുവാൻ പോകുന്നത് ഞങ്ങളുടെ കമ്പനിയുടെ പങ്കാളിത്ത
പെൻഷനിൽ ചേർന്നേ മതിയാവു എന്നാവും. ശമ്പളത്തിന്റെ 10%
കമ്പനിയുടെ ഷെയറായിട്ട് മാറും. 60 വയസ്സിൽ റിട്ടയർ
ചെയ്യുമ്പോൾ ഈ പറയുന്ന കമ്പനികളിൽ എത്ര എണ്ണം കാണും, 10% തിരികെ
കോണ്ട്രിബ്യൂട്ടറി പെൻഷൻ ആയിട്ടു നല്കുവാൻ?