Thursday, August 16, 2012

ജീവനക്കാര്‍ക്ക് ദ്രോഹകരം

മാധ്യമം പത്രം  15.08.2012
ഡോ. ടി.എം. തോമസ് ഐസക് (മുന്‍ ധനമന്ത്രി)

സര്‍വകലാശാലകള്‍ക്ക് പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുമെന്ന 2010-11 ബജറ്റ് നിര്‍ദേശത്തിന്‍െറ തുടര്‍ച്ചയാണ് പങ്കാളിത്ത പെന്‍ഷന്‍ തീരുമാനമെന്ന തെറ്റായവിവരമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രചരിപ്പിക്കുന്നത്. ഈ വാദം ജൂലൈ 24ലെ ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ നിയമസഭയില്‍ പൊളിഞ്ഞതാണ്. അന്ന് എന്‍െറ വിശദീകരണത്തിന് മറുപടിയില്ലാതെ സഭയില്‍ മൗനംപൂണ്ടവരാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും. എന്നിട്ടാണ് വാസ്തവവിരുദ്ധമായ വിവരണവുമായി ഇറങ്ങിയിരിക്കുന്നത്.
2010-11ലെ ബജറ്റില്‍ പറഞ്ഞ പെന്‍ഷന്‍ ഫണ്ടും പങ്കാളിത്ത പെന്‍ഷനും ഒന്നല്ല. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്ത് മുനിസിപ്പല്‍ ജീവനക്കാര്‍ക്ക് പ്രത്യേക പെന്‍ഷന്‍ ഫണ്ടുണ്ട്. അതിലേക്ക് മുനിസിപ്പാലിറ്റികളും സംസ്ഥാന സര്‍ക്കാറും വര്‍ഷംതോറും വിഹിതംനല്‍കുന്നു. ഈ ഫണ്ടില്‍നിന്നാണ് മുനിസിപ്പല്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നത്. സമാനമായ പെന്‍ഷന്‍ ഫണ്ട് സര്‍വകലാശാലകള്‍ക്കും രൂപവത്കരിക്കണമെന്നായിരുന്നു ബജറ്റ് നിര്‍ദേശം.
സര്‍വകലാശാലകള്‍ക്കും, പ്രത്യേകിച്ച് കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് വന്‍തോതില്‍ പെന്‍ഷന്‍ കുടിശ്ശിക വരുന്നത് പരിഹരിക്കുകയായിരുന്നു പെന്‍ഷന്‍ ഫണ്ട് എന്ന ആശയത്തിന്‍െറ ലക്ഷ്യം. അതിലേക്ക് 100 കോടി രൂപ സര്‍ക്കാര്‍ തുടക്കത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. തങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്‍റിന്‍െറ 10 ശതമാനം സര്‍വകലാശാലകളും നിക്ഷേപിക്കണം. ജീവനക്കാര്‍ ഒരു വിഹിതവും പെന്‍ഷനുവേണ്ടി അടക്കേണ്ടി വരുന്നില്ല. ശമ്പളപരിഷ്കരണ കമീഷന്‍െറ തീരുമാനം അനുസരിച്ചുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്യും.
ഇത്തരമൊരു പെന്‍ഷന്‍ പദ്ധതിയല്ല ഉമ്മന്‍ചാണ്ടി നടപ്പാക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയനുസരിച്ച് ശമ്പളക്കമീഷന്‍ ആനുകൂല്യങ്ങളൊന്നും ജീവനക്കാരന് ലഭിക്കുകയില്ല. സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാറും തുല്യവിഹിതമെടുത്ത് മാസംതോറും തുല്യ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കും. പെന്‍ഷന്‍ ഫണ്ട് ഷെയറുകളിലോ ഡിപ്പോസിറ്റായോ നിക്ഷേപിക്കും. അങ്ങനെ കിട്ടുന്ന വരുമാനത്തിന്‍െറ അനുപാതത്തിലായിരിക്കും ഭാവിയില്‍ പെന്‍ഷന്‍ നല്‍കുക. ഓരോ വര്‍ഷവും പെന്‍ഷന്‍ ലഭിക്കുമെന്നതിന് ഒരു തിട്ടവുമുണ്ടാവുകയില്ല. ചിലപ്പോള്‍ കൂടും, ചിലപ്പോള്‍ കുറയും. ബാങ്കോ ഓഹരി വിപണിയോ തകര്‍ന്ന് പെന്‍ഷന്‍ ഫണ്ട് ഇല്ലാതായാല്‍ അതോടെ പെന്‍ഷന്‍െറ കഥ കഴിയും.
പ്രാഥമിക കണക്കുവെച്ച് നോക്കുമ്പോള്‍ ഇന്ന് പെന്‍ഷന്‍കാര്‍ക്ക് കിട്ടുന്ന പാതി ആനുകൂല്യംപോലും പങ്കാളിത്ത പെന്‍ഷന്‍ വഴി ജീവനക്കാര്‍ക്ക് ലഭിക്കുകയില്ല. പെന്‍ഷന്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍ ചെലവ് കുറക്കുന്നതിനുള്ള കുത്സിതനീക്കമാണ് പങ്കാളിത്ത പെന്‍ഷന്‍. പെന്‍ഷന്‍ വെട്ടിക്കുറക്കുന്നവര്‍ നാളെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ മാത്രമല്ല, അവരുടെ ശമ്പളത്തിന്മേലും കൈവെക്കുമെന്ന് തീര്‍ച്ചയാണ്.
ജീവനക്കാര്‍ക്ക് ഏതു നിലയിലും ദ്രോഹകരമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഈ പദ്ധതിയും എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ബജറ്റ് നിര്‍ദേശവുമായി ഒരു ബന്ധവുമില്ല.

http://www.madhyamam.com/news/185212/120815

No comments:

Post a Comment