നിശ്ചിത പെന്‍ഷനുപകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന
സര്‍ക്കാര്‍ നീക്കം ജീവനക്കാര്‍ക്കോ സംസ്ഥാനത്തിനോ ഗുണകരമാകില്ല.
അതുകൊണ്ടുതന്നെ ശക്തമായി എതിര്‍ക്കപ്പെടണം. പെന്‍ഷന് വേണ്ടതുക ജീവനക്കാര്‍
അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്നതാണ് പുതിയ പെന്‍ഷന്‍
പദ്ധതിയുടെ മര്‍മം. നാലുലക്ഷ്യമാണ് അതുകൊണ്ട് സര്‍ക്കാര്‍ ഉന്നമിടുന്നത്.
ഒന്ന്, പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഒഴിവാകുക. രണ്ട്,
പെന്‍ഷന്‍തുക ചൂതാട്ടവിപണിയിലേക്ക് വഴിതിരിച്ചുവിടുക. മൂന്ന്, ലോകത്തിലെ
വന്‍കിട പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ പെന്‍ഷന്‍ വിപണിയില്‍
നിക്ഷേപസാധ്യതയൊരുക്കുക. നാല്, പുതിയ പദ്ധതിയുടെ മറവില്‍ പെന്‍ഷന്‍പ്രായം
60 ആയി ഉയര്‍ത്തുക.
വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ്
ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍
അയാളുടെ സേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ
പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം. തുല്യസംഖ്യ സര്‍ക്കാരും
നിക്ഷേപിക്കും. ഈ തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല.
നിക്ഷേപത്തുകയുടെ 50 ശതമാനം പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട
പെന്‍ഷന്‍ഫണ്ട് മാനേജര്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരിമൂല്യം
ഉയര്‍ന്നാല്‍ ലാഭം കിട്ടും. ഇടിഞ്ഞാല്‍ നഷ്ടം ജീവനക്കാര്‍ സഹിക്കണം.
ഓഹരിക്കമ്പോളം വന്‍തകര്‍ച്ചയെ നേരിട്ടാല്‍, നിക്ഷേപത്തുകതന്നെ നഷ്ടമാകും.
ചൂതാട്ടരീതിയാണിത്.
60 വയസ്സില്‍ പിരിയുമ്പോള്‍ അടച്ച തുകയില്‍ 40
ശതമാനം പ്രതിമാസം നിശ്ചിതവരുമാനം നേടിത്തരുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ്
പോളിസിയില്‍ നിക്ഷേപിക്കണം. പ്രസ്തുത വരുമാനമായിരിക്കും പെന്‍ഷന്‍. 60
ശതമാനം പിന്‍വലിക്കാം. ഓഹരി നിക്ഷേപസംഖ്യകുറച്ചതിന്റെ 60 ശതമാനമാണ്
പിന്‍വലിക്കാന്‍ കഴിയുക. 60 വയസ്സിനുമുമ്പേ വിരമിക്കുകയാണെങ്കില്‍ 20
ശതമാനമേ പിന്‍വലിക്കാവൂ. ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിര്‍ത്തലാക്കും.
പ്രാരംഭത്തില്‍, പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായിരിക്കും
പുതിയ പെന്‍ഷന്‍പദ്ധതി ബാധകം. എന്നാല്‍, ഓരോ വര്‍ഷവും സര്‍ക്കാര്‍ജോലി
കിട്ടുന്നവരുടെ എണ്ണം പരിമിതമായതുകൊണ്ട് കാര്യമായ മിച്ചം സര്‍ക്കാരിനു
ലഭിക്കില്ല. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പ്രാവര്‍ത്തികമാക്കികഴിഞ്ഞാല്‍
നിലവിലുള്ള ജീവനക്കാരെയും പദ്ധതിക്കു കീഴിലാക്കാന്‍ മടിക്കില്ല.
പെന്‍ഷന്‍ഫണ്ട് ഉപയോഗിച്ച് ഓഹരിവ്യാപാരംനടത്തുന്ന വന്‍ സ്ഥാപനങ്ങളാണ്
പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളത്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍
വലുപ്പവും വ്യാപാരവുമാണ് അവയ്ക്കുള്ളത്.
20 ട്രില്യന്‍ ഡോളറിന്റെ
(ട്രില്യന്‍=കോടികോടി; ഒന്നിനുശേഷം 12 പൂജ്യം) ആസ്തിയുടെ ഉടമകളാണ് അവര്‍
എന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ പെന്‍ഷന്‍ഫണ്ടുകളുടെ ആസ്തിമൂല്യം
10 ട്രില്യന്‍ ഡോളറാണ്. ഓഹരിക്കമ്പോളം തകരുമ്പോള്‍ വലുപ്പമനുസരിച്ച്
പതനത്തിന്റെ തീവ്രതയും കൂടുമെന്ന് പറയേണ്ടതില്ല. 2008ലെ സാമ്പത്തിക
പ്രതിസന്ധിയില്‍ അവയില്‍ പലതും നിലംപൊത്തിയത് സമീപകാല അനുഭവമാണ്.
യാഥാര്‍ഥ്യത്തിനു നിരക്കാത്തതും ദുര്‍ബലവുമായ വാദങ്ങളാണ് പുതിയ
പെന്‍ഷന്‍പദ്ധതിക്ക് ആധാരമായി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെന്‍ഷന്‍കാര്‍
സര്‍ക്കാരിനു ദുര്‍വഹമായ ബാധ്യതയാണെന്ന വാദം സംസ്കാരമുള്ള സമൂഹത്തിന്
ചേര്‍ന്നതല്ലെന്നുമാത്രമല്ല, ദുര്‍ബലവുമാണ്. പെന്‍ഷന്‍ ചെലവിനെ കേവലമായ
അര്‍ഥത്തിലല്ല പരിഗണിക്കേണ്ടത്. സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനം
ഉയര്‍ന്നിട്ടുണ്ട്. മൊത്തം റവന്യൂ ചെലവും വര്‍ധിച്ചിട്ടുണ്ട്. ആകെ ചെലവും
വര്‍ധിച്ചിട്ടുണ്ട്. സ്വാഭാവികമായ വളര്‍ച്ച പെന്‍ഷന്‍- ശമ്പളചെലവുകളിലും
ഉണ്ടാകും. വരുമാനവും ചെലവുകളും കൂടുമ്പോള്‍ പെന്‍ഷനും ശമ്പളവും സ്ഥായിയായി
തുടരണമെന്ന് എങ്ങനെ ശഠിക്കാനാകും? പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും
എണ്ണത്തിനും സാധനവിലക്കയറ്റത്തിനും അനുസരണമായി ആ ഇനങ്ങളിലെ ചെലവുകളും ഉയരുക
സ്വാഭാവികം. വാസ്തവത്തില്‍ പെന്‍ഷന്റെയും ശമ്പളത്തിന്റെയും അനുപാതത്തില്‍
കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
സംസ്ഥാന
പ്ലാനിങ് ബോര്‍ഡിന്റെ 2011ലെ ഇക്കണോമിക് റിവ്യൂ ഇക്കാര്യം വ്യക്തമാക്കും.
(വോളിയം 2 അനുബന്ധം 2.3) സംസ്ഥാന ബജറ്റിനൊപ്പം പ്രസിദ്ധീകരിക്കപ്പെടുന്ന
ബജറ്റ് ഇന്‍ ബ്രീഫ് രേഖപ്രകാരം, 2005-06ല്‍ 15,295 കോടി രൂപയായിരുന്ന
റവന്യൂ വരുമാനം, 2011-12 ലെ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 39,588
കോടിയായി വര്‍ധിച്ചു. റവന്യൂ ചെലവ് 18,424 കോടി രൂപയില്‍നിന്ന് 45,060 കോടി
രൂപയായും വര്‍ധിച്ചു. മൂലധനചെലവുള്‍പ്പെടെ മൊത്തം ചെലവാകട്ടെ 18,048
കോടിയില്‍നിന്ന് 50,983 കോടിയായും വളര്‍ന്നു. പട്ടിക ഒന്ന് ശ്രദ്ധിക്കുക.
പെന്‍ഷന്‍ അനുപാതം 2005-06ലെ അതേനിലയില്‍ തുടരുകയാണ് 2011-12ലും. അല്‍പ്പം
വര്‍ധനയുണ്ടായത് ശമ്പളത്തിന്റെ അനുപാതത്തിലാണ്. പെന്‍ഷകാര്‍ കൂടുതല്‍
വര്‍ഷം ജീവിച്ചിരിക്കുന്നു എന്ന ആക്ഷേപം, ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍
മനുഷ്യത്വരഹിതമായ പ്രസ്താവനയാണ്. ആയുര്‍ദൈര്‍ഘ്യം സമൂഹം കൈവരിച്ച
പുരോഗതിയുടെ അളവുകോലായാണ് ഏത് പരിഷ്കൃത സമൂഹവും വിലയിരുത്തുന്നത്. ആരോഗ്യ-
വിദ്യാഭ്യാസ- സാമൂഹ്യസുരക്ഷാമേഖലകളില്‍ കേരളം കൈവരിച്ചനേട്ടങ്ങളുടെ
ആകെത്തുകയാണത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കൈവരിച്ച
സംസ്ഥാനമാണ് കേരളം.
2006ലെ സര്‍വേപ്രകാരം, 74 വയസ്സാണ് കേരളീയന്റെ
ശരാശരി ആയുര്‍ദൈര്‍ഘ്യം. (78.5 വര്‍ഷമാണ് അമേരിക്കക്കാരന്റേത്). ഏറ്റവും
കുറവ് മധ്യപ്രദേശിലാണ് 58 വയസ്സ്. ദാരിദ്ര്യവും രോഗബാധയും കൂട്ടി
മധ്യപ്രദേശിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാകുമോ മാണിയുടെയും ഉമ്മന്‍
ചാണ്ടിയുടെയും മനോഗതം? റോഡിലെ കുണ്ടും കുഴിയും നിലനിര്‍ത്തിയാല്‍ വാഹനവേഗം
കുറഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്ന "കുണ്ടുകുഴി സിദ്ധാന്ത"മാകുമോ
മനസ്സിലുള്ളത്? സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃതവിഭാഗങ്ങളിലൊന്നാണ്
പെന്‍ഷന്‍കാര്‍. സമൂഹം പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കേണ്ടവരാണ് അവര്‍.
സേവനകാലത്തെ അധ്വാനത്തിന്റെ മാറ്റിവയ്ക്കപ്പെട്ട വേതനമായി വേണം പെന്‍ഷനെ
പരിഗണിക്കാന്‍. അതതുമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് ഭൂരിപക്ഷത്തിന്റെയും
ഏക കുടുംബവരുമാനമാര്‍ഗം. പണക്കാര്‍ വല്ലപ്പോഴും ബാങ്കില്‍ പോയി വന്‍തുക
കൈമാറുമ്പോള്‍, ഓരോ മാസവും ഒന്നാം തീയതിതന്നെ പെന്‍ഷന്‍
ട്രഷറിക്കുമുന്നില്‍ കാണപ്പെടുന്ന നീണ്ട ക്യൂ സമ്പന്നതയുടെയല്ല
ദാരിദ്ര്യത്തിന്റെയും പരാധീനതയുടെയും സൂചനകളാണ്. പെന്‍ഷന്‍ കുറയുകയോ
ഇല്ലാതാകുകയോ ചെയ്യുന്ന നിമിഷം ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ
പടുകുഴിയില്‍ പതിക്കും. പെന്‍ഷന്‍ ചെലവ് സമ്പദ് വ്യവസ്ഥയുടെ
ചലനാത്മകതയ്ക്ക് ആക്കം കൂട്ടുന്ന വസ്തുത വിസ്മരിച്ചുകൂടാ.
2010-11ല്‍
വിതരണം ചെയ്യപ്പെട്ടത് 5767 കോടി രൂപയുടെ പെന്‍ഷനാണ്. ഈ തുകയില്‍
നാമമാത്രഭാഗംപോലും നിര്‍ജീവമായി സമ്പാദ്യപ്പെട്ടിയിലേക്ക്
വഴിതിരിയുന്നില്ല. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന്
ചെലവാക്കപ്പെടുകയാണ്. അങ്ങനെ സമ്പദ് വ്യവസ്ഥ ഉത്തേജിക്കപ്പെടുകയാണ്.
പെന്‍ഷന്‍ ഇല്ലാതാകുന്ന നിമിഷം, യുഡിഎഫ് ഭരണത്തില്‍ പ്രസ്തുത തുകയുടെ
ഗണ്യമായ ഭാഗം ചെന്നുചേരുക കോണ്‍ട്രാക്ടര്‍മാരുടെയും
ഉദ്യോഗസ്ഥപ്രമാണികളുടെയും വന്‍പണക്കാരുടെയും കൈകളിലേക്കായിരിക്കും. സമ്പദ്
വ്യവസ്ഥയെ ബഹുകാതം പിന്നോട്ടുനയിക്കാനേ അത് ഉപകരിക്കൂ. പൊന്‍മുട്ടയിടുന്ന
താറാവിനെ കൊല്ലുന്നതിനുതുല്യമായിരിക്കുമിത്.
*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 02 ആഗസ്റ്റ് 2012
No comments:
Post a Comment