Thursday, August 30, 2012

താന്‍ പാതി ദൈവം പാതി

മോഹന്‍ദാസ് ശ്രീകൃഷ്ണപുരം 

ഭാനുമതി ടീച്ചര്‍ പത്രം പടപടാ മറിച്ചുനോക്കി. ഇന്നും ഇന്റക്‌സ് താഴേക്കുതന്നെ. ഇന്നലെത്തേക്കാള്‍ നൂറുരൂപ കുറഞ്ഞിരിക്കുകയാണ്. അപ്പോള്‍ ഈ മാസത്തെ പെന്‍ഷനും തഥൈവ! പിന്നെ ഞാനെന്തിനാണ് സാരിയുംചുറ്റി വെറുതേ കെട്ടിയൊരുങ്ങി പോകുന്നത്. കഴിഞ്ഞമാസവും ഇതുതന്നെയായിരുന്നു സ്ഥിതി. നല്ല കമ്പനിയാണ് എന്നൊക്കെ കരുതിയാണ് പണ്ട് ഇവരെ ഓപ്റ്റ് ചെയ്തത്. പറഞ്ഞിട്ടെന്താണ്, ഇക്കൊല്ലം തികച്ച് രണ്ടുമാസം പെന്‍ഷന്‍ കിട്ടിയിട്ടില്ല. പിന്നെയും ഏട്ടന്റെ കമ്പനിയാണ് ഭേദം. മുഴുവന്‍ പെന്‍ഷനും കിട്ടില്ലെങ്കിലും എന്തെങ്കിലും കിട്ടാതിരിക്കില്ല.
പലചരക്കുകടയിലാണെങ്കില്‍ രണ്ടുമാസമായി കടം തീര്‍ത്തിട്ട്. പാല് കൊളസ്‌ട്രോളിന്റെ ഞായം പറഞ്ഞ് വാങ്ങാറില്ല. മകള്‍ കഴിഞ്ഞതവണ നാട്ടില്‍വന്നപ്പോള്‍ തന്ന രണ്ട് സാരികൊണ്ടാണ് ഇക്കാലമത്രയും ഓടിയത്. പിന്നെ എന്തിനാണ് പുതിയസാരിയുടെ ആവശ്യം. മാസത്തില്‍ ഒരുതവണ പെന്‍ഷന്‍ വാങ്ങാന്‍ പോകുകയല്ലാതെ പുറത്തിറങ്ങാറില്ല. അതിപ്പോള്‍ സാമ്പത്തികമാന്ദ്യവും ഷെയര്‍ വില കുറയുകയുമെല്ലാം ചെയ്തതുകൊണ്ട് അങ്ങനെയും പുറത്തിറങ്ങേണ്ട ആവശ്യം വരുന്നില്ല.
ഈശ്വരാ, എന്നാണ് നമ്മുടെ സാമ്പത്തിരംഗം ഒന്ന് മെച്ചപ്പെടുക. പണ്ടൊക്കെ സര്‍ക്കാര്‍ ജോലി എന്നുപറഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍കിട്ടും എന്നെങ്കിലും ആശ്വാസമുണ്ടായിരുന്നു. ഇതിപ്പോള്‍ പത്തുമുപ്പത്തഞ്ചുകൊല്ലം പെടാപ്പാടുപെട്ട് പെന്‍ഷന്‍ കാര്യം വന്നപ്പോള്‍ ഗോപി വരച്ചല്ലോ... ടീച്ചര്‍ക്ക് കരച്ചിലും ദേഷ്യവുമെല്ലാം ഒന്നിച്ചുവന്നു.
ഭാനൂ.. ഭാനൂ.. നീയ്യ് എന്തിനാണ് കിടന്ന് നിലവിളിക്കുന്നത്. ഈയിടെയായി രാത്രിയില്‍ ഉറക്കത്തില്‍ പിച്ചുംപേയും പറയലും നീണ്ടകരച്ചിലും ഭാനുവിന് ശീലമായിരിക്കുന്നു. ഞാന്‍ ലൈറ്റ് ഇട്ടപ്പോള്‍ അവള്‍ അന്ധാളിച്ച് കണ്ണുംതുടച്ച് എഴുന്നേറ്റു.
-ഒന്നൂല്ല്യ, ഞാനൊരു സ്വപ്നംകണ്ടതാണ്. നിങ്ങള്‍ കിടന്ന് ഉറങ്ങിക്കൊള്ളിന്‍.
ഇങ്ങനെ പേടിസ്വപ്നം കാണാന്‍ എന്തെങ്കിലും വേണ്ടാത്തത് ഓര്‍മിച്ചുകിടന്നിട്ടാണ്. പ്രാര്‍ഥിച്ച് കിടന്നോളൂ.
-ആലത്ത്യൂര്‍ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, അഥവാ പേടിസ്വപ്നം കണ്ടാലും വാലുകൊണ്ട് അടിച്ചുണര്‍ത്തണേ!
-നിങ്ങള്‍ വിചാരിക്കുംപോലെ ആരും എന്നെ പേടിപ്പെടുത്താന്‍ വന്നതൊന്നും അല്ല. നാളെ നമ്മുടെ കാര്യം എന്താവുമെന്ന് ആലോചിച്ചപ്പോള്‍ പേടി തോന്നിയതാണ്.
-ഞാന്‍ പങ്കാളിത്ത പെന്‍ഷന്റെ കാര്യമാണ് സ്വപ്നം കണ്ടത്!
-ഭാനൂ, പങ്കാളിത്ത പെന്‍ഷന്‍ വന്നാലും അത് നമ്മളെയൊന്നും ബാധിക്കില്ല. പുതിയതായി ജോലിയില്‍ ചേരുന്നവര്‍ക്കുള്ളതാണ്. അക്കാര്യം മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞതാണ്. അതുപോലെത്തന്നെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിറകോട്ടുപോകുന്ന പ്രശ്‌നവും ഇല്ല.
ഒന്നുചിന്തിച്ചാല്‍ അവര്‍ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നും. ജീവനക്കാരേക്കാള്‍ അധികം പെന്‍ഷന്‍കാര്‍ പെരുകിയാല്‍ മരണംവരെ അവര്‍ക്ക് പെന്‍ഷന്‍കൊടുക്കുക എന്നത് സര്‍ക്കാറിന് ഒരു ബാധ്യത തന്നെയാണ്. പിന്നെ, നമ്മള്‍ മാസംതോറും അടയ്ക്കുന്ന സംഖ്യ സര്‍ക്കാറും അടയ്ക്കുന്നുണ്ടല്ലോ. മാത്രമല്ല നമുക്ക് ഇഷ്ടമുള്ള കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ നമുക്ക് ഓപ്ഷനും ഉണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
പിന്നെ നിലവിലുള്ള ജീവനക്കാരെമാത്രമേ ബാധിക്കുകയുള്ളൂ എന്ന വാദത്തിലൊന്നും അര്‍ഥമില്ല. ഇതുപോലെ മറ്റൊരു ഓര്‍ഡറോ ബില്ലോ കൊണ്ടുവന്നാല്‍ എല്ലാവര്‍ക്കും ഇത് ബാധകമാക്കാം.
പിന്നെ, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിക്കഴിഞ്ഞതാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ അവര്‍അനുഭവിക്കുന്നുമുണ്ട്. സര്‍ക്കാര്‍ അടയ്‌ക്കേണ്ട പാതിസംഖ്യ അടച്ചില്ലെങ്കില്‍ പെന്‍ഷനും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ഇല്ല. ഷെയര്‍വില താഴോട്ടുപോയാല്‍, സാമ്പത്തികമാന്ദ്യം വന്നാല്‍, പെന്‍ഷന്‍ കിട്ടില്ല. പിന്നെ എന്തുസുരക്ഷയാണ് ജീവിതത്തിനുള്ളത്.
-ഭാനൂ, പെന്‍ഷന്‍കൊടുക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മൊത്തം ജനസംഖ്യയുടെ ചെറിയൊരുശതമാനം മാത്രമാണ്. അപ്പോള്‍ പെന്‍ഷന്‍ കിട്ടാത്ത വലിയൊരു ശതമാനം അപ്പുറത്തില്ലേ. അവര്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്.
എന്തായാലും അന്നും പെന്‍ഷന്‍ യൂണിയനും മറ്റും ഉണ്ടാവുമല്ലോ, നമുക്ക് സമരം ചെയ്തിട്ടെങ്കിലും എന്തെങ്കിലും വഴി കാണാതിരിക്കുമോ
-സര്‍ക്കാറിന് ഒരു ബാധ്യതയും ഇല്ലാത്ത സംഗതിക്ക് ആരോട് സമരംചെയ്യാനാണ്. നമ്മള്‍ അടയ്ക്കുന്ന സംഖ്യ നിക്ഷേപിക്കുന്ന കമ്പനി ലാഭത്തിലാണെങ്കില്‍ നമുക്ക് പെന്‍ഷന്‍ കിട്ടും. അതിന് ഈശ്വരനോട് പ്രാര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ. ഇനിമുതല്‍ വഴിപാടുകഴിക്കുമ്പോള്‍ ഭാനുമതി, അത്തം, പുഷ്പാഞ്ജലി ഒന്ന് എന്നുപറയുന്നതിനോടൊപ്പം ഒരു വ്യാപാരമുട്ടുകൂടി കഴിക്കുക. മുട്ടിറങ്ങിയാല്‍ കമ്പനി ലാഭത്തിലാവും കമ്പനി ലാഭത്തിലായാല്‍ നമുക്ക് പെന്‍ഷന്‍ കിട്ടും. പിന്നെ യൂണിയന് വല്ല കുടുംബസംഗമമോ പിക്‌നിക്കോ ഇലക്ഷന്‍ പ്രചാരണമോ മറ്റോ നടത്തിപ്പിരിയാം.
കേരളത്തിലെങ്കിലും പങ്കാളിത്ത പെന്‍ഷന്‍ വരാതിരിക്കാന്‍ നമുക്ക് ഒരുദിവസമല്ല, ഒരുവര്‍ഷം സമരംചെയ്താലും വേണ്ടില്ല.
ഭാനൂ, നീയ്യ് എന്തു വിഡ്ഢിത്തമാണ് പറയുന്നത്. നമ്മുടെ സര്‍ക്കാറിന് ഇതു നടപ്പാക്കുന്നത് സന്തോഷമായിട്ടാണോ. അല്ല, കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദത്തിനുവഴങ്ങി നടത്തുന്നു എന്നേയുള്ളൂ. കേന്ദ്രസര്‍ക്കാറിന് ഇതു നടപ്പാക്കുന്നത് സമ്മതമായിട്ടാണോ. അല്ല, ലോക ബാങ്കിന്റെയും അമേരിക്കയുടെയും സമ്മര്‍ദത്തിന് വഴങ്ങി നടപ്പാക്കേണ്ടിവരുന്നു എന്നേയുള്ളൂ. സ്വാതന്ത്ര്യദിനം കൊല്ലംതോറും ഒരു ചടങ്ങുപോലെ ആഘോഷമായി ആചരിക്കാറുണ്ടെങ്കിലും നമ്മുടെ സ്വാതന്ത്ര്യം ചോരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറേയായി.
പക്ഷേ, ഞാന്‍ ഒന്നും പറഞ്ഞില്ല. വെറുതേ ഓരോന്നു പറഞ്ഞ് ഭാനുവിന്റെ ഉറക്കം കെടുത്തേണ്ടല്ലോ. അപ്പോള്‍ ഏട്ടേ, അവസാനം നമ്മുടെ പെന്‍ഷന്‍കാര്യം എന്താവും! കിട്ടില്ല എന്നല്ല, താന്‍ പാതി ദൈവം പാതി എന്നേ ഇപ്പോള്‍ പറയാന്‍ പറ്റൂ.

മാതൃഭൂമി 31.08.2012

No comments:

Post a Comment