എ. ശ്രീകുമാര്‍
മുതലാളിത്തരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഐ.എം.എഫ്., ലോകബാങ്ക് തുടങ്ങിയ സാനമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളിലൊന്നാണ് പെന്‍ഷന്‍ സ്വകാര്യവത്കരണം. നിയമാനുസൃതം നിശ്ചിത ആനുകൂല്യം ഉറപ്പു വരുത്തുന്ന പദ്ധതി (Defined Benefit System)യില്‍ നിന്ന് നിശ്ചിതവിഹിതം ഈടാക്കുന്ന പദ്ധതി (Defined Contribution System) യിലേക്കുള്ള പ്രതിലോമകരമായ മാറ്റമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ലോകത്തെമ്പാടും പെന്‍ഷന്‍ഫണ്ടുകള്‍ തകര്‍ച്ചയെ നേരിട്ടു. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടായ കാലിഫോര്‍ണിയ പബ്ലിക് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്‌സ് റിട്ടയര്‍മെന്റ് സിസ്റ്റം എന്നിവയ്ക്ക് 2009-ല്‍ 67,000 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. ഭാവിയില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയാത്തവിധം 50,000 കോടി ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലെ തകര്‍ച്ച മൂലം അമേരിക്കന്‍ പെന്‍ഷന്‍ഫണ്ടുകള്‍ക്കുണ്ടായത്.
പി.എഫ്.ആര്‍.ഡി.എ. ബില്‍ നിയമമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയ കേന്ദ്രസര്‍വീസിലും കേരളം, ത്രിപുര, ബംഗാള്‍ ഒഴികെയുള്ള സംസ്ഥാന സിവില്‍ സര്‍വീസുകളിലം 2004 ജനവരി ഒന്നിനുശേഷം സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരില്‍ നിന്ന് ശമ്പളത്തിന്റെ പത്തുശതമാനം തുക സര്‍ക്കാര്‍ ക്രമവിരുദ്ധമായി പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. സര്‍വീസ് കാലയളവില്‍ യാതൊരു വിഹിതവും നല്‍കാതെ അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ പകുതിവരെയുള്ള തുക പെന്‍ഷനായി ലഭിക്കുന്ന അവസ്ഥയ്ക്ക് പകരമായി ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം വിഹിതം പിടിച്ചെടുക്കുന്ന ഈ പദ്ധതി ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കുമെന്നതിന് യാതൊരുറപ്പും നല്‍കുന്നില്ല. വിപണി അധിഷ്ഠിത ഗ്യാരണ്ടിയല്ലാതെ പ്രത്യക്ഷമായോ പരോക്ഷമായോ മറ്റെന്തെങ്കിലും ആനുകൂല്യം ഈ പദ്ധതി ഉറപ്പു നല്‍കുന്നില്ലെന്ന് പി.എഫ്.ആര്‍. ഡി.എ. ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. പെന്‍ഷന്‍ ഫണ്ടിലേക്ക് സ്വരൂപിക്കുന്ന തുക ഫണ്ട് മാനേജര്‍മാരുടെ അക്കൗണ്ടിലേക്കും ഓഹരിക്കമ്പോളത്തിലേക്കും നല്‍കുന്നതുമൂലം സര്‍ക്കാറുകളും ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്കാണെത്തുക. ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത വര്‍ധന തുടങ്ങി കാലാകാലങ്ങളില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ലഭ്യമാവുകയില്ല. പി.എഫ്.ആര്‍.ഡി.എ. ബില്‍ നിയമമായിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ പെന്‍ഷന്‍ പദ്ധതികളും ഈ നിയമത്തിന് വിധേയമായിട്ടായിരിക്കുമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു. തത്ഫലമായി നിലവിലുള്ള ജീവനക്കാര്‍ ഭാവിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റപ്പെടുമെന്നത് അവിതര്‍ക്കിതമാണ്.
ജി.ഡി.പി.യുടെയും സംസ്ഥാന വരുമാനത്തിന്റെയും വര്‍ധനയ്ക്ക് ആനുപാതികമായി ശമ്പളത്തിനും പെന്‍ഷനും തുക നീക്കി വെക്കേണ്ടിവരുന്നില്ലെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. മാത്രമല്ല, സ്ഥിരം നിയമനങ്ങള്‍ ഇല്ലാതാവുകയും തസ്തികകള്‍ വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ ഭാവിയില്‍ പെന്‍ഷന് വേണ്ടിവരുന്ന തുക ഗണ്യമായി കുറയും. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതുമൂലം പെന്‍ഷകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നെന്നും സര്‍വീസ് ദൈര്‍ഘ്യത്തേക്കാള്‍ കൂടുതല്‍ കാലം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടിവരുന്നെന്നും വാദഗതി ഉയര്‍ത്തുന്നത് അത്യന്തം ക്രൂരവും വൃദ്ധജനങ്ങളോടുള്ള അവഹേളനവുമാണ്. വാര്‍ധക്യം സമൂഹത്തിന് ഒരു ബാധ്യതയാണെന്ന മുതലാളിത്ത ആശയം ഭംഗ്യന്തരേണ സ്ഥാപിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
വിദ്യാഭ്യാസം-2,35,000, ആരോഗ്യം- 65,000, സേനാംഗങ്ങള്‍- 70,000 എന്നീ ക്രമത്തില്‍ ജീവനക്കാരാണുള്ളത്. ഈ മേഖലകളില്‍ നിന്ന് ഏതെങ്കിലും സര്‍ക്കാറിന് പിന്‍വാങ്ങാന്‍ കഴിയുമോ? ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം ഇവ സ്റ്റേറ്റിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്.
ഉയര്‍ന്ന പെന്‍ഷന്‍ പ്രായം നിലനില്‍ക്കുന്ന സായുധ സേനാംഗങ്ങളെയും പെന്‍ഷന്‍ പ്രായം ബാധകമല്ലാത്ത പാര്‍ലമെന്റ്, നിയമസഭാംഗങ്ങളെയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയതിലൂടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ അപകടം കേന്ദ്ര സര്‍ക്കാര്‍തന്നെ അംഗീകരിക്കുന്നു.
പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുന്നതുവഴി സര്‍ക്കാര്‍ ഖജനാവിലെ പണം നേരിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്ന ഈ പദ്ധതി ജീവനക്കാരെ കൊള്ളയടിക്കുന്നതിനുവേണ്ടിയാണ്.
(എഫ്.എസ്.ഇ.ടി.ഒ. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാതൃഭൂമി 24.08.2012
No comments:
Post a Comment