Tuesday, January 8, 2013

പെന്‍ഷന്‍കൊടുക്കാന്‍ കാശില്ലാഞ്ഞിട്ടാണെന്നു കരുതിയോ?

സെബിന്‍ എബ്രഹാം ജേക്കബ്‌ 

പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്ന ലോകബാങ്ക് നിര്‍ദ്ദേശത്തിനു പിന്നില്‍ obvious ആയ കമ്പോളലക്ഷ്യം ഉണ്ടായിരുന്നു. ഇല്ലാതാവുന്ന ഓരോ പൊതുടാപ്പും വലിയ ബിസിനസ് പൊട്ടന്‍ഷ്യലാണു് പ്രധാനം ചെയ്യുന്നതു്. വഴിനടക്കുമ്പോള്‍ ദാഹിച്ചാല്‍ മുമ്പു പൈപ്പുവെള്ളം കുടിച്ചിരുന്നവര്‍ മിനിമം സോഡാ നാരങ്ങായെങ്കിലും വാങ്ങിക്കുടിക്കും. സോഫ്റ്റ് ഡ്രിങ്ക് മുതല്‍ കുപ്പിവെള്ളം വരെ മാത്രമല്ല, ആ ബിസിനസ് സാധ്യത. പൊതുടാപ്പില്ലാതാവുന്നതോടെ തട്ടുകടകള്‍ക്കു് വെള്ളം ദൂരെ നിന്നു കൊണ്ടുവരേണ്ടിവരുന്നു. അതു് തട്ടുകടകളെ ബിസിനസ് എന്ന നിലയില്‍ അനാകര്‍ഷകമാക്കുകയും, നല്ല വെള്ളത്തിന്റെ അലഭ്യതയാല്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ തട്ടുകടയെ ആശ്രയിക്കാതിരിക്കാന്‍ പ്രേരണയാവുകയും ചെയ്യും. ഇതിന്റെ ഗുണം പക്ഷെ ലൈസന്‍സ് ഉള്ള, കൂടുതല്‍ വിലയ്ക്കു് അതേ ഭക്ഷണസാധനം വില്‍ക്കുന്ന, റെസ്റ്ററന്റിനു ലഭിക്കും. അതായതു്, പണത്തിന്റെ വിനിമയം ഫലത്തില്‍ കൂട്ടും. അല്ലാതെ പൊതുടാപ്പിലൂടെ വെള്ളം ഒഴുകി നഷ്ടമാവുന്നതിനാലാണു് അവര്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ടതെന്നൊക്കെ അന്നുകേട്ട വായ്ത്താരിയില്‍ ഒരു കാര്യവുമില്ല.

പങ്കാളിത്ത പെന്‍ഷന്റെ കാര്യവും അതേപോലെയാണു്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായമാണു് സര്‍ക്കാര്‍ സര്‍വ്വീസിനെ ആകര്‍ഷകമാക്കി നിലനിര്‍ത്തിയ ഘടകം. അതു നല്‍കുന്ന ജീവിതസുരക്ഷ നിമിത്തം മിടുക്കുള്ള ഒട്ടേറെപ്പേര്‍ സിവില്‍ സര്‍വ്വീസിലേക്കു് കടന്നുവന്നു. വലിയ തോതില്‍ പണം ചെലവഴിക്കുന്ന, അതും ധൂര്‍ത്തടിക്കുന്ന, സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിന്റെ ജീവനക്കാരായി എത്തുന്ന ചെറുശതമാനത്തിനു് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്നതു് അത്രവലിയ ബാധ്യതയൊന്നുമല്ല. പക്ഷെ പെന്‍ഷന്‍ കിട്ടാത്ത മറ്റു ജോലിക്കാര്‍ക്കാവട്ടെ, സര്‍ക്കാര്‍ ജീവനക്കാരോടു് അസൂയയുണ്ടുതാനും. ഈ അസൂയയെ മുതലെടുത്തുകൊണ്ടാണു്, അവരുടെ പെന്‍ഷന്‍ ആനുകൂല്യത്തില്‍ കമ്പോളത്തെ ഇടപെടുവിക്കുന്നതു്. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ല എന്നുവരുമ്പോള്‍ ഇനിയങ്ങോട്ടു് സര്‍ക്കാര്‍ സേവനം അത്രമാത്രം ആകര്‍ഷകമല്ല എന്നുവരുന്നു. കോണ്ട്രിബ്യൂട്ടറി പെന്‍ഷന്‍ കമ്പോളത്തില്‍ നിക്ഷേപിക്കുന്നതിലൂടെ ജീവനക്കാര്‍ കോണ്ട്രിബ്യൂട്ട് ചെയ്യുന്ന തുകയ്ക്കു് പോലും ഗ്യാരന്റിയില്ല എന്ന അവസ്ഥവരുന്നു.

ഫണ്ടു് വളരുകയേയുള്ളൂ എന്നു ധരിക്കാനാവില്ല. യുഎസില്‍ സംഭവിച്ചതുപോലെ ഒരു മാന്ദ്യം വന്നാല്‍ കമ്പോളത്തിലിറക്കിയ ഫണ്ടൊക്കെ ഒലിച്ചുപോകാം. അപ്പോള്‍ ചെയ്തപണിയില്‍ നിന്നു മിച്ചംപിടിച്ചടച്ച തുകയാവും ഒലിച്ചുപോവുക. ഇതുവെറുതെ പറയുന്നതല്ല. ഈ ഞാന്‍ തന്നെ, വയസ്സാംകാലത്തു പെന്‍ഷന്‍ കിട്ടാന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ടു് മൂന്നുകൊല്ലംമുമ്പു് എസ്ബിഐ ലൈഫിന്റെ പെന്‍ഷന്‍ പ്ലാനില്‍ ചേര്‍ന്നു. മാസം രണ്ടായിരം വച്ചാണു് അടവു്. ഇടയ്ക്കു് ഫണ്ട് വാല്യൂ എത്രയുണ്ടെന്നു് നോക്കിയപ്പോള്‍ അടച്ച ആകെത്തുകയേക്കാള്‍ കുറവായിരുന്നു, അതു്. ഇതേ അവസ്ഥയാണു് ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരെയും കാത്തിരിക്കുന്നതു്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ചു് ഒരുത്തരവിലൂടെ നിലവിലുള്ള ജീവനക്കാരുടെ പെന്‍ഷന്‍ പോലും സ്റ്റാട്ട്യൂട്ടറി സമ്പ്രദായത്തില്‍ നിന്നു് കോണ്ട്രിബ്യൂട്ടറി സംവിധാനത്തിലേയ്ക്കു് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു് അധികാരമുണ്ടു്. ഇത്തവണ ചെയ്തില്ലെങ്കില്‍ പോലും യുഡിഎഫിനു് ഇനി ഒരു ടേം ലഭിക്കുകയാണെങ്കില്‍ അന്നു് ഇതുറപ്പായും നടക്കും. ഇന്നു് സമരം ചെയ്യാന്‍ മുറുമുറുക്കുന്ന ജീവനക്കാരൊക്കെ അന്നു രുചിയറിയും.

പറഞ്ഞുവന്നതതല്ല. സര്‍ക്കാര്‍ സര്‍വ്വീസ് അനാകര്‍ഷകമാക്കുക എന്നതു് കമ്പോളത്തിന്റെ ആവശ്യമാണു്. അതിലൂടെ അല്ലാത്തപക്ഷം സര്‍ക്കാര്‍ സര്‍വ്വീസിനെ ഓപ്റ്റ് ചെയ്യുമായിരുന്ന മികച്ച തലച്ചോറുകളെ കൂടി കമ്പോളത്തിനു് ലഭിക്കുകയാണു്. എല്ലാവരേയും കമ്പോളം ഉള്‍ക്കൊള്ളുമെന്നല്ല. പക്ഷെ മികച്ചതെപ്പോഴും തങ്ങള്‍ക്കു ലഭിക്കണം എന്നു കമ്പോളത്തിനു് നിര്‍ബന്ധമുണ്ടു്. അതിനാണു് മുതലാളിത്തപക്ഷപാതിയായ മന്‍മോഹന്‍സിങ്ങും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയും ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടില്‍ കൈവയ്ക്കുന്നതു്. അല്ലാതെ പെന്‍ഷന്‍കൊടുക്കാന്‍ കാശില്ലാഞ്ഞിട്ടാണെന്നു കരുതിയോ?
http://www.facebook.com/sebinaj/posts/10151408719304083?ref=notif&notif_t=close_friend_activity 

No comments:

Post a Comment