പങ്കാളിത്ത
പെന്‍ഷന്‍ സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ
ചര്‍ച്ച അലസി. പദ്ധതി നടപ്പാക്കുമെന്നും ഇതു സംബന്ധിച്ചുള്ള ഉത്തരവ്
പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
വ്യക്തമാക്കിയതിനെത്തുടര്‍ന്നാണിത്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 21ന്
നിശ്ചയിച്ച പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാരുടെ സംഘടനകള്‍
അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഭൂരിപക്ഷം സര്‍വീസ്
സംഘടനകള്‍ ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍, ഭരണാനുകൂല സംഘടനയായ
സെറ്റോ പണിമുടക്കില്‍നിന്ന് പിന്മാറി.
വ്യാഴാഴ്ച തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലുടനീളം
പദ്ധതിനടപ്പാക്കുന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രിയും ധനമന്ത്രി കെ എം
മാണിയും ജീവനക്കാരുടെയും അധ്യാപകരുടെയും ആശങ്കയകറ്റുന്ന കാര്യത്തില്‍ ഒരു
ഉറപ്പും നല്‍കിയില്ല. പിഎഫ്ആര്‍ഡിഎ നിയമം നടപ്പാകുമ്പോള്‍ നിലവിലുള്ള
ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്നും ഉറപ്പ്
നല്‍കിയില്ല. എന്തു സമരം നടത്തിയാലും ഉത്തരവ് പിന്‍വലിക്കില്ലെന്ന്
ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി.പെന്‍ഷന്‍ ബാധ്യതയാണെന്നും അത്
താങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച പ്രഹസനമാക്കിയ സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ട്
പോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ്
ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, അധ്യാപക
സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ് പ്രകാശ്,
ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍
സെക്രട്ടറി പി സുനില്‍കുമാര്‍, ഗെറ്റ്കോ ജനറല്‍ സെക്രട്ടറി ഇറവൂര്‍
പ്രസന്നകുമാര്‍ എന്നിവര്‍ അറിയിച്ചു.
No comments:
Post a Comment