കോട്ടാത്തല മോഹനന്‍
വിഷന്‍ 2030-നും അപ്പുറം ദശകങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ഭരണ നടപടിയായിട്ടാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും എണ്ണവും കൊടുക്കേണ്ടിവരുന്ന തുകയുടെ കണക്കുകളും പറഞ്ഞ അദ്ദേഹം ജനസംഖ്യയുടെ ഒന്നര ശതമാനംവരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സംസ്ഥാനത്തിന്റെ പരിമിതമായ വിഭവം ലഭ്യമാകണമെന്നും പറയുകയുണ്ടായി. ഈ ഒന്നര ശതമാനത്തില്‍ ജീവനക്കാരുടെ ആശ്രിതരെ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് തോന്നുന്നു. ജോലി ചെയ്യുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം ജോലി ചെയ്യാതിരിക്കുമ്പോള്‍ കിട്ടുക എന്ന വൈരുധ്യത്തെ പെന്‍ഷനുമായി മുഖ്യമന്ത്രി ഘടിപ്പിച്ചതിന് യുക്തിയുണ്ടെന്നു തോന്നുന്നില്ല. 90-100 വര്‍ഷം വരെ പ്രായമുള്ള പെന്‍ഷന്‍കാരുള്ള സംസ്ഥാനമാണ് കേരളം. അവര്‍ ജോലി ചെയ്തിരുന്ന കേരളപ്പിറവിക്ക് മുമ്പുള്ള കാലഘട്ടങ്ങളില്‍ അവര്‍ക്ക് ലഭിച്ചിരിക്കാവുന്നത 5 രൂപ മുതല്‍ 100 രൂപ വരെയുള്ള ശമ്പളമായിരുന്നു. ആ തുക തന്നെ ഇപ്പോഴും പെന്‍ഷനായിക്കിട്ടിയാല്‍ അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ?
നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ അവസാനത്തെ 10 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി അതിന്റെ പകുതിത്തുക പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. 12 വര്‍ഷത്തെ പെന്‍ഷന്‍ കമ്മ്യൂട്ട് ചെയ്യാന്‍ അവസരമുണ്ട്. സേവനകാലം കണക്കാക്കി സാമാന്യം ഭേദപ്പെട്ട തുക ഡി.സി.ആര്‍.ജി. (ഗ്രാറ്റ്വിറ്റി) യായി ലഭിക്കുന്നു. മാത്രമല്ല ജനറല്‍ പ്രോവിഡന്റ് ഫണ്ടുണ്ട്. അതില്‍ നിന്ന് ആറു മാസം കൂടുമ്പോള്‍ താത്കാലിക വായ്പയും നിശ്ചിത വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് നാലു മാസം കൂടുമ്പോള്‍ തിരിച്ചടയ്‌ക്കേണ്ടാത്ത വായ്പയും കിട്ടും. സര്‍ക്കാര്‍ ജീവനത്തിന്റെ ആകര്‍ഷകത്വം ഈ ആനുകൂല്യങ്ങളാണ്. എന്നാല്‍, ഇതൊന്നും തന്നെ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭിക്കില്ല. എന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകുന്ന ജീവനക്കാരന് 30 വര്‍ഷത്തിലധികം സര്‍വീസുണ്ടെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ പലിശ ലഭിക്കുന്നപക്ഷം ഇപ്പോള്‍ ലഭിക്കുന്ന തുകയുടെ ഇരട്ടിയിലധികം പുതിയ പെന്‍ഷന്‍കാര്‍ക്ക് ലഭിക്കും. കോമ്പൗണ്ടിങ്ങിന്റെ അനന്ത സാധ്യതകളാണ് പണം വര്‍ധിക്കുന്നതിന് കാരണം. അതേസമയം, ഓഹരിക്കമ്പോളത്തിന്റെ സ്ഥിരതയില്ലായ്മ കാരണം ആശങ്ക ഉണ്ടാകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ പുതിയ പെന്‍ഷന്‍ സിസ്റ്റ (ഇപ്പോള്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) ത്തില്‍ എത്ര പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പില്ല. കിട്ടിയാല്‍ ഊട്ടി കിട്ടിയില്ലെങ്കില്‍ ചട്ടി ഈ അവസ്ഥയാണ് ഞങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
ആശങ്കകള്‍ പരിഹരിച്ചുകിട്ടിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി സഹകരിക്കുന്നതിനും അംഗീകരിക്കുന്നതിനും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഇടതുപക്ഷ സഹപ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ക്കുന്നത് ആഗോളീകരണ നയങ്ങളോടും/ഉദാരീകരണ അജന്‍ഡകളോടുമുള്ള എതിര്‍പ്പുമൂലമാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളെ പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരാക്കുന്നതും അവരുടെ ഇക്വിറ്റികളില്‍ പണം നിക്ഷേപിക്കുന്നതും അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. എന്നാല്‍, സാധാരണ ജീവനക്കാരന്‍ പങ്കാളിത്ത പെന്‍ഷന്‍ എതിര്‍ക്കുന്നതിന് കാരണം പെന്‍ഷന്‍ സുരക്ഷിതത്വമില്ലായ്മയാണ്. അല്ലാതെ ആഗോളീകരണ നയങ്ങളോടുള്ള എതിര്‍പ്പല്ല.
വേണ്ടത്ര സുരക്ഷാ മാര്‍ഗങ്ങളൊരുക്കാനും ഗ്യാരണ്ടി നല്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ ശമ്പളത്തിന്റെ 10 ശതമാനം തുക നല്കി പങ്കാളിത്ത പെന്‍ഷനുമായി സഹകരിക്കുന്നതിന് ജീവനക്കാര്‍ വിമുഖത കാട്ടില്ല. ഇന്ത്യ മുഴുവന്‍ പങ്കാളിത്ത പെന്‍ഷന്‍ അംഗീകരിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റവുമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിന് മാറി നില്ക്കാനാവില്ല എന്ന യാഥാര്‍ഥ്യവും നാം തിരിച്ചറിയണം. ശമ്പളം തരുന്നത് ജനങ്ങളാണ്. അതുകൊണ്ട് ജനങ്ങളുടെ ദാസനാകണം സര്‍ക്കാര്‍ ജീവനക്കാരന്‍. കേരളം മുന്നോട്ടുപോകണമെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെങ്കില്‍ പുതിയ പെന്‍ഷന്‍ സിസ്റ്റത്തിലേക്ക് പോകുകയേ നിവൃത്തിയുള്ളൂ എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അതംഗീകരിച്ച് സര്‍ക്കാറുമായി സഹകരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരാകുകയാണ്.
(ലേഖകന്‍ കേരള എന്‍.ജി.ഒ. അസോസിയേഷന്റെ പ്രസിഡന്റും സെറ്റോ ചെയര്‍മാനുമാണ്)
മാതൃഭൂമി 24.08.2012
No comments:
Post a Comment