Monday, August 20, 2012

ജോലിക്കെത്തുന്നവരെ തടഞ്ഞാല്‍ നേരിടും: തിരുവഞ്ചൂര്‍

ഇന്ന് പണിമുടക്ക്
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. പണിമുടക്ക് നേരിടാന്‍ കര്‍ശനമായ നടപടികളുമായി സര്‍ക്കാര്‍ രംഗത്ത്. കെ.എസ്.ആര്‍.ടി.സി യില്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകള്‍ മുടക്കംകൂടാതെ നടത്താന്‍ മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി. വൈദ്യുതി ബോര്‍ഡിലും ഇടതുസംഘടനകള്‍ പണിമുടക്കുന്നുണ്ട്.

ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡി.ജി.പി, അഡീഷണല്‍ ഡി.ജി.പി എന്നിവരുള്‍പ്പെട്ട ഏകോപന സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാതലത്തില്‍ കളക്ടറും പോലീസ് സൂപ്രണ്ടും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പണിമുടക്ക് ദിവസം ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനുപുറമെ കര്‍ശന നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രോഗം, പ്രസവം, പരീക്ഷ എന്നിങ്ങനെയുള്ള അത്യാവശ്യങ്ങള്‍ക്കൊഴികെ ആര്‍ക്കും അവധി നല്‍കില്ല. അവധി നല്‍കേണ്ടിവന്ന സാഹചര്യം മേലധികാരി വിശദീകരിക്കുകയും വേണം. ഓഫീസുകളിലെ ഹാജര്‍നില രാവിലെ 11ന് പൊതുഭരണ വകുപ്പിനെ ഫോണിലൂടെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഈ സമരം മുഖ്യമന്ത്രി അടിച്ചേല്പിച്ചതാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ചെയര്‍മാന്‍ എം. ഷാജഹാന്‍, അധ്യാപക സര്‍വീസ് സംഘടനാസമരസമിതി ജനറല്‍ കണ്‍വീനര്‍ സി.ആര്‍. ജോസ്​പ്രകാശ്, എഫ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സാധാരണക്കാരുടെയും ജീവനക്കാരുടെയും ജീവിതം തകര്‍ക്കുന്ന നയങ്ങളുടെ ഭാഗമായ പെന്‍ഷന്‍ സ്വകാര്യവത്കരണത്തെ അനുകൂലിക്കാനാവില്ല. ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ അഭ്യര്‍ഥിച്ചു.

മാതൃഭൂമി 21.08.2012

ജീവനക്കാരും അധ്യാപകരും ഇന്നു പണിമുടക്കും 

തിരു: പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിച്ച് ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും ചൊവ്വാഴ്ച പണിമുടക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഹൗസിങ് ബോര്‍ഡ്, ഖാദി ബോര്‍ഡ് ജീവനക്കാരും പണിമുടക്കുന്നതോടെ സംസ്ഥാനത്ത് ഓഫീസുകളും വിദ്യാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും നിശ്ചലമാകും. ലോകമാകെ പെന്‍ഷന്‍ ഫണ്ടുകള്‍ തകരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജീവനക്കാരുടെ സാമൂഹ്യ സുരക്ഷയെ തകര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ദുരൂഹമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ചെയര്‍മാന്‍ എം ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷനെ ന്യായീകരിക്കാന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്്. പണിമുടക്കിനെതിരായ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭീഷണി ജീവനക്കാര്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പതിനേഴിന് പണിമുടക്ക് നടത്താനാണ് സംഘടനകള്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഭരണപക്ഷസംഘടനകള്‍ 21ന് പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ യോജിച്ച പോരാട്ടം ലക്ഷ്യമിട്ട് 21ലേക്ക് മാറ്റി. പിന്നീട് മുഖ്യമന്ത്രി ചര്‍ച്ചനടത്തിയെങ്കിലും ഒരിഞ്ചുപോലും പിറകോട്ടുപോകാന്‍ തയ്യാറായില്ല. എന്നിട്ടും ഭരണപക്ഷസംഘടനകള്‍ പിന്മാറി. എങ്കിലും സംഘടനകള്‍ക്ക് അതീതമായി ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമര സമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ് പ്രകാശ് പറഞ്ഞു. എഫ്ഇടിഒ ജനറല്‍ സെക്രട്ടറി പി സുനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
ദേശാഭിമാനി 21.08.2012
 

No comments:

Post a Comment