Thursday, September 20, 2012

പെന്‍ഷന്‍: വേണ്ടത്‌പൊളിച്ചെഴുത്ത്‌ (മാതൃഭൂമിയില്‍ നിന്ന് )

ഡോ. ജോസ് സെബാസ്റ്റ്യന്‍ 
(ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാകേ്സഷനിലെ ഫാക്കല്‍റ്റിയംഗം)

പങ്കാളിത്ത പെന്‍ഷന്റെ ന്യായാന്യായങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍കൊണ്ട് മുഖരിതമാണ് കേരളമിന്ന്. ചര്‍ച്ചകള്‍, നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായത്തിന്റെ പിന്നിലുള്ള അസമത്വം മറച്ചുവെച്ചുകൊണ്ടുള്ളതാണെന്നും വേണ്ടത് മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രികപെന്‍ഷന്‍ പദ്ധതിയാണെന്നും വാദിക്കുകയാണ് ഈ ലേഖനം.
പെന്‍ഷനെന്നുപറഞ്ഞാല്‍ മലയാളിയെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയുടെ മേന്മയാണ്. അതൊരു അവകാശമാണ്. സാധാരണ ജനങ്ങള്‍ക്കായി ക്ഷേമപെന്‍ഷന്‍ എന്ന മറ്റൊരു പെന്‍ഷനുണ്ട്. പ്രതിമാസം 400 രൂപ നിരക്കിലുള്ള ഈ പെന്‍ഷന്‍ അവകാശമല്ല; ഔദാര്യമാണ്. ഒന്ന് അവകാശവും മറ്റേത് ഔദാര്യവുമാകുമ്പോള്‍ സംഭവിക്കുന്നതെന്ത് എന്നറിയാന്‍ പട്ടിക ഒന്നും രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ മതി. പട്ടിക-1 ല്‍ മുപ്പതുവര്‍ഷത്തെ സേവനത്തിനുശേഷം പരമാവധി പെന്‍ഷന് അര്‍ഹതനേടി അടുത്തകാലത്ത് വിരമിച്ച വിവിധതലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് കൊടുത്തിട്ടുള്ളത്.
ബഹുഭൂരിപക്ഷംപേരുടെയും സേവനകാലാവധി 30 വര്‍ഷത്തി ല്‍ കുറവായിരിക്കും എന്നതുകൊണ്ട് കുറേയൊക്കെ വ്യത്യാസം കണ്ടേക്കാം. എങ്കിലും വിവിധതലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്ത് ലഭിക്കുന്നു എന്നതിന്റെ ഒരു ഏകദേശചിത്രം പട്ടിക നല്‍കുന്നുണ്ട്. മൊത്തമായിലഭിക്കുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ക്കിട്ടുന്ന പ്രതിമാസപലിശയും പെന്‍ഷനോട് കൂട്ടിച്ചേര്‍ത്തു നോക്കിയാല്‍ 10,209 രൂപമുതല്‍ 51,585 രൂപവരെ പ്രതിമാസവരുമാനം ലഭിക്കുന്നവരാണ് പെന്‍ഷന്‍കാര്‍. ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ മധ്യതലങ്ങളിലുള്ളവരാണ്. അവര്‍ക്കുപോലും 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും മധ്യേ പ്രതിമാസ വരുമാനമുണ്ട്.
 മുപ്പതുവര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഈ ആനുകൂല്യങ്ങള്‍ ഒരുപാട് വലുതാണെന്ന് വാദിക്കുകയല്ല. കേരളത്തിലെ സ്വകാര്യ വാണിജ്യസ്ഥാപനങ്ങള്‍, ആസ്​പത്രികള്‍, ചെറുകിടസംരംഭങ്ങള്‍ തുടങ്ങിയവയില്‍ ജോലിചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന വേതനവും വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇതിനോട് താരതമ്യപ്പെടുത്തുമ്പോഴേ ഇത് വലുതാണെന്ന് തോന്നുകയുള്ളൂ. ഇക്കൂട്ടരിലെ നല്ലൊരുഭാഗം സര്‍ക്കാര്‍ സേവനത്തിന് സര്‍വഥാ യോഗ്യരും അതിന് കാംക്ഷിച്ചവരുമാണെന്ന് ഓര്‍ക്കണം. ഖജനാവ് നിറഞ്ഞിരിക്കുകയാണെങ്കില്‍ ഇതെത്രമാത്രം വര്‍ധിപ്പിക്കുന്നതിലും തെറ്റില്ല. സംഗതികള്‍ പക്ഷേ, അങ്ങനെയല്ലെന്ന് കാണാന്‍ പട്ടിക രണ്ട് നോക്കിയാല്‍ മതി. അറുപത് വയസ്സ് തികയുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിച്ചത് 1980-'81 ല്‍ കെ.എം. മാണി ധനകാര്യമന്ത്രി ആയിരിക്കുമ്പോഴാണ്. ഇത് പിന്നീട് ക്ഷേമപെന്‍ഷന്‍ എന്ന പേരില്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ചു.ആ പെന്‍ഷനുണ്ടായ മൂല്യശോഷണം ഞെട്ടിപ്പിക്കുന്നതാണ്. 1981-ല്‍ 45 രൂപ പെന്‍ഷന്‍കൊണ്ട് 14 കിലോഗ്രാം അരി വാങ്ങാമായിരുന്നെങ്കില്‍ 30 വര്‍ഷത്തിനുശേഷം പെന്‍ഷന്‍ 400 രൂപയായിട്ടും 15 കിലോഗ്രാം അരിയേ വാങ്ങാന്‍ കഴിയൂ.
സര്‍ക്കാര്‍ സര്‍വീസും പെന്‍ഷന്‍ സമ്പ്രദായവും കേരള സമൂഹത്തില്‍ ഇവ്വിധം സൃഷ്ടിക്കുന്ന അസമത്വം വളരെ വലുതാണ്. ഈ അന്തരം വര്‍ധിക്കാനാണ് സാധ്യത.

ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴുമുള്ള ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പലമടങ്ങ് വര്‍ധിപ്പിക്കും. ക്ഷേമപെന്‍ഷനുകള്‍ മുപ്പതുവര്‍ഷംകൊണ്ടാണ് ഒന്‍പത് ഇരട്ടി വര്‍ധിച്ചത്. 'ഏറ്റുപോയ' ചെലവുകള്‍ക്ക് വകയിരുത്തിയതിനുശേഷം ക്ഷേമപെന്‍ഷനുകള്‍ക്കുവേണ്ടി മാറ്റിവെക്കാനുള്ള വിഭവങ്ങള്‍ ഓരോ വര്‍ഷവും കുറഞ്ഞുവരാനേ തരമുള്ളൂ.
ഈ അന്തരത്തിന്റെ വിവിധമാനങ്ങള്‍ കുറേക്കൂടി ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 334 ലക്ഷമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ 5.34 ലക്ഷവും. പെന്‍ഷന്‍കാര്‍ 5.5 ലക്ഷവും വരും. സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം അത്രയും പേര്‍കൂടി അവരെ ആശ്രയിച്ച് കഴിയുന്നു എന്ന് കണക്കാക്കിയാല്‍പ്പോലും മൊത്തം 16.18 ലക്ഷമേ വരൂ. 2012-'13 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം മൊത്തം റവന്യൂവരുമാനത്തിന്റെ 51.81 ശതമാനം ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണ് മാറ്റിവെക്കപ്പെടുന്നത്. എന്നുപറഞ്ഞാല്‍ ജനസംഖ്യയുടെ 4.84 ശതമാനത്തിന്റെ കൈകളിലേക്കാണ് സംസ്ഥാനത്തിന്റെ മൊത്തം റവന്യൂവരുമാനത്തിന്റെ 51.81 ശതമാനം എത്തിച്ചേരുന്നത്. മുഴുവന്‍ സമൂഹത്തിനും വേണ്ടിയല്ലേ ഈ ചെലവ്, ഇതിലിത്ര പറയാനെന്തിരിക്കുന്നു എന്നുവേണമെങ്കില്‍ വാദിക്കാം. പക്ഷേ, ഏത് ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടിയാണോ സമൂഹം ഈ ചെലവുകള്‍ വഹിക്കുന്നത്, ആ ഉദ്ദേശ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ, ഇല്ലെങ്കില്‍ എന്തുകൊണ്ട് എന്ന മറുചോദ്യമുണ്ട്. വിഭവദാരിദ്ര്യംമൂലം പൊതുസേവനങ്ങളുടെ അളവും ഗുണനിലവാരവും വര്‍ഷംതോറും കുറഞ്ഞുവരികയാണ്. ഇതുകൊണ്ടാണ് പാവപ്പെട്ടവരില്‍ത്തന്നെ വല്ല നിവൃത്തിയുമുള്ളവര്‍ കൂടുതലായി സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളെയും സ്വകാര്യ ആസ്​പത്രികളെയും ആശ്രയിക്കുന്നത്.
ഒരുവശത്ത് താഴ്ന്ന വരുമാനക്കാരിലേക്ക് കിനിറഞ്ഞിറങ്ങുന്ന പൊതുവിഭവങ്ങള്‍ ഇങ്ങനെ വര്‍ഷംതോറും കുറഞ്ഞുവരുമ്പോള്‍ മറുവശത്ത് പലവിധ നികുതികളുടെ രൂപത്തില്‍ ഇവരില്‍നിന്ന് ഊറ്റിയെടുക്കപ്പെടുന്ന പൊതുവിഭവങ്ങള്‍ വര്‍ധിച്ചാണ് വരുന്നത്. വില്പനനികുതി സമ്പ്രദായത്തില്‍ താഴ്ന്ന വരുമാനക്കാര്‍ വാങ്ങുന്ന ഉപഭോഗവസ്തുക്കള്‍ക്ക് കുറഞ്ഞ നികുതിയായിരുന്നു ചുമത്തിവന്നിരുന്നത്. നികുതിവ്യവസ്ഥ യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയതോടുകൂടി താഴ്ന്ന വരുമാനക്കാരുടെ മേലുള്ള നികുതിഭാരം കൂടുകയും മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും കുറയുകയുമാണ് ഉണ്ടായത്. മദ്യപാനം നിരുത്സാഹപ്പെടുത്താന്‍ വേണ്ടി ചുമത്തിവരുന്ന 110 ശതമാനം നികുതിയും ഭാഗ്യക്കുറിയുടെ മേലുള്ള നികുതിയും ഒക്കെച്ചേര്‍ന്ന് താഴ്ന്ന വരുമാനക്കാരുടെ മേലുള്ള നികുതിഭാരം വര്‍ഷംതോറും വര്‍ധിച്ചുവരികയാണ്. വരുമാനത്തിന്റെ ഒരു ശതമാനമെന്നനിലയില്‍ വിവിധ വരുമാനതലത്തിലുള്ളവരുടെ നികുതിഭാരം ശാസ്ത്രീയമായി താരതമ്യപ്പെടുത്തിയാല്‍ താഴ്ന്ന വരുമാനക്കാരുടെ മേലുള്ള നികുതിഭാരം ഒരുപക്ഷേ, മറ്റു വിഭാഗങ്ങളേക്കാളും കൂടുതലാണെന്ന് തെളിയും.

നികുതിഭാരത്തില്‍ സമൂഹത്തിലെ വിവിധവിഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന അന്തരം താഴ്ന്നവരുമാനക്കാരിലേക്ക് കൂടുതല്‍ പൊതുവിഭവങ്ങള്‍ എത്തിച്ചാണ് പരിഷ്‌കൃതസമൂഹങ്ങള്‍ പരിഹരിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ പക്ഷേ, എത്ര നികുതി പിരിച്ചാലും കടമെടുത്താലും ഈ ആവശ്യത്തിന് തികയുന്നില്ല എന്നതാണ് കുറേ വര്‍ഷങ്ങളായുള്ള അനുഭവം.
മധ്യവര്‍ഗത്തിലേക്കും സമ്പന്നരിലേക്കും പൊതുവിഭവങ്ങള്‍ ഒഴുകുന്നതിനെ ഒരുവിധത്തിലും തടയാനാവാത്തവിധം ക്രമീകരിക്കപ്പെട്ടതാണ് കേരളത്തിന്റെ ധനകാര്യം. മൊത്തം ശമ്പളത്തിന്റെയും പെന്‍ഷന്റെയും 32.46 ശതമാനം എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കാണ് പോകുന്നത്. 2012-'13 ലെ കണക്കനുസരിച്ച് ഇത് 8096.7 കോടി രൂപവരും. ബഹുഭൂരിപക്ഷം വരുന്ന എയ്ഡഡ് സ്‌കൂളുകളും കോളേജുകളും കേരളത്തിലെ ഏറ്റവും സമ്പന്നമായ സമുദായങ്ങളുടേതാണ് എന്നോര്‍ക്കണം. സര്‍ക്കാര്‍സര്‍വീസില്‍ പൊതുവേയും മധ്യവര്‍ഗത്തിനാണ് ഭൂരിപക്ഷം. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലെ പ്രൊഫഷണല്‍ കോളേജുകളില്‍ കുറഞ്ഞഫീസില്‍ പഠിക്കുന്നവരില്‍ ഭൂരിപക്ഷവും മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും മക്കളാണ്.

ബ്രാഹ്മണരെ തീറ്റിപ്പോറ്റിയതിനുശേഷം മാത്രം മറ്റുള്ളവര്‍ക്ക് എന്നത് വര്‍ണാശ്രമവ്യവസ്ഥയുടെ അടിസ്ഥാനപ്രമാണമായിരുന്നു. ഇന്നത്തെ കേരളസമൂഹത്തിലെ ബ്രാഹ്മണരാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഈ ബ്രാഹ്മണരില്‍ എല്ലാ മതക്കാരും ജാതിക്കാരും ഉള്‍പ്പെടുന്നുണ്ട് എന്ന വ്യത്യാസമേയുള്ളൂ. അവരുടെ ഊണുകഴിഞ്ഞ് മിച്ചംവരുന്നത് ഓരോ വര്‍ഷവും കുറഞ്ഞുകുറഞ്ഞ് വരികയാണെന്നുള്ള സത്യം ഉണ്ണുന്നവര്‍ അറിയുന്നില്ല. അവര്‍ക്ക് അറിയുകയും വേണ്ട. പക്ഷേ, വിളമ്പുന്നവര്‍ അറിയേണ്ടേ?
രു രാജ്യത്തെയോ സംസ്ഥാനത്തെയോ പൊതുചെലവുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും നികുതി വരുമാനവര്‍ധനവിനുമുള്ള ഉപകരണം കൂടിയാണ്. ഈ രണ്ട് ലക്ഷ്യങ്ങളും നേടത്തക്കവിധം പൊതുവിഭവങ്ങള്‍ വിന്യസിക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. കേരളത്തിന്റെ പൊതുചെലവുകള്‍ പക്ഷേ, കൂടുതല്‍ കടക്കെണിയിലേക്കും അസമത്വത്തിലേക്കുമാണ് നയിക്കുന്നത്. പട്ടിക ഒന്ന് വ്യക്തമാക്കുന്നതുപോലെ 2001-ല്‍ 23,919 കോടി ആയിരുന്ന പൊതുകടം 2011-ല്‍ 78,764 കോടിയായി വര്‍ധിച്ചിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് പറയപ്പെടുന്ന കടമെടുപ്പ് കാര്‍ഷിക-വ്യാവസായിക മേഖലകളിലെ മുരടിപ്പ് മാറ്റുകയോ തൊഴിലില്ലായ്മ കുറയ്ക്കുകയോ ചെയ്തിട്ടില്ല.

ഈ സ്ഥിതിവിശേഷത്തിന് പല കാരണങ്ങളുമുണ്ടെങ്കിലും പ്രധാനകാരണം പൊതുവിഭവങ്ങളുടെ അസന്തുലിതവും അശാസ്ത്രീയവുമായ വിന്യാസമാണ്. ഭരണഘടനയനുസരിച്ച് ഉപഭോഗത്തിന്മേലുള്ള നികുതികളാണ് സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സ്. കേരളത്തിലെ പൊതുവിഭവങ്ങളുടെ വിന്യാസം കൂടുതല്‍ ഉപഭോഗത്തിലേക്കും നികുതിവരുമാന വര്‍ധനവിലേക്കും നയിക്കുന്നതല്ല.

മൊത്തം റവന്യൂവരുമാനത്തില്‍ പെന്‍ഷനും ശമ്പളത്തിനും പോകുന്ന 51.81 ശതമാനത്തില്‍ താരതമ്യേന കുറഞ്ഞ ഒരു ഭാഗമേ കമ്പോളത്തിലേക്ക് തിരികെ എത്തുന്നുള്ളൂ. 2012-'13 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം പെന്‍ഷന്‍ ചെലവ് 8178.05 കോടി രൂപയാണ്. ഉപഭോഗത്തില്‍ നിന്ന് ഏറെക്കുറേ പിന്‍വാങ്ങിക്കഴിഞ്ഞ 5.5 ലക്ഷം പേരിലേക്കാണ് ഈ തുകയെത്തുന്നത് എന്നോര്‍ക്കണം. പെന്‍ഷന്‍ തുകയുടെ ശരാശരി മൂന്നിലൊന്നില്‍ കൂടുതല്‍ കമ്പോളത്തില്‍ എത്തുകയില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ശമ്പളം വര്‍ധിക്കുന്തോറും വിപണിയില്‍ എത്തുന്ന തുക കുറഞ്ഞുകൊണ്ടേയിരിക്കും. കാരണം, ശമ്പളം വര്‍ധിക്കുന്ന അതേ അനുപാതത്തില്‍ ഉപഭോഗം വര്‍ധിക്കുകയില്ല. ഇതിനര്‍ഥം പൊതുചെലവുകളുടെ ഗണ്യമായ ഒരു ഭാഗം എങ്ങും തൊടാതെ ബാങ്കുകളിലും ഓഹരി വിപണിയിലും അടിഞ്ഞുകൂടുന്നു എന്നാണ്.

ഉപഭോഗത്തിന്റെ ഉള്ളടക്കമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. വരുമാനം കൂടുന്തോറും താരതമ്യേന ഉയര്‍ന്ന വിലയും ഗുണനിലവാരവുമുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പ്രവണത കൂടും. ഇവയില്‍ ബഹുഭൂരിപക്ഷവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. സംസ്ഥാനത്തിനുള്ളിലെ കുടുംബശ്രീപോലുള്ള സൂക്ഷ്മ സംരംഭങ്ങളുടെയും ചെറുകിട വ്യവസായങ്ങളുടെയും ഉപഭോക്താക്കള്‍ സര്‍ക്കാര്‍ ജീവനക്കാരേക്കാളും പെന്‍ഷന്‍കാരേക്കാളും താഴ് ന്നവരുമാനക്കാര്‍ ആകാനാണ് സാധ്യത.

പറഞ്ഞുവരുന്നതിതാണ്. കേരളത്തിന്റെ നികുതിവരുമാനം വര്‍ധിക്കുന്നതിനും വാണിജ്യ-വ്യവസായ രംഗങ്ങളുടെ വളര്‍ച്ചയ്ക്കും താഴ്ന്ന വരുമാനക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ഉപഭോഗം വര്‍ധിക്കണം. അവരുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടായാലേ ഇത് സാധിക്കൂ. പൊതുവിഭവങ്ങള്‍ ജനസംഖ്യയുടെ വളരെ ചെറിയ ഒരു വിഭാഗത്തില്‍ കേന്ദ്രീകരിക്കുന്നതിനുപകരം സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിലേക്കുകൂടി ഒഴുകിയെത്തുംവിധം സംസ്ഥാനത്തിന്റെ ധനകാര്യം പുനര്‍ക്രമീകരിക്കുകയാണ് ഇവിടെ വേണ്ടത്. ഇതിനുള്ള ഏറ്റവും നല്ല ഉപകരണമാണ് മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പങ്കാളിത്തപെന്‍ഷന്‍ പദ്ധതി.

തികച്ചും പുരോഗമനപരമായ ഈ ആശയം പക്ഷേ, രണ്ട് കാരണങ്ങള്‍കൊണ്ട് കേരള സമൂഹത്തില്‍ സ്വീകരിക്കപ്പെടാന്‍ ഇടയില്ല. ഒന്നാമതായി നികുതികള്‍ പരോക്ഷമായി പിരിക്കുന്നതുമൂലം തങ്ങളുടെമേല്‍ പതിക്കുന്ന നികുതിഭാരത്തെക്കുറിച്ചും തങ്ങളിലേക്ക് ഒഴുകിയെത്തുന്ന പൊതുവിഭവങ്ങളെക്കുറിച്ചും സാധാരണ ജനങ്ങള്‍ ബോധവാന്മാരല്ല. സാമ്പത്തികശാസ്ത്രത്തില്‍ 'ധനമിഥ്യ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസംമൂലം സര്‍ക്കാറില്‍നിന്ന് കിട്ടുന്നതെല്ലാം സൗജന്യമാണെന്നും ഔദാര്യമാണെന്നും അവര്‍ തെറ്റിധരിക്കുന്നു. സത്യമെന്താണ്? വാര്‍ധക്യകാലത്ത് മാന്യമായിജീവിക്കാന്‍ ആവശ്യമായ കുറഞ്ഞപെന്‍ഷന്‍ എന്നത് നികുതി കൊടുക്കുന്ന എല്ലാവരുടെയും അവിതര്‍ക്കിതമായ അവകാശമാണ്. മിക്ക പാശ്ചാത്യരാജ്യങ്ങളിലും ക്ഷേമരാഷ്ട്രങ്ങളായ നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇതാണ് സ്ഥിതി.

രണ്ടാമത്തെ കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും യാതൊരുവിധ പുനഃപരിശോധനയ്ക്കും വിധേയമല്ലാത്തവിധം 'ഏറ്റുപോയതാണ്' എന്ന സങ്കല്പമാണ്. 'ഏറ്റുപോയ' ഈ ചെലവുകള്‍ക്കുശേഷം മിച്ചം വരുന്നതുകൊണ്ട് മറ്റു ചെലവുകള്‍ എന്നതാണ് ഇവിടത്തെ വിവക്ഷ. ഇത് യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്തതാണ്. സത്യത്തില്‍ സര്‍ക്കാര്‍ ജോലി എന്നതുതന്നെ പൊതുസമൂഹത്തിന്റെ സൗമനസ്യമാണ്. സമൂഹത്തില്‍ നിലനില്ക്കുന്ന കടുത്ത തൊഴിലില്ലായ്മ പരിഗണിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ആ അര്‍ഥത്തില്‍ ഇത് സര്‍ക്കാറിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗംതന്നെയാണ്. സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും പൊതുവിഭവങ്ങളുടെ മേലുള്ള അവകാശം ഒരുപോലെയാണ്. ലഭ്യമായ പൊതുവിഭവങ്ങള്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ഏങ്ങനെ ഏത് അനുപാതത്തില്‍ വിന്യസിക്കണം എന്നതൊക്കെ തീരുമാനിക്കാനുള്ള അധികാരം ജനങ്ങള്‍ സര്‍ക്കാറിന് നല്‍കിയിട്ടുള്ളതാണ്. ഓരോ കാലഘട്ടങ്ങളിലെയും ആവശ്യങ്ങള്‍ കണക്കിലെടുത്ത് പരമാവധി ജനങ്ങളുടെ ക്ഷേമത്തെ കരുതി യുക്തമായ തീരുമാനമെടുക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാറിന് അധികാരമുണ്ട്.

ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള സംവാദങ്ങള്‍ കേരള സമൂഹത്തില്‍ ആകമാനം ഉയര്‍ന്നെങ്കിലെ ഈ തെറ്റിധാരണകള്‍ മാറുകയുള്ളൂ. ഇത് സാമൂഹികമായ ഒരു അഭിപ്രായ സമന്വയത്തിലേക്ക് നയിക്കുന്നെങ്കില്‍ ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തുക എന്നത് എളുപ്പമാണ്. സാമൂഹികമായി അംഗീകരിക്കാവുന്ന കുറഞ്ഞ പെന്‍ഷനെക്കുറിച്ചും കൂടിയ പെന്‍ഷനെക്കുറിച്ചും ഒരു ഏകദേശ ധാരണയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. ഇവ രണ്ടും തമ്മില്‍ വലിയ അന്തരം പാടില്ല. കാരണം, വാര്‍ധക്യമെന്നത് എല്ലാവര്‍ക്കും ഒരുപോലെയാണ്. അവിടെ സ്ഥാനവലിപ്പത്തിനും പ്രഭുതിക്കും ഇടമില്ല. ഈ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം 65 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിക്ക് 2,000 രൂപ പ്രതിമാസം അടിസ്ഥാന പെന്‍ഷനായി ലഭിക്കണമെന്നാണ്. പരമാവധി പെന്‍ഷന്‍ 20,000 രൂപയില്‍ കൂടേണ്ടതുമില്ല. ദരിദ്രരായ വൃദ്ധദമ്പതികള്‍ക്ക് 4,000 രൂപ കിട്ടുമ്പോള്‍ സര്‍ക്കാര്‍ ജോലിയില്‍നിന്നും വിരമിച്ച ദമ്പതികള്‍ക്ക് 40,000 രൂപയില്‍ കൂടേണ്ടതില്ല.

ഈ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ എത്ര തുക വേണ്ടിവരുമെന്ന് കണക്കാക്കി അതിനുള്ള ബജറ്റ് തുക വകയിരുത്തിയതിനുശേഷംമാത്രം ബാക്കിയുള്ള ചെലവുകള്‍ എന്ന നയം സ്വീകരിച്ച് അതിനുവേണ്ട നിയമം നിയമസഭ പാസ്സാക്കണം. ഇതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മൊത്തം റവന്യൂവരുമാനത്തിന്റെ നിശ്ചിതശതമാനമായി നിജപ്പെടുത്തുന്ന നിയമവും പാസ്സാക്കണം. നിലവിലെ 51.81 ശതമാനം എന്നത് 33 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരികയാണ് അഭികാമ്യം.

അടുത്തതായി നിലവില്‍ സര്‍ക്കാറിലും സ്വകാര്യമേഖലകളിലും തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും സ്വയംതൊഴില്‍കാരെയും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നതിന് നിര്‍ബന്ധിതമാക്കുന്ന നിയമനിര്‍മാണം നടത്തണം. തൊഴിലാളികളും തൊഴിലുടമയും നിശ്ചിതതുക എല്ലാ മാസവും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് സംഭാവന ചെയ്യാന്‍ വ്യവസ്ഥ ചെയ്യണം. ഇക്കാര്യങ്ങളിലൊക്കെ കേരളത്തിന് മാതൃക വികസിതരാജ്യങ്ങളാണ്. വിശദാംശങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ഒരു മാതൃക തയ്യാറാക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുക എന്നതായിരിക്കണം ആദ്യപടി.

ഇത്തരം ഒരു സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി കേരള സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കുക. കേരളത്തിലെ പാവപ്പെട്ടവരായ വൃദ്ധജനങ്ങളുടെ ആത്മാഭിമാനം മാനംമുട്ടെ ഉയരും. സംസ്ഥാനത്തിന് ഇത് താങ്ങാനാവുമോ എന്ന സന്ദേഹം സ്വാഭാവികമായും ഉയര്‍ന്നേക്കാം.

മനസ്സുണ്ടെങ്കില്‍ മാര്‍ഗമുണ്ടാകും എന്നതാണ് മറുപടി. ഇത്തരം മഹത്തായ ഒരു സംരംഭത്തിനുവേണ്ടി അധികനികുതിഭാരം വഹിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകതന്നെ ചെയ്യും. വേണ്ടിവന്നാല്‍ സംസ്ഥാനത്തിന്റെ ആസ്തികള്‍ കുറേ വിറ്റ് വിഭവസമാഹരണം നടത്തുന്നതിനുപോലും തയ്യാറാകണം. കേരളത്തിലെ ഭൂമിവില വെച്ചുനോക്കുമ്പോള്‍ കേരള സര്‍ക്കാറിനോളം ആസ്തിയുള്ള സംസ്ഥാന സര്‍ക്കാറുകള്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്. ഭൂമിപോലുള്ള നിഷ്‌ക്രിയ ആസ്തികള്‍ സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിക്കുവേണ്ടി കൈയൊഴിയുന്നതില്‍ യാതൊരു അപാകവും കാണേണ്ടതില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍പദ്ധതി കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരമാവുമെങ്കില്‍ത്തന്നെ അത് 2040-ന് ശേഷമായിരിക്കും.

പുനര്‍വിതരണവും സാമ്പത്തികവളര്‍ച്ചയും പരസ്​പരപൂരകമാകത്തക്കവിധം സംസ്ഥാനത്തിന്റെ ധനകാര്യം സമൂലം അഴിച്ചു പണിയുകമാത്രമാണ് പരിഹാരം.

Friday, September 14, 2012

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കരുത് :എസ്.എന്‍ ട്രസ്റ്റ്



ആലപ്പുഴ:പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പങ്കാളിത്തപെൻഷൻ ഫണ്ടായി സ്വരൂപിക്കുന്ന തുക സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ വഴി ഓഹരി വിപണിയിൽ നിക്ഷേപിച്ച് കമ്പനികളെ സഹായിക്കാനാണ് നീക്കം . ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ എല്ലാ വിഭാഗങ്ങളുടേയും ആശങ്ക പരിഹരിക്കണമെന്ന്പൊതുയോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇക്കൊല്ലം പെന്‍ഷന് വേണ്ടത് 8178 കോടി പങ്കാളിത്ത പെന്‍ഷന്‍ സര്‍ക്കാരിന് രക്ഷയാകില്ല

വി.ബി.ഉണ്ണിത്താന്‍ 

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് പെന്‍ഷനിലുണ്ടാകുന്ന വര്‍ധന തടയാനാണെന്ന സര്‍ക്കാര്‍ വാദം സര്‍ക്കാരിന്റെ കണക്കുകളിലൂടെ തന്നെ പൊളിയുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അടഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ സഞ്ചിതനിധിയും വികസന പ്രവര്‍ത്തനങ്ങളുമാണെന്നതാണ് വസ്തുതയെന്ന് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് സര്‍ക്കാര്‍ പങ്കളിത്ത പെന്‍ഷന്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 16ന് സര്‍വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പെന്‍ഷന്‍ ചെലവ് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നാലിരട്ടി വര്‍ധിച്ചുവെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷേ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത് വരുമാനം കൂടുന്നതിനാല്‍ മൊത്തം ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ പെന്‍ഷന്‍ ചെലവ് കുറയുന്നുവെന്നാണ്.

സര്‍ക്കാരിന്റെ രേഖകള്‍പ്രകാരം 2001-2002ല്‍ മൊത്തം ചെലവ് 9090 കോടി രൂപയാണ്. ആ സാമ്പത്തികവര്‍ഷം പെന്‍ഷനായി സര്‍ക്കാര്‍ ചെലവാക്കിയ തുക 1,838 കോടി രൂപയും. അതായത് വരവിന്റെ 20.29 ശതമാനം. 2012-2013 വര്‍ഷത്തെ സര്‍ക്കാര്‍ കണക്കുപ്രകാരം മൊത്തം വരവ് 48,141 കോടി രൂപയാണ്. ഇതില്‍ പെന്‍ഷനുവേണ്ടി ചെലവാകുന്നത് 8,178 കോടി രൂപയും. ഇത് വരവിന്റെ 16.29 ശതമാനമാണ്. സര്‍ക്കാര്‍ വരുമാനം കൂടുന്നതിനാല്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് പെന്‍ഷന് ചെലവാക്കിയ തുകയില്‍ നാലുശതമാനം കുറവ് വന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത് . പക്ഷേ പത്തുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ വരുമാനം എട്ടിരട്ടി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ പെന്‍ഷന്‍ ചെലവ് വര്‍ധിച്ചത് നാലിരട്ടിമാത്രം . ഇതേ കാലയളവില്‍ ഭക്ഷ്യസാധനങ്ങളുടെയും മറ്റും വില എട്ടുമടങ്ങോളം വര്‍ധിക്കുകയും ചെയ്തു.

ഓരോ വര്‍ഷവും ശമ്പളത്തിലും പെന്‍ഷനിലും സര്‍ക്കാര്‍ ചെലവ് ഇനങ്ങളിലും വര്‍ധന സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സര്‍ക്കാരിന്റെ വരുമാനത്തില്‍ 17 മുതല്‍ 19 ശതമാനം വരെയാണ് വര്‍ധനയുണ്ടായത്. ഇക്കൊല്ലം 20 ശതമാനംവരെ വര്‍ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കുന്നതിലൂടെയാണ് സര്‍ക്കാരിന് കൂടുതലായും ഈ രംഗത്ത് ബാധ്യതകള്‍ വരിക. പലപ്പോഴായി 6 മുതല്‍ 14 ശതമാനം വരെ ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുമുണ്ട്. കേന്ദ്ര സര്‍ക്കാരാണ് വിലസൂചികയുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. അതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാരുകളും അതാത് കാലഘട്ടങ്ങളില്‍ ക്ഷാമബത്ത പ്രഖ്യാപിക്കുക. കേന്ദ്ര സര്‍ക്കാരിന്റെ പാണ്ഡ്യന്‍ ശമ്പള കമ്മീഷന്റെ ശുപാര്‍ശപ്രകാരം ക്ഷാമബത്ത 50 ശതമാനമായാല്‍ അത് അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കണമെന്നും അതിന്‍പ്രകാരമായിരിക്കണം അടുത്ത ക്ഷാമബത്ത നല്‍കേണ്ടതുമെന്നുമാണ്. ഇത്തരം കര്യങ്ങളെല്ലാം പരിശോധിച്ചാല്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതു കൊണ്ട് സര്‍ക്കാരിന് ഒരു സാമ്പത്തിക മേന്മയും ഉണ്ടാകുന്നില്ലെന്ന് സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിലേക്ക് വന്നുചേരേണ്ട പണം വന്‍തോതില്‍ നഷ്ടപ്പെടുമെന്ന യാഥാര്‍ഥ്യവുമുണ്ട്. അതായത് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കടം 104743 കോടിയാണ് . ഇതില്‍ 27414 കോടി രൂപ ദേശീയസമ്പാദ്യം , ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രോവിഡന്റ് ഫണ്ടായ തുക ഇപ്പോള്‍ സര്‍ക്കാരിലേക്ക് കിട്ടുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുമ്പോള്‍ അത് അതോറിറ്റിക്ക് പോകുകയും സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുകയും ചെയ്യും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതകള്‍ മാത്രമാണുണ്ടാകുന്നതെന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ കണക്കുകള്‍.

പങ്കാളിത്ത പെന്‍ഷന്‍ അരുത്‌

പി.എ.കെ. നീലകണ്ഠന്‍


സംസ്ഥാനം ഇന്ന്‌ നേരിടുന്ന സാമ്പത്തികപ്രതിസന്ധിക്ക്‌ ഒറ്റമൂലിയെന്ന നിലയിലാണ്‌ പുതിയ പെന്‍ഷന്‍ പദ്ധതിയെ ഭരണാധികാരികള്‍ അവതരിപ്പിക്കുന്നത്‌. എന്നാല്‍ ജീവനക്കാരില്‍ നിന്നും പിരിക്കുന്ന തുക കമ്പോളത്തില്‍ ഇറക്കി തുലച്ചു കളയുമെന്ന ആശങ്കയാണ്‌ ജീവനക്കാര്‍ക്ക്‌. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ക്കുന്നത്‌ ഈ ആശങ്ക മൂലവുമാണ്‌. പ്രശ്നത്തെ ഇരുവിഭാഗവും സമഗ്രമായി സമീപിക്കുന്നില്ല.

10,000 രൂപ ശമ്പളത്തില്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന വ്യക്തി വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ നേടി 20-ാ‍ം വര്‍ഷത്തെ ശമ്പളം 17,400 രൂപയായിരിക്കും. (ഇന്‍ക്രിമെന്റ്‌ ശമ്പളത്തിന്റെ 3 ശതമാനം നിരക്കില്‍) ഇതിനു ലഭിക്കുന്ന പെന്‍ഷന്‍ 17400 ഃ 2= 5800 രൂപ, ഗ്രാറ്റുവിറ്റി 1.74 ലക്ഷംരൂപ, കമ്യൂട്ടേഷന്‍ 3.20ലക്ഷം, റസിഡന്റ്സി പെന്‍ഷന്‍ 3480 രൂപ. ഗ്രാറ്റുവിറ്റിയും കമ്യൂട്ടേഷന്‍ തുകയും സ്ഥിരനിക്ഷേപം നടത്തിയാല്‍ പ്രതിമാസം 2879രൂപ. ഇതില്‍ നിന്നും വ്യക്തമാകുന്നത്‌ അന്തിമ ആനുകൂല്യം തമ്മില്‍ വലിയ വ്യത്യാസമില്ലായെന്നാണ്‌. പക്ഷേ യഥാര്‍ഥ പ്രശ്നങ്ങള്‍ ഇത്‌ നടപ്പിലാക്കുന്നതിലാണ്‌.

നടത്തിപ്പിലെ പ്രശ്നങ്ങള്‍ മുഖ്യമായും നേരിടേണ്ടിവരുന്നത്‌ ഭരണരംഗത്താണ്‌. ഉദാഹരണത്തിന്‌ ശമ്പളമിനത്തില്‍ പ്രതിവര്‍ഷം 10,000കോടി രൂപ ചെലവു വരുന്നെങ്കില്‍ ഇപ്പോള്‍ 9200കോടി രൂപ ശമ്പളമായി ക്യാഷ്‌ ഔട്ട്‌ പ്ലോയും 8006 കോടി (8%) പ്രോവിഡന്റ്‌ ഫണ്ടിലേക്ക്‌ ട്രാന്‍സഫര്‍ ക്രഡിറ്റായി പോകുന്നു. ഈ 8006 കോടി രൂപ പദ്ധതി നടത്തിപ്പിലേക്കുള്ള വിഭവസമാഹരണമായി കണക്കാക്കുന്നു. പുതിയ രീതിയില്‍ 2013 ഏപ്രില്‍ 1നു ശേഷം വരുന്ന ജീവനക്കാരുടെ മാത്രം ശമ്പളം 10,000കോടി രൂപയുടെ ഗ്രോസ്‌ ചെലവിനു പുറമെ 10,006കോടി രൂപ കൂടി കണ്ടെത്തണം. നിലവിലുള്ള ജീവനക്കാരുടെ കോണ്‍ട്രിബ്യൂഷന്‍ തുടരും. മൊത്തം ക്യാഷും ഔട്ട്‌ ഫ്ലോ 12,000 കോടി രൂപ. ജീവനക്കാരുടെ വിഹിതം കൂടി ക്യാഷ്‌ ഔട്ട്‌ ഫ്ലോ ആയി വരികയും ഇന്ന്‌ ലഭിക്കുന്ന 800 കോടിരൂപയുടെ പദ്ധതി വിഭവ സമാഹരണ സ്രോതസ്സ്‌ നഷ്ടപ്പെടുകയും ചെയ്യുന്നു.

പ്രതിമാസം ഏതാണ്ട്‌ 170കോടിരൂപ ലിക്വിഡ്‌ ക്യാഷ്‌ ആയി മുടക്കം കൂടാതെ നിശ്ചിത തീയതിക്കകം പങ്കാളിത്തപെന്‍ഷന്‍ ഫണ്ടിലേക്ക്‌ അടക്കാന്‍ സാധിക്കുമോ ? വില്ലേജ്‌ ഓഫീസ്‌ തൊട്ട്‌ സെക്രട്ടേറിയറ്റ്‌ വരെ പടര്‍ന്നുനില്‍ക്കുന്ന ഉദ്യോഗസ്ഥ തട്ടുകളില്‍ നിന്നും യഥാസമയം തുക കാശായി ഫണ്ടിലേക്ക്‌ മാറ്റപ്പെടുമോ എന്ന കാര്യത്തില്‍ എന്താണ്‌ ഉറപ്പ്‌ ? ഇതാണ്‌ ജീവനക്കാരെ ആശങ്കപ്പെടുത്തേണ്ടുന്ന യഥാര്‍ഥ വസ്തുത. ഫണ്ടിലടച്ചു കഴിഞ്ഞിട്ടല്ലേ മാര്‍ക്കറ്റില്‍ കരടികള്‍ക്ക്‌ കളിക്കാന്‍ കൊടുക്കുന്ന പ്രശ്നമുദിക്കുന്നത്‌.

ട്രഷറിയില്‍ നിന്നും പണം ബാങ്കുകളിലേക്കോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേക്കോ നേരിട്ട്‌ മാറ്റാനുള്ള ഭരണപരമോ അക്കൗണ്ടിംഗ്‌ പരമായോ ഉള്ള സംവിധാനം ഇപ്പോള്‍ നിലവിലില്ല. സഹകരണസംഘങ്ങള്‍ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ കുടിശിക വരുത്തി റിക്കവറി വന്നാല്‍ ട്രഷറിയില്‍ നിന്നും തുക ഈ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാന്‍ ഇന്ന്‌ വ്യവസ്ഥയില്ല. കുടിശിക തീര്‍ത്ത്‌ ടച്ചു ക്ലിയറന്‍സ്‌ വരുന്നതുവരെ ശമ്പളബില്ല്‌ തടഞ്ഞുവയ്ക്കാനെ സാധിക്കൂ. ഓരോ ഡ്രോയിംഗ്‌ ഓഫീസറും ട്രഷറിയില്‍ നിന്നും ബില്ലിലൂടെ തുക പിന്‍വലിച്ച്‌ ഫണ്ടിലേക്ക്‌ അടയ്ക്കേണ്ടിവരും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഭവനനിര്‍മ്മാണ വായ്പസമ്പ്രദായം നിര്‍ത്തലാക്കി ബാങ്കുകള്‍ വഴി വായ്പ നല്‍കുന്ന സമ്പ്രദായം 2002-03 കാലഘട്ടത്തില്‍ നടപ്പിലാക്കിയതിന്റെ അനുഭവമെന്താണ്‌ ? നിശ്ചിത തീയതിക്കകം ഗഡുക്കള്‍ ബാങ്കില്‍ നിന്ന്‌ ലഭിച്ചില്ലെങ്കില്‍ ജീവനക്കാര്‍ പിഴപലിശ നല്‍കേണ്ടിവരും. ഉദാഹരണത്തിന്‍അഞ്ചാം തീയതി അടക്കേണ്ട തുക ആറാം തീയതി അടച്ചാല്‍ പിഴപ്പലിശ നല്‍കേണ്ടിവരും. പ്രായോഗിക ബുദ്ധിമുട്ടുകള്‍ വന്നതുകൊണ്ട്‌ ആ പദ്ധതിതന്നെ പിന്നീട്‌ ഉപേക്ഷിക്കേണ്ടിവന്ന മുന്‍ അനുഭവം നമ്മുടെ മുമ്പില്‍ ഉണ്ട്‌.

സംസ്ഥാന സര്‍ക്കാരിന്റെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുന്നത്‌ ഭരണഘടനാപരമായി അക്കൗണ്ടന്റ്‌ ജനറലാണ്‌. അതിന്റെ ഭാഗമായി ജനറല്‍ പ്രോവിഡന്റ്‌ ഫണ്ടിന്റെ കണക്ക്‌ എ.ജി സൂക്ഷിക്കുന്നു. ജീവനക്കാര്‍ക്കുള്ള ക്രഡിറ്റ്‌ കാര്‍ഡുകള്‍ ഭംഗിയായി നല്‍കുന്നു. അതേസമയം വകുപ്പുകള്‍ കണക്കുകളും ലഡ്ജറുകളും സൂക്ഷിക്കേണ്ടുന്നതുമുണ്ട്‌. ഉദാഹരണത്തിന്‌ എയിഡഡ്‌ സ്കൂള്‍, കോളേജുകളിലെ ജീവനക്കാരുടെ പ്രോവിഡന്റ്‌ ഫണ്ട്‌ കണക്കുകള്‍ സൂക്ഷിക്കേണ്ടതും വിദ്യാഭ്യാസ വകുപ്പാണ്‌ ലഡ്ജറുകളും വ്യക്തിക്കുള്ള ക്രഡിറ്റ്കാര്‍ഡുകളും യഥാസമയം നല്‍കുന്നതിലെ സ്ഥിതി അക്കൗണ്ടന്റസ്‌ ജനറല്‍ ഓഫീസിലെ സ്ഥിതിയുമായി താരതമ്യം ചെയ്താല്‍ ആ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അനുഭവമെന്താണ്‌ ? ഫാമിലി ബെനിഫിറ്റ്‌ സ്കീം, ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതി എന്നിവയിലെ തങ്ങളുടെ നിക്ഷേപത്തെപ്പറ്റിയുള്ള കണക്കുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ സാധിക്കുന്നുണ്ടൊ ? അതെല്ലാം റിട്ടയര്‍ ചെയ്യുമ്പോള്‍ തട്ടിക്കൂട്ടി കണക്കാക്കി നല്‍കുന്ന സിസ്റ്റം അല്ല ഇപ്പോള്‍ നിലവിലുള്ളത്‌. ഈ നിക്ഷേപങ്ങളെല്ലാം തന്നെ ഭാഗമായി പബ്ലിക്‌ അക്കൗണ്ടില്‍ തന്നെ കിടക്കുന്നതു കൊണ്ട്‌ വലിയ പ്രശ്നമില്ല. അതുപോലെയല്ല ഒരു പെന്‍ഷന്‍ ഫണ്ടിന്റെ കണക്കുകളും ലഡ്ജറുകളും സൂക്ഷിക്കാന്‍.

ഡിപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമായി കണക്കുകള്‍ സൂക്ഷിക്കേണ്ടുന്ന മേഖലകളിലെ ഇന്നത്തെ അവസ്ഥ പരമശോചനീയമാണ്‌. അങ്ങനെയുള്ള അവസ്ഥ കമ്പ്യൂട്ടര്‍വത്കരണത്തില്‍ എത്രമാത്രം പരിഹാരം കാണാന്‍ കഴിയും എന്നതും ചിന്തനീയമാണ്‌. ഇന്‍പുട്ട്‌ ഡേറ്റാ ശരിയായാലെ ഔട്ട്‌ പുട്ട്‌ ഡേറ്റയും ശരിയാവൂ. ഗാര്‍ബേജ്‌ ഇന്‍ ഗാര്‍ബേജ്‌ ഔട്ട്‌ എന്നതാണ്‌ കമ്പ്യൂട്ടറിന്റെ അടിസ്ഥാന തത്ത്വം.

2011-12ല്‍ 8,700 കോടിരൂപ പെന്‍ഷനുവേണ്ടി ചെലവായ സ്ഥാനത്ത്‌ 2021-2022ല്‍ 41,180 കോടിയും 2031-32ല്‍ 1,95,000 കോടി രൂപയുമായി വര്‍ദ്ധിക്കുമെന്നാണ്‌ സര്‍ക്കാര്‍ വാദം. 1964 വരെ പെന്‍ഷനായാല്‍ 7 വര്‍ഷം മാത്രമേ പെന്‍ഷനും കുടുംബ പെന്‍ഷനും കിട്ടുമായിരുന്നുള്ളൂ. 1964 മുതല്‍ക്കാണ്‌ ആജീവനാന്ത പെന്‍ഷനും കുടുംബപെന്‍ഷനും നടപ്പിലാക്കിയത്‌. 1964 മുതല്‍ 2011-12വരെയുള്ള ചെലവിലെ വര്‍ദ്ധന 8,700കോടി മാത്രമായിരിക്കെ അടുത്ത ഒരു ദശകത്തില്‍ 1,53,820 കോടിരൂപയുടെ വര്‍ദ്ധനയുമുണ്ടാകുമെന്ന കണക്കുക്കൂട്ടല്‍ വിചിത്രമെന്നെ പറയാനാവൂ.
നാലുദശകങ്ങളിലെ വര്‍ദ്ധന 8,700കോടി രൂപമാത്രമായിരിക്കെ അടുത്ത ഒറ്റ ദശകവര്‍ദ്ധന 32,000കോടിയും അതിനടുത്ത ദശകത്തില്‍ 1.54ലക്ഷംകോടിയുമായി വര്‍ദ്ധിക്കുമോ ? ഈ സാമ്പത്തികവര്‍ഷത്തിലെ ബജറ്റ്‌ അടങ്കല്‍ 40,000 കോടിയും മാത്രമായിരിക്കെ ഒറ്റ ധനാഭ്യര്‍ത്ഥനയ്ക്കു മാത്രം 41,180 കോടിയും 1,95,000 കോടിയും രൂപ വരുമെങ്കില്‍ മൊത്തം ബജറ്റ്‌ അടങ്കല്‍(40 ഓളം ധനാഭ്യര്‍ത്ഥനകളിലായി) എത്രലക്ഷം കോടി രൂപയായിരിക്കും?
സര്‍ക്കാരിന്റെ ഭാഷ്യമനുസരിച്ച്‌ ഇന്നത്തെ നാലുലക്ഷം പെന്‍ഷന്‍കാര്‍ക്ക്‌ 2021-22ല്‍ വാര്‍ഷിക ശരാശരി പെന്‍ഷന്‍ 10,34,500 രൂപയും 2031-32ല്‍ 48,75,000 രൂപയുമായിരിക്കും. ഇനി 31-32-ല്‍ പെന്‍ഷന്‍കാരുടെ എണ്ണം 8 ലക്ഷമായാല്‍പോലും പ്രതിശീര്‍ഷ പ്രതിവര്‍ഷ പെന്‍ഷന്‍ 24 ലക്ഷമായിരിക്കും. ശരാശരി പ്രതിമാസം 2 ലക്ഷംരൂപ. പെന്‍ഷന്‍കാരെ നിങ്ങള്‍ക്കും കോടീശ്വരനാകാം.

സര്‍ക്കാര്‍ ഗഹനമായി ചിന്തിക്കേണ്ടുന്ന ധാരാളം മാനുഷികനിയമ പ്രശ്നങ്ങള്‍ ഉണ്ട്‌. ഇക്കാര്യത്തില്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന്‌ ചിന്തിച്ചാല്‍ ആറേഴുമാസം കൂടുമ്പോള്‍ പിഎഫ്‌ ലോണ്‍ എടുത്ത്‌ കുട്ടികളുടെ വിദ്യാഭ്യാസം മുതലായ വലിയ ചെലവുകള്‍ നടത്തുന്ന ജീവനക്കാരുടെ എണ്ണം നിസ്സാരമല്ല. 1.4.2013 മുതല്‍ സര്‍വീസില്‍ കയറുന്നവര്‍ ഇത്തരം ആവശ്യങ്ങള്‍ക്ക്‌ എന്തുചെയ്യും ? സര്‍ക്കാര്‍ പലിശരഹിതവായ്പ നല്‍കുമോ? ജഎഞ്ഞഉഅ അനുവദിച്ചാല്‍ ജിപിഎഫ്‌ നിലനിര്‍ത്തുമെന്ന്‌ സര്‍ക്കാര്‍ പറയുന്നു. പങ്കാളിത്ത പെന്‍ഷന്റെ ഒരുഭാഗം പിഎഫ്‌ ഗ്രാറ്റുവിറ്റിക്കു പകരമുള്ളതാണ്‌. അതില്‍ നിന്നും ഒരു സംസ്ഥാനത്തിനു മാത്രം ഇളവു ലഭിക്കുമോ ? അങ്ങനെയെങ്കില്‍ തന്നെ പങ്കാളിത്തപെന്‍ഷന്‍ പിടുത്തത്തിനു പുറമെ കൂടുതല്‍ തുക ജീവനക്കാരുടെ ശമ്പളത്തില്‍ പിടിച്ചാല്‍ ടെക്ക്‌ ഹോം തുക കുറയുകയില്ലെ ?

ഇന്നത്തെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം തുടരുന്നതാണ്‌ സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യത്തിനും ജീവനക്കാരുടെ സാമ്പത്തികസ്ഥിരതയ്ക്കും നല്ലത്‌. പെന്‍ഷന്‍ ഇനത്തിലുള്ള ചെലവു നിയന്ത്രിക്കുകയാണ്‌ സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ഇന്നത്തെ പെന്‍ഷന്‍ സമ്പ്രദായം നിലനിര്‍ത്തി കൊണ്ട്‌ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ നിയമമനുസരിച്ച്‌ പെന്‍ഷന്‍ പറ്റുമ്പോള്‍ ഒറ്റത്തവണയായി നല്‍കുന്നതായിരിക്കും അഭികാമ്യം.

Saturday, September 1, 2012

ജനവിരുദ്ധനയങ്ങളിലേക്ക് ജനശ്രദ്ധ തിരിയുമ്പോള്‍


ടി വി രാജേഷ് 
 
കേരളത്തില്‍ വിവാദങ്ങളുടെ പെരുമഴയ്ക്ക് കുറവൊന്നുമില്ല. യുഡിഎഫ് സര്‍ക്കാര്‍തന്നെയാണ് വിവാദങ്ങളുടെ പ്രായോജകര്‍. ജനകീയപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഈ വിവാദങ്ങള്‍ക്ക് മറവിലെ ദുഷ്ടലാക്ക്. വിശ്വപ്രശംസനേടിയ കേരള മോഡല്‍ വികസനം നോക്കുകുത്തിയാവുകയോ ചവറ്റുകുട്ടയിലെറിയപ്പെടുകയോ ചെയ്യുകയാണ്. പ്രതീക്ഷയ്ക്ക് ഒട്ടും വകയില്ലാത്ത തരത്തിലേക്ക് നീങ്ങുകയാണ് കാര്യങ്ങള്‍.

2012 ആഗസ്ത് 16- സര്‍ക്കാര്‍ജോലിയിലേക്ക് കണ്ണുംനട്ട് പിഎസ്സി റാങ്ക്ലിസ്റ്റില്‍പ്പെട്ട പതിനായിരക്കണക്കിന് വരുന്ന യുവജനങ്ങള്‍ക്ക് മാത്രമല്ല നിലവില്‍ ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കറുത്തദിനമാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍സമ്പ്രദായം ഇല്ലാതാക്കി പങ്കാളിത്തപെന്‍ഷന്‍ കൊണ്ടുവരാനുള്ള തീരുമാനം പ്രഖ്യാപിക്കപ്പെട്ടത് അന്നാണ്. 2012 മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ എന്നാണ് മുഖ്യമന്ത്രിയുടെ ആണയിടല്‍. എന്നാല്‍, യാഥാര്‍ഥ്യം മറ്റൊന്നാണ്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള പിഎഫ്ആര്‍ഡിഎ ബില്‍ നിയമമാകുന്നതോടെ ഇത് നിലവിലുള്ള ജീവനക്കാര്‍ക്കും ബാധകമാകും. പുതിയ പെന്‍ഷന്‍പദ്ധതി സേവനദാതാക്കളായ സര്‍ക്കാര്‍ മേഖലയുടെ ആകര്‍ഷണീയത മുഴുവനും തല്ലിക്കെടുത്തും. നിയമാനുസൃത പെന്‍ഷന്‍ സമ്പ്രദായംതന്നെയാണ് സര്‍ക്കാര്‍ജോലിയുടെ എല്ലാകാലത്തെയും വലിയ മേന്മയായി കണ്ടിരുന്നത്. എന്നാല്‍, പുതിയ പെന്‍ഷന്‍പദ്ധതി മികവുള്ളവരെ മുഴുവന്‍ പുതിയമേച്ചില്‍പ്പുറം തേടാന്‍ പ്രേരിപ്പിക്കും.

അധ്യാപക- സര്‍വീസ് മേഖലകളുടെ നിലവാരം ആകെ തകരും. നിലവിലുള്ള പെന്‍ഷന്‍ സമ്പ്രദായപ്രകാരം വിരമിക്കുന്ന ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയാണ് പെന്‍ഷനായി ലഭിക്കുക. എന്നാല്‍ നിര്‍ദിഷ്ട പങ്കാളിത്ത പെന്‍ഷന്‍ അത്തരത്തിലുള്ള ഒരു ഉറപ്പും നല്‍കുന്നില്ല. അടിസ്ഥാന ശമ്പളത്തിന്റെ പത്തുശതമാനം ജീവനക്കാരും അത്രയും തുക സര്‍ക്കാരും പെന്‍ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കും. തുടര്‍ന്ന് ഈ തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച് അതിന്റെ ലാഭമെടുത്ത് പെന്‍ഷന്‍ നല്‍കാനാണ് പദ്ധതി. പെന്‍ഷന്‍ഫണ്ട് കൂടി ഫലത്തില്‍ ഊഹക്കച്ചവടത്തിലേക്ക് കടത്തിവിടുന്നുവെന്നാണ് അര്‍ഥം; അതുവഴി സ്വദേശ- വിദേശ കുത്തകകള്‍ക്കെല്ലാം ഇഷ്ടംപോലെ ഈ പണമെടുത്ത് പെരുമാറാം. കുത്തകകള്‍ക്ക് പണംകൊണ്ട് വീര്‍ക്കാമെന്നല്ലാതെ ഇതില്‍ വേറെ കാര്യമില്ല. ഓഹരിക്കമ്പോളത്തിന്റെ കയറ്റിറക്കങ്ങള്‍ പ്രകാരമുള്ള ദാക്ഷിണ്യങ്ങള്‍ക്ക് കൈനീട്ടി നില്‍ക്കേണ്ടിവരും പാവം പെന്‍ഷന്‍കാരന്‍! നിയമാനുസൃത പെന്‍ഷന്‍ സമ്പ്രദായത്തിലെ കുടുംബപെന്‍ഷന്‍, പങ്കാളിത്ത സമ്പ്രദായത്തില്‍ പൂര്‍ണമായും അസ്തമിക്കും. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഈ സമ്പ്രദായം നടപ്പാക്കിയ രാജ്യങ്ങളിലേതുപോലെ, പെന്‍ഷന്‍തന്നെ നഷ്ടമാകുന്ന ദുരന്തത്തിലെത്തിക്കും. വിരമിച്ചവരുടെ വരുമാനം ഒറ്റ ദിവസംകൊണ്ട് നിശ്ചലമാവും; കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാവും. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് സര്‍ക്കാരിന് നേട്ടമൊന്നുമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി, പിന്നെ എന്തിന് ഇക്കാര്യത്തില്‍ അനാവശ്യധൃതിയെന്ന ചോദ്യത്തിന് ഇപ്പോഴും നിഗൂഢമായ മൗനം ദീക്ഷിക്കുകയാണ്. ഈ മൗനത്തിന്റെ കാണാപ്പുറം കണ്ടെത്താനും ചോദ്യം ചെയ്യാനും കേരളത്തിലെ യുവനജങ്ങള്‍ക്ക് ബാധ്യതയുണ്ട്.

പെന്‍ഷന്‍സമ്പ്രദായത്തെ ലാഭനഷ്ടക്കണക്കിന്റെ ഗ്രാഫ് വരച്ച് നോക്കിക്കാണുന്നത് ജനാധിപത്യ-ക്ഷേമരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് ഭൂഷണമല്ല. ജനതയുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിന്റെ പേരില്‍ യുവതലമുറ അവരുടെ ജീവിതാഭിലാഷങ്ങള്‍ ബലിനല്‍കണമെന്ന് പറയുന്നത് സുതാര്യതയില്‍ ഊറ്റംകൊള്ളുന്ന ഒരു സര്‍ക്കാരിന്റെ തൊടുന്യായമായേ ജനങ്ങള്‍ കാണൂ. പെന്‍ഷന്‍ നല്‍കുന്നതോടെ പ്രായമായവരുടെ സാമൂഹ്യസുരക്ഷിതത്വം സാധ്യമാകുന്നതോടൊപ്പം അത് സമൂഹത്തിന്റെ ആകെ വാങ്ങല്‍ശേഷിയെ ത്വരിതപ്പെടുത്തുകയും വികസനത്തിന് വലിയ മുതല്‍മുടക്കാവുകയുംചെയ്യും. പെന്‍ഷന്‍ ഇല്ലാതാകുന്നതോടെ സാമൂഹ്യവികസനംതന്നെ അവതാളത്തിലാവും. വാങ്ങല്‍ശേഷി ഇടിയുന്നതോടെ റവന്യൂ വരുമാനം കുത്തനെ കുറയും. അത് റവന്യൂകമ്മി വര്‍ധിക്കുന്നതിന് ഇടയാക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അക്ഷരാര്‍ഥത്തില്‍ നിലവിലുള്ള ജീവനക്കാരെയും പുതുതായി സര്‍വീസില്‍ വരുന്നവരെയും ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ഒരു പദ്ധതിമാത്രമായി വഴിമാറും.

പങ്കാളിത്ത പെന്‍ഷനോടൊപ്പം പെന്‍ഷന്‍പ്രായം അറുപതാക്കാനുള്ള തീരുമാനത്തിന്റെ സൂചനകളും പുറത്തുവന്നുകഴിഞ്ഞു. അതിനെ സാധൂകരിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രസ്താവനകളും കേരളം കേട്ടുകഴിഞ്ഞു. തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം മറ്റൊരുവഴിക്കും നടക്കുന്നു. കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മ പരിഗണിക്കാതെയുള്ള ഏതൊരു തീരുമാനവും ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം ക്ഷണിച്ചുവരുത്തും. 2011-ല്‍ വിവിധ തസ്തികകളിലേക്ക് പിഎസ്സിക്ക് ലഭിച്ച അപേക്ഷകളുടെ എണ്ണം 31,08,683 ആണ്. കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും സര്‍ക്കാര്‍ തൊഴിലന്വേഷകരുടെ എണ്ണവും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാകാത്തവിധം ഭീമമാണ്. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കല്‍ സര്‍ക്കാരിന്റെ നയമല്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയയാളാണ് നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍, പെന്‍ഷന്‍പ്രായം 56 ആക്കി ഉയര്‍ത്തിയപ്പോള്‍ അതിന് ന്യായം പറഞ്ഞത്, ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ ദൂരീകരിക്കാനാണെന്നാണ്. ഒടുവില്‍, പെന്‍ഷന്‍പ്രായം 60 ആക്കുകതന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് തെളിഞ്ഞിരിക്കുന്നു.

യുവജനങ്ങളുടെ വികാരമുള്‍ക്കൊണ്ട് പാക്കേജ് കൊണ്ടുവരുമെന്നും ഇക്കാര്യത്തില്‍ പ്രായോഗികമായ എന്തു നിര്‍ദേശവും സ്വീകരിക്കുമെന്നും നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിന് (മാര്‍ച്ച് 22) മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്ത് പാക്കേജാണ് യുവജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കൊട്ടിഘോഷിക്കപ്പെടുന്ന സംസ്ഥാനസംരംഭക മിഷന്‍ ഇപ്പോള്‍ വെറും വാഗ്ദാന മിഷന്‍മാത്രമാണ്. 2011 നവംബര്‍ ഒന്നിന് സംസ്ഥാന സ്വയംസംരംഭകകമീഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുക എന്ന ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ (നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 6767): ഇന്ത്യയിലെ തൊഴിലില്ലാത്തവരില്‍ 10 ശതമാനം കേരളത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരാണ് ഇതില്‍ ഏറ്റവും കൂടുതല്‍. ഇവരുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഉണ്ടാക്കുകയാണ് ഈ മിഷന്റെ പ്രവര്‍ത്തനലക്ഷ്യം. ഒരു ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും, അഞ്ചുലക്ഷം പരോക്ഷ തൊഴിലവസരങ്ങളും ഉറപ്പാക്കും. എന്നാല്‍, വസ്തുത എന്താണെന്നതിന് മന്ത്രിയുടെ തന്നെ 2012 ജൂണ്‍ 18ന്റെ (നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 1717) മറുപടി,22 സംരംഭങ്ങള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. മിഷന്‍ വെറും പ്രചാരണമിഷന് മാത്രമായിരുന്നുവെന്നതിന് വേറൊരു തെളിവ് ഇനി വേണ്ട. കാര്‍ഷിക വ്യാവസായിക സംരംഭം വേണ്ടത്ര വികസിച്ചിട്ടില്ലാത്ത കേരളത്തില്‍ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതോടെ സര്‍ക്കാര്‍ജോലി എന്ന പ്രതീക്ഷതന്നെ അസ്ഥാനത്താകും. ഏകദേശം 1400 പിഎസ്സി റാങ്ക്ലിസ്റ്റില്‍ നിയമനം കാത്തുകഴിയുന്ന പതിനായിരക്കണക്കിന് യുവജനങ്ങളുടെ സര്‍ക്കാര്‍ജോലി എന്ന സ്വപ്നം കരിഞ്ഞുണങ്ങും. രാജ്യത്തെ സംഘടിതമേഖലയിലെ തൊഴിലവസരങ്ങളില്‍ വന്ന ഇടിവ്, റെയില്‍വേ- ബാങ്കിങ് മേഖലകളിലെ തസ്തിക വെട്ടിക്കുറയ്ക്കലും ഔട്ട് സോഴ്സിങ്ങും തുടങ്ങി, മറ്റു വഴികളില്ലാതെ ഉദ്യോഗാര്‍ഥികള്‍ നെട്ടോട്ടമോടുമ്പോഴാണ് കേരള സര്‍ക്കാരിന്റെയും ഇടിത്തീയാകുന്ന തീരുമാനങ്ങള്‍! നെല്ലിയാമ്പതി വിവാദത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന യുഡിഎഫ് യുവ എംഎല്‍എമാര്‍ ഇക്കാര്യങ്ങളിലെല്ലാം കുറ്റകരമായ മൗനം പാലിക്കുകയാണ്.

യുവജനങ്ങളുടെ പ്രതീക്ഷയും സ്വപ്നങ്ങളും തകര്‍ക്കുന്ന സര്‍ക്കാര്‍നയങ്ങളെ അവര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മാത്രമല്ല വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ നവലിബറല്‍ അജന്‍ഡകളെ സമര്‍ഥമായി ഒളിപ്പിക്കുകയുമാണ്. സാമാന്യബുദ്ധിയുള്ളവര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാനാവും. വൈദ്യുതിചാര്‍ജ്, തോട്ടംഭൂമി ടൂറിസം ആവശ്യത്തിന് ഉപയോഗിക്കല്‍, നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമങ്ങളുടെ അട്ടിമറി, ഭൂപരിഷ്കരണനിയമം ഭൂമാഫിയകള്‍ക്കുവേണ്ടി ഭേദഗതി ചെയ്യല്‍, തൊഴിലില്ലായ്മ വേതന നിഷേധം, വിദ്യാഭ്യാസ മേഖലയിലെ പ്രീണന കച്ചവട നിലപാടുകള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മനുഷ്യാവകാശകമീഷന്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ നിന്ന് മഹാഭൂരിപക്ഷം വരുന്നവരെ ഒഴിവാക്കല്‍- ഈ ജനകീയ പ്രശ്നങ്ങളോടെല്ലാം എന്ത് നിലപാടെടുത്തു നമ്മുടെ യുവതുര്‍ക്കികള്‍ എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. എന്തായാലും, അധികകാലം ഈ മുഖംമൂടികള്‍ക്ക് ആയുസ്സില്ലെന്ന് ജനങ്ങള്‍തന്നെ കാട്ടിക്കൊടുക്കും!

വാക്കും പ്രവൃത്തിയും ഇങ്ങനെ അജഗജാന്തരം വേറിട്ടുനില്‍ക്കുന്ന മറ്റൊരു ഭരണകൂടത്തെ കേരളം കണ്ടിട്ടുണ്ടാകില്ല. ജനസമ്പര്‍ക്കമെന്ന കണ്ണില്‍പ്പൊടിയിടലിലൂടെ സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ ചാക്കില്‍കെട്ടി ഇറക്കുകയാണ്. കൂടാതെ ജനശ്രദ്ധ തിരിക്കാന്‍ കള്ളക്കേസുകളും ഹീനമായ വ്യക്തിഹത്യാശ്രമങ്ങളും. നേതാക്കളെ ജയിലിലടച്ച് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാമെന്ന കുടിലതന്ത്രമാണ് പയറ്റുന്നത്. വാദികളും പ്രതികളുമായി വിവാദങ്ങളുടെ സ്പോണ്‍സേര്‍ഡ് നാടകങ്ങള്‍ വേറൊരുഭാഗത്ത്. അതിലെ നായക- ഉപനായക വേഷങ്ങളായി യുവ എംഎല്‍എമാരുടെ വേറെ പ്രകടനങ്ങള്‍. എല്ലാം എല്ലാകാലത്തേക്കുമായി കണ്ടുനില്‍ക്കാന്‍ ഈ കേരളത്തിനു കഴിയില്ല. ഇവിടത്തെ പ്രബുദ്ധരായ യുവജനം പോരാട്ടവീറില്‍ ആളിക്കത്തുക തന്നെചെയ്യും.

ദേശാഭിമാനി 01 സെപ്തംബര്‍ 2012