Friday, August 24, 2012

പാര്‍ലമെന്റിന്റെ അംഗീകാരമില്ല

ആര്‍. രഘുനാഥന്‍ നായര്‍

കേന്ദ്രസര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ലാതെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുകയില്ലെന്ന് പല ഭരണകക്ഷി നേതാക്കളും സര്‍വീസ് പെന്‍ഷന്‍കാരുടെ വേദികളില്‍ നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തിവരുമ്പോഴാണ് ചെലവ് നിയന്ത്രിച്ച് ധനവിനിയോഗ നിര്‍വഹണത്തില്‍ ഏകീകരണമുണ്ടാക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്.
ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരുണ്ടെന്നത് വസ്തുതയാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ വലിപ്പം കുറയ്ക്കുന്നതിന്റെ ഭാഗമായി തസ്തികകള്‍ വെട്ടിക്കുറച്ചതിന്റെയും വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെയും ഭാഗമായും ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താത്തതിന്റെയും ഫലമായി ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുന്നു. ഓരോ വര്‍ഷവും ജീവനക്കാര്‍ പെന്‍ഷനായി പുറത്തുവരുന്നതിന്റെ ഫലമായും ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതിനാലും പെന്‍ഷന്‍കാരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നുമില്ല. ഇതിന്റെ ഫലമായും ജീവനക്കാരുടെ എണ്ണത്തേക്കാള്‍ പെന്‍ഷന്‍കാരുടെ എണ്ണം കൂടുതലാകും. ഇതിന് പെന്‍ഷന്‍കാര്‍ ഉത്തരവാദികളല്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകേണ്ടതാണ്.
പെന്‍ഷന്‍ എന്നത് റിട്ടയര്‍മെന്റ് ശമ്പളം അഥവാ വിരാമകാലവേതനമാണെന്ന് ഭരണഘടന 366-ാം വകുപ്പില്‍ നിര്‍വചിച്ചിട്ടുണ്ട്. ജീവനക്കാര്‍ ജോലി ചെയ്ത കാലത്ത് ആര്‍ജിച്ച സ്വത്താണ് പെന്‍ഷന്‍ എന്നും അത് സര്‍ക്കാറിന്റെ ഇഷ്ടമനുസരിച്ച് വിതരണം ചെയ്യാനുള്ളതല്ലെന്നും ഭരണഘടനയിലെ 14, 16, 19, 31, 34, 41 വകുപ്പുകളില്‍ വ്യവസ്ഥയുണ്ട്. പല കോടതികളില്‍ നിന്നും പെന്‍ഷന്‍ സ്വത്താണെന്നും അതു ലഭിക്കുന്നതിനുള്ള അവകാശം നിയമനിര്‍മാണത്തിലൂടെ നിജപ്പെടുത്തണമെന്നും വിധിയുണ്ടായിട്ടുണ്ട്. പെന്‍ഷന്‍ എന്നത് സേവനകാലത്തു പിടിച്ചുവെച്ചതു തിരിച്ചു നല്‍കുന്നതാണെന്ന് ചരിത്ര പ്രസിദ്ധമായ നകാര കേസിലെ വിധിന്യായത്തില്‍ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. വാര്‍ധക്യത്തില്‍ സമ്പാദ്യത്തെ മാത്രം ആശ്രയിച്ചുകഴിയാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സുരക്ഷയാണ് പെന്‍ഷന്‍ എന്നും ഈ വിധിന്യായത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.
ജീവനക്കാരനും അവന്റെ കുടുംബവും വഴിയാധാരമാക്കപ്പെടുകയില്ലെന്ന് ഉറപ്പുവരുത്തുന്ന സാമൂഹിക സുരക്ഷാപദ്ധതിയായാണ് പെന്‍ഷന്‍ വിവക്ഷിക്കപ്പെട്ടത്.
പങ്കാളിത്തപെന്‍ഷന്‍ പദ്ധതി എന്ന പേരില്‍ കൊണ്ടുവരുന്ന പുതിയ പെന്‍ഷന്‍ പദ്ധതി ഇന്നത്തെ പെന്‍ഷന്‍ സമ്പ്രദായമനുസരിച്ച് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതാണ്. പെന്‍ഷന്‍ ഉറപ്പാക്കുന്നതും റിട്ടയര്‍ ചെയ്യുമ്പോള്‍ എത്ര പെന്‍ഷന്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നതും (Defined Pension), കുടുംബപെന്‍ഷനും മറ്റാനുകൂല്യങ്ങളും ലഭ്യമാകുന്നതും ആണ് നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം. ഇതു മാറ്റാനും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതും പെന്‍ഷന്‍ തന്നെ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുമായ സംഭാവന മാത്രം ഉറപ്പാക്കുന്ന (Defined Contribution) പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയാണ്.
പുതിയ പദ്ധതിയില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി നിക്ഷേപത്തില്‍ നിന്ന് മാറ്റുന്ന വാര്‍ഷിക വേതനം (Annuity) നാണയപ്പെരുപ്പവുമായി ബന്ധപ്പെടുത്തുന്നില്ലാത്തതിനാല്‍ ജീവനക്കാര്‍ക്കും കുടുംബപെന്‍ഷന്‍കാര്‍ക്കും ജീവിതാവസാനംവരെ ഒരേ തുകയായിരിക്കും പെന്‍ഷനായി ലഭിക്കുന്നത്.
2004 ജനവരി ഒന്നിനുശേഷം നിയമിക്കപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ '2004-ന് മുമ്പ് നിയമിക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി, കുടുംബപെന്‍ഷന്‍, മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ഘടനനിര്‍ണയിക്കാനുള്ള തത്ത്വങ്ങള്‍ പരിശോധിക്കുകയും അതിന്റെ ധനപരമായ സ്ഥിതി വിലയിരുത്തുകയും ചെയ്യുക' എന്ന് 6-ാം കേന്ദ്ര ശമ്പള കമ്മീഷന്റെ പരിഗണനാവിഷയത്തില്‍പ്പെടുത്തിയിരുന്നത് നിലവിലുള്ള ജീവനക്കാരെയും മുന്‍ ജീവനക്കാരെയും പുതിയ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമാണ്.

( കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാതൃഭൂമി 24.08.2012

No comments:

Post a Comment