Tuesday, January 8, 2013

ആശങ്കകളുമായി പങ്കാളിത്ത പെന്‍ഷന്‍ (മെട്രോ വാര്‍ത്തയില്‍ നിന്ന്)

അരവിന്ദ് 
പങ്കാളിത്ത പെന്‍ഷന്‍ പാതയിലേക്കിനി കേരള വും. പെന്‍ഷന്‍കാരെ സംരക്ഷിക്കുന്നതിന്‍റെ ബാധ്യത സംസ്ഥാനത്തിനു താങ്ങാവുന്നതില്‍ ഏറെയായെന്നാണ് ഇതേപ്പറ്റി ഔദ്യോഗിക വിശദീകരണം. പശ്ചിമ ബംഗാളും ത്രിപുരയും കേരളവും മാത്രമാണ് ഇപ്പോഴും നിയമാനുസൃത പെന്‍ഷന്‍ സംവിധാനത്തില്‍ ഉറച്ചു നില്‍ക്കുന്നത്. അഞ്ചര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും അത്രത്തോളം തന്നെ പെന്‍ഷന്‍കാരും സംസ്ഥാനത്തുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം പെന്‍ഷനു പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത് 4700 മുതല്‍ 5000 കോടി രൂപ വരെയാണ്. ശമ്പളത്തിനാകട്ടെ 9800.20 കോടി മുതല്‍ 10,000കോടിവരെയും.2011-12 സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റിലെ മൂലധന ചെലവ് 4929.15 കോടിയായിരുന്നു. സംസ്ഥാനത്തിന്‍റെ വികസന ആവശ്യത്തിനു ചെലവഴിക്കുന്ന പണത്തേക്കാള്‍ അധികം പണം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കു നല്‍കേണ്ടി വരുന്നു. സാമൂഹ്യ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന സംസ്ഥാനമായതു കൊണ്ടു ഇതു ബാധ്യതയായി കാണാന്‍ കഴിയില്ല. ആയുര്‍ ദൈര്‍ഘ്യം കൂടുതലായതു കൊണ്ടു സര്‍വീസ് കാലയളവിനേക്കാള്‍ പെന്‍ഷന്‍ കാലം കൂടുകയും ചെയ്യാം.ഇതൊഴിവാക്കുന്നതിനാണു സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത്.

2004 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടു വന്നു. അന്നു മുതല്‍ കേന്ദ്ര സര്‍വീസില്‍ ഇതു ബാധമാക്കി. എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശിച്ചത്.പുതിയ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയായിരുന്ന വേളയിലായിരുന്നു ഇതു നിര്‍ബന്ധമായും സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ഇതംഗീകരിക്കാന്‍ തയാറായില്ല.യുപിഎ ഘടക കക്ഷിയായ തൃണമൂല്‍ ബംഗാളില്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതു നടപ്പിലാക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയായ മമത ബാനര്‍ജി പ്രണബിന്‍റെ നിര്‍ദേശത്തെ എതിര്‍ത്തു. മൂന്നു സംസ്ഥാനങ്ങള്‍ കര്‍ശന നിലപാടു സ്വീകരിച്ചതോടെ കേന്ദ്രം പിന്നീടു നിര്‍ബന്ധിച്ചില്ല.എന്നാല്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും നല്‍കി വന്ന സാമ്പത്തിക സഹായങ്ങളില്‍ കാര്യമായ കുറവു വരുത്തി. 10,815.76 കോടി രൂപയുടെ പൊതുകടമുള്ള കേരളം കടബാധ്യത കുറയ്ക്കാന്‍ കേന്ദ്രത്തെ സമീപിച്ചപ്പോഴാണു നിര്‍ദേശം നടപ്പിലാക്കാത്തതിന്‍റെ പ്രതിഷേധം കേന്ദ്രം പ്രകടിപ്പിച്ചത്. സംസ്ഥാനത്തിന്‍റെ കടബാധ്യതയില്‍ ഒരു ഭാഗം എഴുതി തള്ളണമെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ ചെലവു ചുരുക്കാത്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിയെ വിമര്‍ശിച്ച കേന്ദ്ര സര്‍ക്കാര്‍ പത്തു വര്‍ഷം കൊണ്ടു പെന്‍ഷന്‍ വഴി സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത മൂന്നിരട്ടിയായെന്നു ചൂണ്ടിക്കാണിച്ചു. ഇതൊഴിവാക്കാതെ സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി പദ്ധതി നടപ്പിലാക്കണമെന്നും അല്ലെങ്കില്‍ കടബാധ്യതയുടെ ഭാരം മുഴുവന്‍ വരും കാലങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ പേറേണ്ടി വരുമെന്നും കേന്ദ്ര ധനമന്ത്രാലയം കേരളത്തെ ഓര്‍മിപ്പിച്ചു.

ഇതോടെയാണു സര്‍ക്കാര്‍ പെന്‍ഷന്‍ സമ്പ്രദായത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കാന്‍ തീരുമാനിച്ചത്. കാലങ്ങളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ കവരുമ്പോഴുണ്ടാകുന്ന പ്രതിഷേധം പ്രതീക്ഷകള്‍ക്കും അപ്പുറമായിരിക്കും. എന്നാല്‍ സര്‍ക്കാരിനു പിന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ ഉറച്ചു നില്‍ക്കാതെയുംവയ്യ.പക്ഷെ സര്‍ക്കാരിന് ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാന്‍ ബാധ്യതയുണ്ടായിരുന്നു. ആദ്യം ചെയ്യേണ്ടിയിരുന്നതു വ്യക്തമായ നിയമ നിര്‍മാണമായിരുന്നു. 2004ല്‍ പദ്ധതി നടപ്പാക്കിയ കേന്ദ്ര സര്‍ക്കാരിനു പോലും ഇതുവരെ നിയമ നിര്‍മാണം നടത്താനായിട്ടില്ല. 2011 ല്‍ പുതുക്കിയ പങ്കാളിത്ത പെന്‍ഷനു നിയമത്തിന്‍റെ പിന്‍ബലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിറ്റി ആന്‍ഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിട്ട ഈ ബില്‍ ഭേദഗതികളോടെ തിരികെ വന്നെങ്കിലും ചര്‍ച്ച ചെയ്യാനോ പാസാക്കാനോ കഴിഞ്ഞില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്നീടു പുറപ്പെടുവിച്ച ഉത്തരവിന്‍റെ പിന്‍ബലത്തിലാണിപ്പോള്‍ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ശക്തമായ നിയമം പാസാക്കിയില്ലെങ്കില്‍ മാറി മാറി വരുന്ന സര്‍ക്കാരിന്‍റെയും ധനമന്ത്രിമാരുടെയും മനോഗതം പോലെയായിരിക്കും ഈ പദ്ധതി നടപ്പിലാകുക.

ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് എയര്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍. 1996 ല്‍ എയര്‍ഇന്ത്യ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി. അന്നു മുതല്‍ ജീവനക്കാരില്‍ നിന്നും 10 മുതല്‍ 13% വരെ വിഹിതം പിരിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ പിരിച്ചെടുത്ത പണത്തിന്‍റെയും എയര്‍ഇന്ത്യ നല്‍കിയ വിഹിതത്തിന്‍റെയും വിനിയോഗത്തെപ്പറ്റി വ്യക്തമായ ധാരണകളൊന്നുമില്ലായിരുന്നു. മാറി മാറി വന്ന മേലധികാരികള്‍ക്കു തോന്നിയപോലെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തി. പിന്നീടു ജീവനക്കാര്‍ വിരമിച്ചപ്പോള്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കാനായില്ല. പ്രതിമാസം ആയിരം രൂപയ്ക്കു താഴെ മാത്രമായിരുന്നു ഇവര്‍ക്കു ലഭിച്ച പെന്‍ഷന്‍. ഇതാണു വ്യക്തതകളില്ലാതെ പദ്ധതി നടപ്പിലാക്കിയാല്‍ സംഭവിക്കാന്‍ പോകുന്നത് എന്നു സര്‍ക്കാരും തിരിച്ചറിയണം.

ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്‍റെയും ക്ഷാമബത്ത( ഡിഎ) യുടെയും 10 മുതല്‍ 13% വരെ വിഹിതമായി സ്വീകരിക്കുന്ന സര്‍ക്കാര്‍ അവരുടെ വിഹിതവും കൂടി ചേര്‍ത്ത് ട്രഷറികളില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ ഇതിനായി രൂപീകരിക്കുന്ന ഒരു ഫണ്ടില്‍ അടയ്ക്കും. ഈ പണം വെറും നിക്ഷേപമായി സര്‍ക്കാര്‍ സൂക്ഷിച്ചാല്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്ത സ്ഥിതി വരും. അതുകൊണ്ടു തന്നെ ഇന്‍ഷുറന്‍സ് കമ്പനികളിലോ മറ്റോ നിക്ഷേപിക്കേണ്ടി വരും. ഈ ഇന്‍ഷുറന്‍സ് കമ്പനികളാകട്ടെ മ്യൂച്ചല്‍ ഫണ്ടിലോ ഓഹരി വിപണിയിലോ ആയിരിക്കും നിക്ഷേപം നടത്തുക. ഇത്തരത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം നിക്ഷേപകനായിരിക്കും.

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ യൂറോപ്പിലെയും യുഎസിലെയും ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും തകര്‍ന്നതും നിക്ഷേപകര്‍ക്കു പണം നഷ്ടമായതും ചരിത്രമാണ്. ജീവനക്കാരില്‍നിന്നും പിരിച്ചെടുക്കുന്ന പണത്തിന്‍റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ നഷ്ടമാകുന്ന നിക്ഷേപം തിരിച്ചു നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനാകും.

പദ്ധതി നടപ്പാകുമ്പോള്‍ ഇപ്പോള്‍ പെന്‍ഷന്‍കാര്‍ക്കു കിട്ടുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടും. കുടുംബപെന്‍ഷനാണ് നഷ്ടപ്പെടുന്ന ആനുകൂല്യങ്ങളില്‍ പ്രധാനം. സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. വിധവകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവിവാഹിതരായ പെണ്‍മക്കള്‍, മാനസിക വൈകല്യങ്ങളുള്ള മക്കള്‍ എന്നിവര്‍ക്കും മരണം വരെ പെന്‍ഷന് അര്‍ഹതയുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പായാല്‍ ഇതു ലഭിക്കില്ല. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരണപ്പെടുന്നതോടെ പെന്‍ഷന്‍ നിലയ്ക്കും. ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ പെന്‍ഷന്‍ പരിഷ്കരണവും നടത്താറുണ്ട്. ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണു പരിഷ്കരണം. പങ്കാളിത്ത പെന്‍ഷന്‍ വന്നാല്‍ ഇതും നടപ്പിലാക്കാന്‍ കഴിയില്ല. ഇതിനു പുറമെ പെന്‍ഷന് അര്‍ഹമായ കാലയളവും നിശ്ചയിക്കപ്പെടും. നിശ്ചിത കാലം സര്‍വീസ് ലഭിച്ചില്ലെങ്കില്‍ അടച്ച വിഹിതം മാത്രമായിരിക്കും തിരികെ ലഭിക്കുക. പെന്‍ഷന്‍ തടയപ്പെടും. വോളന്‍ററി റിട്ടയര്‍മെന്‍റ് സ്വീകരിച്ചാലും പെന്‍ഷന്‍ നഷ്ടമാകും. പെന്‍ഷന്‍ ഫണ്ടില്‍ നിന്നും പണം പൂര്‍ണമായും പിന്‍വലിക്കാനും കഴിയില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെങ്കില്‍ ആദ്യം ശക്തമായ നിയമ നിര്‍മാണം നടത്തണം. ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ലെന്നുറപ്പു വരുത്തുന്ന വ്യവസ്ഥകളും സൃഷ്ടിക്കണം. സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാരും നിയമം നടപ്പിലാക്കണം. ആയുസിന്‍റെ നല്ലൊരു ശതമാനം സര്‍ക്കാര്‍ സര്‍വീസില്‍ ചെലവഴിക്കുന്ന ഒരാള്‍ക്കു ശിഷ്ടകാലം അതും വാര്‍ധക്യം, അല്ലലില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുന്ന സംവിധാനമാണ് സര്‍ക്കാര്‍ സൃഷ്ടിക്കേണ്ടത്. ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇട നല്‍കാതെ ശക്തമായ നിയമ നിര്‍മാണത്തിനു ശേഷമല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ കേരളീയര്‍ അത് അംഗീകരിച്ചെന്നു വരില്ല. ജീവനക്കാരും യുവജനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സൃഷ്ടിക്കുന്ന ശക്തമായ സമരങ്ങളില്‍ സംഭവിക്കുന്ന നഷ്ടവും സര്‍ക്കാരിനു നികത്താനാകാത്ത ബാധ്യതയാകുമെന്നും ഓര്‍ക്കണം.  

No comments:

Post a Comment