Wednesday, August 29, 2012

പങ്കാളിത്ത പെന്‍ഷന്‍ (സോജന്‍ പി ആന്റണിയുടെ ബ്ലോഗില്‍ നിന്ന്.)

സംസ്ഥാന ജീവനക്കരുടെ സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സമ്പ്രദായം  അവസാനിപ്പിച്ച്  പങ്കാളിത്ത പെന്‍ഷന്‍ സ്കീം  സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.
                നിലവിലുള്ള പെന്‍ഷന്‍ പദ്ധതി സര്‍ക്കാരിന് വലിയ ബാധ്യത  ഉണ്ടാക്കുന്നതും  സാമ്പത്തിക പ്രതിസന്ധി നേരിടുന്ന  സര്‍ക്കാരിന് ഒരു തരത്തിലും തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കുന്നതല്ലെന്നുമാണ് പറയപ്പെടുന്നത്.  നിലവിലുള്ള ജീവനക്കാരെക്കാള്‍ കൂടുതലാണ്  പെന്‍ഷന്‍ക്കാരുടെ എണ്ണം.  അതിന് കാരണമായി പറയപ്പെടുന്നത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യം ഉള്ളവര്‍  കേരളസംസ്ഥാനത്ത് ജീവിക്കുന്നവരാണ്.  എന്നാല്‍ മറ്റെല്ലാ സംസ്ഥാത്തെക്കാള്‍  ഏറ്റവും കുറഞ്ഞ പെന്‍ഷന്‍പ്രായം നിലനില്‍ക്കുന്നതാകട്ടെ കേരളത്തിലും.
                2013 ആഗസ്റ് മാസം മുതല്‍   പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക്  പങ്കളിത്തപെന്‍ഷന്‍ സമ്പ്രദായം ബാധകമാകും. അടിസ്ഥാന ശമ്പളത്തിന്റെയും DA യുടെയും 10%  ജീവനക്കാരന്‍  പെന്‍ഷന്‍ ഫണ്ടിലേക്ക്  ഓരോ മാസവും നിക്ഷേപിക്കണം. അതിന്റെ തുല്ല്യമായ തുക  സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി പെന്‍ഷന്‍ ഫണ്ടില്‍  നിക്ഷേപിക്കും.  ഇവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നല്കുകയില്ല. എന്നാല്‍ പെന്‍ഷന്‍ഫണ്ടില്‍ സ്വരൂപിക്കുന്ന തുകയുടെ  ഒരു നിശ്ചിതഭാഗം റിട്ടയര്‍മെന്റ്  സമയത്ത്  ബെനഫിറ്റായി നല്‍കും.  ബാക്കി തുക ഉപയോഗിച്ച് അവര്‍ക്ക് ബാക്കി കാലം പെന്‍ഷന്‍ നല്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പടുന്നത്.
                ഇതില്‍ സര്‍ക്കാരിന് സാമ്പത്തിക ആശ്വാസം ലഭിക്കുന്നത്  എവിടെയാണ് എന്നാണ് മനസ്സിലാക്കാത്തത്.  സര്‍വ്വീസിലുള്ള ജീവനക്കാരന്റെ പേരില്‍ അവന്‍ ജോലി ചെയ്യുന്ന സമയത്ത്  തന്നെ സര്‍ക്കാര്‍ 10% ശമ്പളവും ഡി.എ യും  പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷപിക്കേണ്ടി വരുന്നു.  പിന്നീട് അയാള്‍ മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം കഴിഞ്ഞ്  റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ കൊടുക്കാതെ  കഴിയുന്നു. എന്നാല്‍ നിലവില്‍  സര്‍ക്കാരിന് ഇത് അധിക ബാധ്യതയാവുകയാണ് ചെയ്യുന്നത്.   എന്നീട്ടും സര്‍ക്കാര്‍ ഇതിനായി വര്‍ദ്ധിച്ച ഉത്സാഹത്തോടെ ശ്രമിക്കുന്നത് എന്തു കൊണ്ട് ?
                ഇതിനുള്ള ഉത്തരം വളരെ ലഴിതമാണ്. ജീവനക്കാരില്‍ നിന്നു പിടിച്ചെടുത്ത് നിക്ഷപിക്കുന്ന  വിഹിതവും സര്‍ക്കാര്‍ നിക്ഷപിക്കുന്ന 10 % വും ഖജനാവിലേക്കല്ല  മറിച്ച്  പെന്‍ഷന്‍ ഫണ്ടിലേക്കാണ് വന്നു ചേരുന്നത്.   ഈ ഫണ്ട്  കൈകാര്യം ചെയ്യുന്നതാകട്ടെ പെന്‍ഷന്‍ ഫണ്ട്‌   മാനേജര്‍മാരാണ്. പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ആരാണ്.?
                കേന്ദ്രസര്‍ക്കാരിന്റെ ന്യൂ പെന്‍ഷന്‍ സിസ്റം (NPS) ആവിഷ്കരിച്ചിരിക്കുന്നത് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി  ഡവലപ്പ്മെന്റ് അതോറിറ്റി  (PFRDA) ആണ്. അവര്‍ നിശ്ചയിച്ചിരിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി  സ്വദേശത്തോ വിദേശത്തോ ഉള്ള സാമ്പത്തിക ഏജന്‍സികള്‍ക്ക്  ഈ ഫണ്ട് ഏറ്റെടുക്കാവുന്നതാണ്.  നിബന്ധനകളെല്ലാം വളരെ ഉദാരമാക്കി കൊണ്ട്  നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി.
പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ രണ്ടു വിധത്തില്‍ ഉള്ളവരാണ്. ഇന്‍ഷൂറന്‍ കമ്പനികളും  മോണിറ്റര്‍ ഫണ്ട് ഇന്റസ്ട്രീസും. (MF), ഇതില്‍ MF   ഇന്‍ഡസ്ട്രീസിന്റെ കാര്യത്തില്‍  ഇപ്പോള്‍  PFRDA യ്ക്ക് അതൃപ്തി ഉണ്ടെങ്കിലും  അതെല്ലാം അംഗീകരിക്കപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്.  ഈ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരായ  സ്വദേശ വിദേശ കുത്തകകള്‍ക്ക്  പണം അവരുടെ ബിസിനസ്സില്‍ നിക്ഷേപിക്കുകയും  അതില്‍ നിന്നും ലഭിക്കുന്ന ആദായം  പിന്നീട് പെന്‍ഷന്‍ നല്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെത്രേ.
                എന്നാല്‍ ഈ തുക എന്തുകൊണ്ട്  സര്‍ക്കാര്‍ നിക്ഷേപമായി സ്വീകരിച്ച്  പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചെയ്യുമെന്ന്  പറയുന്ന പ്രവര്‍ത്തി  സര്‍ക്കാര്‍ ചെയ്യുന്നില്ല.  അതാണെങ്കില്‍ ജീവനക്കാരന് ഒരു വിശ്വാസ്യതയും ഉണ്ടാകും.  ഇത് ഒരു ഗ്യാരണ്ടീഡ് പദ്ധതിയല്ല.  മിനിമ പെന്‍ഷന്‍ എത്ര ലഭിക്കുമെന്നതിന്   ഒരു ഗ്യാരണ്ടിയുമില്ല.   പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ ചെയ്യുന്ന ഷെയര്‍ ചൂതാട്ടത്തില്‍  ലാഭം ലഭിച്ചില്ലെങ്കില്‍ , നിര്‍ബന്ധപൂര്‍വ്വം നിക്ഷപിക്കപ്പെട്ട ജീവനക്കാരന്റെ  പണത്തിന് എന്തു സംഭവിക്കുമെന്നതിന് ഉത്തരമില്ല.
                സര്‍ക്കാര്‍ ജോലിയുടെ  ഏറ്റവും ആകര്‍ഷണം എന്നു വിശേഷിപ്പിക്കപ്പെടുന്ന പെന്‍ഷന്‍ ജീവനക്കാരന്  നഷ്ടപ്പെടുന്നു.  അതിന്റെ നേട്ടം സര്‍ക്കാരിന് ലഭിക്കുന്നില്ല.  മറ്റ് ജനവിഭാഗങ്ങള്‍ക്കൊന്നും   ലഭിക്കുന്നില്ല.  ലഭിക്കുന്നതാകട്ടെ  സ്വദേശ വിദേശ കുത്തകകളായ പെന്‍ഷന്‍ ഫണ്ട്  മാനേജര്‍മാര്‍ക്ക് മാത്രം. റിലയന്‍സ്, ബിര്‍ള, മാക്സ് പ്രീമിയം തുടങ്ങിയ ഫണ്ട്  മാനേജര്‍മാര്‍  ഭരണക്കാരുടെ അളിയന്‍മാര്‍ ആയതുകൊണ്ടാകാം.
                പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ല്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രം ബാധകമാണെന്ന് പറയുമ്പോള്‍ തന്നെ ഇതിന്റെ  ഗുണം സര്‍ക്കാരിന്  ലഭിക്കാന്‍  ഇപ്പോള്‍ സര്‍വ്വീസിലുള്ളവര്‍ക്ക്  ബാധകമാക്കിയാലേ കഴിയൂ എന്നും കേരളം, ബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴികെ  ബാക്കി എല്ലാ  സംസ്ഥാനത്തും 2004   പ്രാബല്യത്തോടെ നിലവില്‍ വന്നു  എന്നും, അതിനാല്‍ ഇവിടേയും ഇത് വേണ്ടിവരും എന്നും സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു, അതായത് 2004 പ്രാബല്യത്തോടെ കേരളത്തിലും  പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുമെന്നര്‍ത്ഥം.  പക്ഷേ അതുകൊണ്ടൊന്നുമായില്ല. PFRDA ബില്‍ പാര്‍ലിമെന്റില്‍  പാസാകുന്ന മുറക്ക് ഇന്ന്  സര്‍വ്വീസിലുള്ളവര്‍ക്കും  പ്രത്യേക പാക്കേജ് ഉണ്ടാക്കി, ഇപ്പോള്‍ പെന്‍ഷന്‍ പറ്റിയവരേയും   ഇതിന്റെ പരിധിയില്‍ കൊണ്ട് വരാന്‍ ഒരു ഓഡിന്‍സിലൂടെ  സര്‍ക്കാരിനാവുകയും ചെയ്യുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ കേന്ദ്രവും കേരളവും  ഭരിക്കുന്നവരുടെ  ഇഷ്ടക്കാരായി  സ്വദേശ വിദേശ കുത്തകകള്‍ക്ക് - പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ക്ക് - വേണ്ടി  ഇതിലപ്പുറവും ചെയ്യുമെന്ന് ഉറപ്പിക്കാം.
                എന്നാല്‍ ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ച് പങ്കാളിത്തപെന്‍ഷന്‍  നടപ്പിലാക്കുന്നതില്‍ ജീവനക്കാര്‍ക്ക് ആശങ്കപ്പെടുവാനുള്ള  കാര്യങ്ങളോന്നുമില്ലെന്നും അതേ സമയം സര്‍ക്കാരിന് വലിയ ആശ്വാസമാകുമെന്നും  പ്രചരിക്കുന്നുണ്ട്. അതിന്റെ വാസ്തവം അറിയാന്‍ ഒരു കാര്യം  മാത്രം ശ്രദ്ധിച്ചാല്‍ മതി. പങ്കാളിത്ത പെന്‍ഷന്‍ സൈന്യത്തില്‍  നടപ്പിലാക്കുന്നില്ല.  എന്തുകൊണ്ട്?  ഈ പദ്ധതി ജീവനക്കാരുടെ  തലയില്‍ വീഴുന്ന  ഇടിതീയാണെന്ന്  സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്.  സ്വന്തം ജീവിതവും  വാര്‍ദ്ധക്യവും  സ്വദേശവിദേശ കുത്തകള്‍ക്ക് ചൂതാട്ടത്തിന് വിട്ടുകൊടുത്ത്  അവരെ ദുരന്തകടലിലെറിഞ്ഞാല്‍ രാജ്യത്ത്  ഒരു സൈനിക മുന്നേറ്റം (ഒരു ആഭ്യന്തര യുദ്ധം) തന്നെ നടന്നേക്കാം. അതുകൊണ്ടാണ് ഈ ദുരന്ത പദ്ധതിയില്‍  നിന്നും സൈന്യത്തെ ഒഴിവാക്കിയിരിക്കുകയാണ്.
                ഈ അവസ്ഥയില്‍  ജീവനക്കാരുടെ അതിശക്തമായ  പ്രതിഷേധങ്ങളും  സമരങ്ങളുമുണ്ടാകുമെന്ന്  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്  നല്ല ഉറപ്പുണ്ട്.  2002 ജനുവരി 16 -ന്  ഇറങ്ങിയ കറുത്തു ഉത്തരവിനെ തുടര്‍ന്ന്  നടന്ന 32  ദിവസത്തെ  സമരത്തിന്റെ   തുടക്കം വളരെ ശ്രദ്ധേയമാണ്.  സംഘടനകള്‍ നിര്‍ബന്ധിക്കാതെ  തന്നെ ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്   സ്വയം ഒഴുകി വരികയായിരുന്നു.  പക്ഷേ അന്ന് ഭരിച്ചിരുന്ന എ.കെ ആന്റണി യേക്കാള്‍ കുടിലബുദ്ധിയുള്ള ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. അത്തരത്തിലുള്ള  പ്രക്ഷോഭം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഒരു ആശയകുഴപ്പം  സൃഷ്ടിച്ച്  ജീവനക്കാര്‍ക്കിടയില്‍ ഒരു  വിഭജനം  സൃഷ്ടിക്കുവാന്‍  വഴിമരുന്നിട്ടുകൊണ്ടാണ് കാര്യങ്ങളുടെ തുടക്കം.   വിഭജിടച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ പ്രേതം  കുടിയേറി പാര്‍ക്കുന്ന  ദേഹമാണ് ഉമ്മന്‍ ചാണ്ടി.
            
- ഈ പദ്ധതി  2013  ല്‍ സര്‍വ്വീസില്‍ വരുന്നവര്‍ക്കാണ്.  നിങ്ങളെന്തിന് ബേജാറാകണം.
- ഇത് 2004 ന് മുന്‍പുള്ളവരെ  ഒരു കാരണവശാലും   ബാധിക്കില്ല.  പിന്നെ നിങ്ങള്‍ക്കെന്ത്?
- ഈ പദ്ധതിയുടെ തുടര്‍ച്ചയായി  നിങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തും. പിന്നെ നിങ്ങള്‍ക്കെന്തു വേണം
               
                ഇത്തരം ബഡായികള്‍ പറഞ്ഞ്  ജീവനക്കാരുടെ മനസ്സില്‍ ഒരു ആശയകുഴപ്പം സൃഷ്ടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്.  ഇത് വിശ്വസിച്ച കുറെ ജീവനക്കാരും ഉണ്ട്.
            “കൊച്ചു കുഞ്ഞാണ് നീ,  നിന്‍റെ കണ്ണില്‍                         
            വിശ്വം മുഴുവന്‍ വെളുതുകാണും ”
               
                എന്ന് ചങ്ങമ്പുഴ പാടിയത്  ഇത്തരക്കാരെ കുറിച്ചാണ്. ഏ  വേടന്‍  വിരിച്ച വലയില്‍ മാന്‍കുഞ്ഞ് ചെന്ന് അകപ്പെട്ടത്  അതിന്റെ നിഷ്കളങ്കത കൊണ്ടാണ്.  ഇത്തരക്കാരുടെ വാക്കുകള്‍  ജീവനക്കാര്‍ വിശ്വസിക്കുന്നത്  അവരുടെ നിഷ്കളങ്കതകൊണ്ടാണ്.  പക്ഷേ വിഡ്ഢിത്തം നിറഞ്ഞ നിഷ്കളങ്കതയാണ് മാന്‍കുഞ്ഞിന് അതിന്റെ ജീവന്‍ നഷ്ടപ്പടുത്തുന്നതും, ജീവനക്കാര്‍ക്ക് അവരുടെ ജീവിതം നഷ്ടപ്പെടുത്തുന്നതും.
                ഈ പുതിയ പെന്‍ഷന്‍ പദ്ധതി 2013 ല്‍  സര്‍വ്വീസില്‍ പ്രവേശിച്ചവര്‍ക്ക്  മാത്രമാണെന്നു പറയുന്നതും , 2004 പ്രവേശിച്ചവര്‍ക്കാണെന്ന് പറയുന്നതുമൊക്കെ  താല്ക്കാലികമാണെന്നും ,  മുഴുവന്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാക്കപ്പെടുമെന്നും നമ്മള്‍ തിരിച്ചറിയേണ്ടതല്ലേ.  പെന്‍ഷന്‍പ്രായം ഉയര്‍ത്തുമെന്ന് വ്യാമോഹിപ്പുക്കുന്നത്  ഒരു വിഭാഗം ജീവനക്കാരെ -ഭരണാനുകൂല  സംഘടനകളെയെങ്കിലും  - സമരത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാണെന്നും, യുവജന സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെന്‍ഷന്‍പ്രായം ഉയര്‍ത്താനായില്ല, എന്നു പറഞ്ഞ് കൈകഴുകാനാണെന്നും  നാം മനസ്സിലാക്കേണ്ടതല്ലേ.
                ഈ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി, പെന്‍ഷന്‍പ്രായം ഉയര്‍ത്തിയിട്ടെന്തിനാണ്?
ഇവിടെ പെന്‍ഷന്‍മാത്രമാണോ നഷ്ടപ്പടുന്നത്. ഈ പെന്‍ഷന്‍ പദ്ധതിയനുസരിച്ച്  ഗ്രാറ്റുവിറ്റി ലഭിക്കുകയുല്ല.  പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ നഷ്ടപ്പടുന്നു. റിട്ടയര്‍ ആകുന്ന ജീവനക്കാരന്  അവന്റെ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ എന്നിവ   കൂട്ടിചേര്‍ത്ത് കിട്ടുന്ന പണം കൊണ്ടാണ് അവന്റെ മകളെ വിവാഹം ചെയ്തയക്കാനും  ഒരു വീട് പണിയാനോ സാധിക്കുന്നത്.  ഈ സാധ്യതകളെല്ലാം ഇത് അവതാളത്തിലാക്കുന്നു.
                എന്നാല്‍ ചില കണക്കുകള്‍ നിരത്തി  നാട്ടിലെ യുവാക്കളടക്കമുള്ളജനങ്ങളെ ജീവനക്കാര്‍ക്ക് എതിരാക്കി  സമരത്തെ നേരിടുവാനാണ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്. സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ വഴി സര്‍ക്കാരിന്റെ  ചാരന്മാര്‍ ഇപ്പോള്‍ തന്നെ ആ പണി തുടങ്ങി കഴിഞ്ഞു.
                സംസ്ഥാന സര്‍ക്കാരിന്റെ  80 %  വരുമാനം ശമ്പളത്തിനും പെന്‍ഷനും  വേണ്ടി ചിലവഴിക്കുന്നു എന്നാണ് പറയുന്നത്. ഈ കണക്കിന്റെ പൊള്ളത്തരം പറയാതിരിക്കാനാവില്ല. ഈ പറയുന്ന 80% ല്‍ മന്ത്രിമാര്‍, MLA മാര്‍ അവരുടെ പേഴസണല്‍ സ്ററാഫ് എന്നിവരുടെ ശമ്പളവും യാത്രാചിലവും ഉള്‍പ്പെടുന്നുണ്ടെന്ന്  എത്ര പേര്‍ക്കറിയാം- നമ്മുടെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കായും  നല്‍കുന്ന വികസന ഫണ്ട്, റവന്യൂ എക്സ്പന്റീച്ചര്‍ എന്ന പേരില്‍ ഉള്‍പ്പെടുത്തി ഈ 80 %  ല്‍ വക കൊള്ളിച്ചിരിക്കുന്നു എന്ന സത്യം മറച്ചു വെച്ചുകൊണ്ടല്ലേ കള്ളകണക്കു നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. തൊഴിലില്ലായ്മ വേതനം,  വിധവാ പെന്‍ഷന്‍,  കാര്‍ഷിക പെന്‍ഷന്‍ തുടങ്ങിയ എല്ലാ ചിലവുകളും ഇതില്‍ പെടുന്നുണ്ട്.
                രാഷ്ട്രനിര്‍മ്മാണ പ്രകൃയയില്‍  ഭാഗഭാക്കാകുന്ന സര്‍ക്കാര്‍  ജീവനക്കാര്‍, മെഡില്‍ കോളേജ്, എഞ്ചിനിയറിംഗ് കോളേജ് തുടങ്ങിയ പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി പ്രാഥമിക വിദ്യാഭ്യാസം നല്കുന്ന  സ്കൂളുകള്‍ വരെയുള്ള അദ്ധ്യാപകരും ജീവനക്കാരും  മെഡിക്കല്‍ കോളേജ് ജീവനക്കാരും ഡോക്ടര്‍മാരും  എന്നുവേണ്ട സംസ്ഥാനത്തെ എല്ലാ അത്യാവശ്യ സര്‍വ്വീസുകളിലും   പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും ശമ്പളം നല്‍കുക, മന്ത്രിമാര്‍, MLA മാര്‍ അവരുടെ ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളവും പെന്‍ഷനും  അവരുടെ യാത്രാ ചിലവുകളും, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍,  തുടങ്ങി എല്ലാ സാമൂഹിക പെന്‍ഷനുകളും തൊഴിലില്ലായ്മവേതനം പഞ്ചായത്തിന്റെ വികസനഫണ്ട് (ഇത് എത്ര കോടി വരുമെന്ന് ആലോചിച്ചു നോക്കുക) ഇവയെല്ലാം ചേര്‍ന്ന തുകയായ 80 %   സര്‍ക്കാര്‍ ജീവനക്കാര്‍ തിന്ന് തീര്‍ക്കുന്ന പണമായി ചിത്രീകരിച്ചവരെ - പെരും കള്ളന്മാരെ ജനമദ്ധ്യത്തില്‍ വിചരണചെയ്യേണ്ട കാലം  അതിക്രമിച്ചിരിക്കുന്നു.
                ഈ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഭരണകര്‍ത്താക്കളും , കുത്തകമാധ്യമങ്ങളും ഡോ: മേരി ജോര്‍ജ്ജിനെ പോലുള്ള UDF കിങ്കരന്‍മാരാണെങ്കിലും അതിന്റെ വലയില്‍ വീണ പോലെ ചില സാധാരണക്കാരും ഉണ്ട് എന്നതാണ് വസ്തുത.

No comments:

Post a Comment