Tuesday, August 14, 2012

പങ്കാളിത്ത പെന്‍ഷനും വികസനവും

ഡോ. മേരി ജോര്‍ജ്‌

വികസിതരാജ്യങ്ങള്‍ ദശാബ്ദങ്ങള്‍ക്കുമുമ്പേ പങ്കാളിത്ത പെന്‍ഷനിലേക്ക് മാറിയിരുന്നു. വാര്‍ധക്യം, മുന്‍കൂട്ടി കാണാനാവാത്ത ആപത്തുകള്‍ എന്നിവയ്ക്കുവേണ്ടി കരുതി വെക്കുന്നതിന് വ്യക്തിതന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. ഗവണ്‍മെന്റ് അതിന് ഒരു കൈത്താങ്ങ് ആവുകയേ വേണ്ടൂ.

 പങ്കാളിത്ത പെന്‍ഷനോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാരെ കാണുമ്പോള്‍ ഓര്‍മവരുന്നത് ''സാധാരണക്കാരുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ശരീരം ബലികഴിച്ച ക്രിസ്തുവിന്റെ അനുയായികള്‍ സ്വന്തം രക്ഷയ്ക്കുവേണ്ടി സാധാരണക്കാരുടെ ശരീരങ്ങളെ ബലികഴിക്കുന്നു''വെന്ന മാര്‍ക്‌സിയന്‍ ദര്‍ശനമാണ്. സംസ്ഥാനത്തെ ജനസമൂഹം ഉപ്പിനും ചോറിനും കൊടുക്കുന്ന നികുതിയാണ് സംസ്ഥാന ഖജനാവിന്റെ വരുമാനം. സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി വരുന്നതുമൂലം വികസനം മുരടിച്ചുപോകുന്നു എന്ന മുറവിളി ദശകങ്ങളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ജനാധിപത്യ ക്രമത്തില്‍ തിരഞ്ഞെടുപ്പും ഗവണ്‍മെന്റ് രൂപവത്കരണവും നടത്തിപ്പും ചെലവേറിയതാണ്. ഈ ദുര്‍വഹമായ ഭാരം ജനസമൂഹം വഹിക്കാന്‍ തയ്യാറാവുന്നത് അത്തരമൊരു ഗവണ്‍മെന്റ് നാടിന്റെ സര്‍വതോമുഖമായ വളര്‍ച്ച ലക്ഷ്യമിട്ട് കരുനീക്കം നടത്തും എന്ന പ്രതീക്ഷമൂലമാണ്. തന്നെയുമല്ല മനുഷ്യവികസന സൂചികകളില്‍ കേരളം നേടിയ മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും കൃഷിയിലും വ്യവസായത്തിലും വന്‍ കുതിപ്പ് ആവശ്യമാണ്. അത്തരമൊരു കുതിപ്പിന് വിഭവസമാഹരണം നടത്തിയേ പറ്റൂ. ഈ സാഹചര്യ സവിശേഷതയിലാണ് പങ്കാളിത്ത പെന്‍ഷന്‍ വിലയിരുത്തപ്പെടേണ്ടത്.

എന്താണ് പങ്കാളിത്ത പെന്‍ഷന്‍
നാളിതുവരെ, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായപ്രകാരം സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്/എയ്ഡഡ് വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ എന്നിവര്‍ക്കെല്ലാമുള്ള പെന്‍ഷന്‍ ഫണ്ട് രൂപവത്കരിക്കുക ഗവണ്‍മെന്റിന്റെ മാത്രം ഉത്തരവാദിത്വമായിരുന്നു. എന്നാല്‍, പെന്‍ഷന്‍ ബാധ്യത ദുര്‍വഹമായി വളര്‍ന്ന് സംസ്ഥാനവികസനത്തെ പിന്നോട്ടടിക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ റവന്യൂക്കമ്മി നികത്താന്‍ നിരവധി നടപടികള്‍ 2000-ല്‍ തൊട്ട് നടപ്പാക്കാന്‍ തുടങ്ങി. എന്നാല്‍, റവന്യൂ ചെലവ് മുമ്പോട്ടുതന്നെ കുതിക്കുന്ന അവസ്ഥ. അത്തരമൊരു സാഹചര്യത്തിലാണ് പങ്കാളിത്ത പെന്‍ഷന്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നത്.

എന്താണ് ഇതില്‍ ആരോപിക്കുന്ന ന്യൂനതകള്‍? അവര്‍ പറയുന്നു ജീവനക്കാര്‍ അനുഭവിച്ചുകൊണ്ടിരുന്ന ഒരു വിശേഷാവകാശം എടുത്തുകളയുകയും ഭാഗികമായെങ്കിലും അവരുടെ വാര്‍ധക്യകാല ക്ഷേമം ഗവണ്‍മെന്റ് തമസ്‌കരിക്കുകയും ചെയ്യുന്നു. കൂടാതെ പെന്‍ഷന്‍ഫണ്ട് അതോറിറ്റി ഈ പണം മുഴുവനും ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ച് ഓഹരി മേഖലയിലെ കാളകളുടെയും കരടികളുടെയും ചൂതാട്ടത്തിന് വിട്ടുകൊടുക്കും. അവര്‍ ഭയക്കുന്നു. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ആലോചിച്ചാല്‍ കാണാം. കാരണം ഏപ്രില്‍ ഒന്ന് 2012 മുതല്‍ ജോലിയില്‍ കയറുന്നവരാണ് പങ്കാളിത്ത പെന്‍ഷന്‍ ഗണത്തില്‍പ്പെടുന്നത്. അവര്‍ ജോലിയില്‍ കയറുന്നതുതന്നെ വളരെ ഉയര്‍ന്ന ശമ്പളംപറ്റിക്കൊണ്ടാണ്. ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ 20 വര്‍ഷം മുമ്പ് ജോലിയില്‍ കയറിയപ്പോഴത്തെ ആദ്യമാസ ശമ്പളം 500 രൂപയായിരുന്നെങ്കില്‍ ഇന്ന് അതേ തസ്തികയില്‍ കയറുന്ന ആളുടെ ആദ്യമാസ ശമ്പളം 20,000 രൂപയാണ്. ഒരു കോളേജ് അധ്യാപകന്‍ ഇന്ന് ആദ്യമാസംതന്നെ 40,000 രൂപയിലധികം ശമ്പളം വാങ്ങുമ്പോള്‍ 30 വര്‍ഷത്തിലധികം കോളേജില്‍ സേവനം അനുഷ്ഠിച്ച് 2005-ന് മുമ്പ് പെന്‍ഷനായവര്‍ അവസാനമാസം വാങ്ങിയ ശമ്പളം 30,000-ല്‍ താഴെ മാത്രം.
ജോലി ഭാരത്തിലും ജോലിയുടെ സ്വഭാവത്തിലും വലിയ മാറ്റം വന്നിട്ടില്ല (വരേണ്ടതാണ്). എന്നാല്‍, ശമ്പളത്തില്‍ വന്‍ കുതിപ്പുണ്ടുതാനും. 2006-ല്‍ നടപ്പാക്കിയ യു.ജി.സി. ശമ്പളപരിഷ്‌കരണംതന്നെ കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ 250 ശതമാനം മുതല്‍ 300 ശതമാനം വരെയുള്ള വര്‍ധനയാണ് വരുത്തിയത്. അതനുസരിച്ച് 30 വര്‍ഷം സേവനംചെയ്ത പെന്‍ഷന്‍ പറ്റുന്ന ഒരാള്‍ അവസാനമാസം വാങ്ങുന്ന ശമ്പളം ഒരു ലക്ഷത്തോളം വരും. പെന്‍ഷനാവുമ്പോള്‍ ഒന്നിച്ചുകിട്ടുന്ന തുക എത്ര ലക്ഷം എന്ന് എഴുതി പൊതുസമൂഹത്തിന്റെ ഉറക്കംകെടുത്തുന്നില്ല. ആരു പറഞ്ഞു പങ്കാളിത്ത പെന്‍ഷന്‍കാര്‍ ഷെയറുകളില്‍ നിക്ഷേപിക്കണമെന്ന്? പ്രോവിഡന്റ്ഫണ്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ കാണാം പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് നിക്ഷേപത്തിനുള്ള രണ്ട് ഓപ്ഷനുകള്‍. 1. ഗവണ്‍മെന്റ് ഷെയറുകള്‍, 2. മ്യൂച്വല്‍ ഫണ്ടുകള്‍. ഒന്നാമത്തെ ഓപ്ഷന്‍ സ്വീകരിക്കുന്നവര്‍ക്ക് യാതൊരു റിസ്‌കും ഇല്ല. രണ്ടാമത്തെ ഓപ്ഷന്‍ സ്വീകരിച്ചാല്‍ നഷ്ടം സംഭവിക്കാം വന്‍ലാഭവും ഉണ്ടാവാം. മ്യൂച്വല്‍ഫണ്ടുകള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളേക്കാള്‍ എത്രയോ വിശ്വാസ്യതയുള്ളവയും നിക്ഷേപവൈവിധ്യവത്കരണം എന്ന തന്ത്രം ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് വന്‍ലാഭം നേടിക്കൊടുക്കുന്നവയുമാണ്.
വികസിതരാജ്യങ്ങള്‍ ദശാബ്ദങ്ങള്‍ക്കുമുമ്പേ പങ്കാളിത്ത പെന്‍ഷനിലേക്ക് മാറിയിരുന്നു. ഒരു വ്യക്തിയുടെ വാര്‍ധക്യം, മുന്‍കൂട്ടി കാണാനാവാത്ത ആപത്തുകള്‍ എന്നിവയ്ക്കുവേണ്ടി കരുതിവെക്കുന്നതിന് വ്യക്തിതന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. ഗവണ്‍മെന്റ് അതിന് ഒരു കൈത്താങ്ങ് ആവുകയേ വേണ്ടൂ. തന്നെയുമല്ല ജീവിതകാലം മുഴുവനും സ്ഥിരമായ വരുമാനമുണ്ടായിരുന്നവരേക്കാള്‍ സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ നല്‍കി പരിരക്ഷിക്കേണ്ടത് പാര്‍ശ്വവത്കരിക്കപ്പെട്ടവരെയാണ്. കേരളത്തിലെ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ മേഖലയില്‍ ജനസംഖ്യയുടെ 3.25 ശതമാനം മാത്രം വരുന്ന ജീവനക്കാര്‍ ശമ്പളമായും പെന്‍ഷനായും സംസ്ഥാനത്തിന്റെ ആഭ്യന്തര റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും അനുഭവിക്കുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന ജനത അത്തരം ഭാഗ്യങ്ങളൊന്നും സിദ്ധിക്കാത്തവരാണ്.
സ്വകാര്യകമ്പനികള്‍ എത്ര ഉയര്‍ന്ന ശമ്പളം കൊടുത്താലും പെന്‍ഷന്‍ പദ്ധതിയില്ല. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടുകയുമാവാം. അസംഘടിത മേഖലയിലാണ് വലിയ ശതമാനം തൊഴിലാളികളും പണിയെടുക്കുന്നത്. ദിവസക്കൂലിക്കാരേക്കാള്‍ ശോചനീയമാണ് അവരുടെ സേവനവേതന വ്യവസ്ഥകള്‍. സീഡാക്, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് എന്നിങ്ങനെയുള്ള നിരവധി സ്ഥാപനങ്ങളില്‍ അതിപ്രഗല്ഭര്‍ തൊഴില്‍ ചെയ്യുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ ഗംഭീരംതന്നെ. എന്നാല്‍ അവര്‍ക്കും പെന്‍ഷനില്ല. അങ്ങനെ നോക്കുമ്പോള്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ മേഖലകളിലെ ജീവനക്കാര്‍ അനുഭവിക്കുന്ന സേവന വേതന വ്യവസ്ഥകളില്‍ സമൂഹക്ഷേമത്തിലൂന്നിയ ചെറിയ പുനഃസംഘടനകളൊക്കെ അനിവാര്യമാണെന്നു കാണാം.
ഈ ചുവടുമാറ്റം അനിവാര്യമാണോ?

റവന്യൂ വരുമാനവും റവന്യൂ ചെലവും തുല്യമാക്കുക എന്ന കേന്ദ്ര/സംസ്ഥാന ധനനയത്തെപ്പറ്റി നേരത്തേ സൂചിപ്പിച്ചുവല്ലോ. റവന്യൂ ബാലന്‍സ് എന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ വിഭവസമാഹരണം ത്വരപ്പെടുത്തണം. അതോടൊപ്പം റവന്യൂ ചെലവ് കുറച്ചുകൊണ്ടുവരികയും വേണം. റവന്യൂ ചെലവുകളിലെ പ്രധാന ഇനങ്ങളാണ് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ.കേരള ഗവണ്‍മെന്റ് പട്ടികയുടെ മൂന്നാമത്തെവരി പരിശോധിച്ചാല്‍ സംസ്ഥാന ആഭ്യന്തര റവന്യൂ വരുമാനത്തിന്റെ ശരാശരി 75 ശതമാനം ചെലവഴിക്കുന്നത് ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കുവേണ്ടിയാണെന്നു കാണാം. അഞ്ചാമത്തെ വരി പരിശോധിച്ചാല്‍ ശമ്പളം, പെന്‍ഷന്‍ പലിശ ഇവ മൂന്നും കൂടിച്ചേര്‍ന്നാലുള്ള സ്ഥിതിവിശേഷം കാണാം. ഈ മൂന്നു ചെലവുകളുംകൂടി റവന്യൂ വരുമാനത്തിന്റെ 105 ശതമാനം ആണ് 2008-'09-ല്‍. എന്നുവെച്ചാല്‍ ഈ ചെലവുകള്‍ക്കുവേണ്ടി കേന്ദ്രവിഹിതം വിനിയോഗിക്കുകയോ അതുമല്ലെങ്കില്‍ പുതുതായി കടമെടുക്കുകയോ ചെയ്യണമെന്നര്‍ഥം. ഓര്‍മിക്കേണ്ട കാര്യം സംസ്ഥാനത്തിന്റെ റവന്യൂ ചെലവുകള്‍ ഈ മൂന്നിനങ്ങളിലായി ഒതുങ്ങുന്നില്ല. സാമൂഹികക്ഷേമ പെന്‍ഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം, വിവിധതരം സബ്‌സിഡികള്‍ക്കുള്ള വിഹിതം തുടങ്ങിയവയൊക്കെയും കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സമൂഹം പറയട്ടെ പങ്കാളിത്ത പെന്‍ഷന്‍ അത്രവലിയ പാതകമാണോ, തെറ്റായൊരു ധനനയത്തിലേക്കാണോ വിരല്‍ചൂണ്ടുന്നതെന്ന്.
ചുരുക്കത്തില്‍, ഗവണ്‍മെന്റ്/അര്‍ധഗവണ്‍മെന്റ് ജീവനക്കാര്‍ക്കുവേണ്ടി അവരാല്‍ത്തന്നെ ഭരിക്കപ്പെടുന്ന അവരുടെ ഗവണ്‍മെന്റ് ആയി കേരളം മാറിയിട്ട് ഏറേ കാലമായി. മുന്നണികള്‍ മാറിമാറി ഭരിക്കുമ്പോഴും വഞ്ചി തിരുനക്കരെ തന്നെ. 'വികസനവും കരുതലും' പതിവില്ലാത്ത മുദ്രാവാക്യമാണോ, എങ്കില്‍ ഗഥേ പറയുന്നതു ശ്രദ്ധിക്കൂ.
''നിയമം പറയുന്നതിന് സന്മനസ്സും സത്ബുദ്ധിയും ആവശ്യമില്ല. എന്നാല്‍, നിങ്ങളുടെ മനസ്സ് മൂര്‍ത്തമായൊരു സത്യത്തില്‍ അധിഷ്ഠിതമാണെങ്കില്‍ പിന്‍താങ്ങലും ആവശ്യമില്ല''. മുന്നോട്ടുള്ള വഴി മുള്ളുകള്‍ നിറഞ്ഞതെങ്കിലും ലക്ഷ്യത്തിലേക്കുള്ളതാണല്ലോ.

മാതൃഭൂമി 14 .08 .2012 

1 comment:

  1. പങ്കാളിത്ത പെന്‍ഷന്‍ എന്ന ആശയം കീറിമുറിക്കുമ്പോള്‍

    ഡോ.മേരി ജോര്‍ജ് എഴുതിയ 'പങ്കാളിത്ത പെന്‍ഷനും വികസനവും' (2012 ആഗസ്ത് 14) എന്ന ലേഖനത്തില്‍ പ്രതിവാദിക്കപ്പെട്ട ചില വസ്തുതകളാണ് ഈ കുറിപ്പിന് ആധാരം. ലേഖിക സൂചിപ്പിക്കുന്നതു പോലെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ റവന്യൂ ചെലവ് കാലാകാലങ്ങളായി വര്‍ധിച്ചു വരികയാണ്.
    റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ 2004-2005 കാലത്ത് ഇന്ത്യയുടെ റവന്യൂചെലവ് 3,82,616.3 കോടി രൂപയും 2011-'12 കാലയളവില്‍ ഇത് 11,02,140 കോടി രൂപയുമായി വര്‍ധിച്ചു (വര്‍ധന 188.05 ശതമാനം).

    പങ്കാളിത്ത പെന്‍ഷന്‍ എന്ന ആശയത്തോട് മുഖം തിരിച്ചുനിന്ന കേരളത്തിന്റെ റവന്യൂ ചെലവ് ഈ കാലയളവില്‍ 17,169.4 കോടി രൂപയില്‍ നിന്ന് 44,961.4 കോടി രൂപയുമായി ഉയര്‍ന്നു (161.8 ശതമാനം വര്‍ധന). അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പാക്കിയാല്‍ ഇത് റവന്യൂചെലവ് കുറയ്ക്കാന്‍ സഹായിക്കും എന്ന വാദത്തിന് ഇതുവരെ വസ്തുതാപരമായി യാതൊരു അടിസ്ഥാനവുമില്ല.
    ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ 20 വര്‍ഷം മുമ്പ് ജോലിയില്‍ കയറുമ്പോഴുള്ള ശമ്പളവും ഇന്ന് അതേ തസ്തികകളില്‍ ജോലിക്ക് കയറുന്ന ഒരാളുടെ ശമ്പളവും താരതമ്യം ചെയ്യുന്നത് ശാസ്ത്രീയ അടിത്തറയ്ക്ക് നിരക്കാത്തതാണ്.
    സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍പോലും തൃണവത്ഗണിച്ചുകൊണ്ടുള്ള ഈ താരതമ്യപഠനം കാലാകാലങ്ങളിലെ പണപ്പെരുപ്പത്തെയോ, ഉപഭോക്താവിന് വ്യത്യസ്ത സമയങ്ങളില്‍ ലഭ്യമാക്കുന്ന 'ബാസ്‌കറ്റ് ഓഫ് ഗുഡ്‌സിന്റെ' അളവിനെയോ (ക്രയശേഷി), മൂല്യത്തെയോ കണക്കാക്കാതെ ഉള്ളതാണ്.

    സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളേക്കാള്‍ വിശ്വാസയോഗ്യവും നിക്ഷേപകര്‍ക്ക് വന്‍ലാഭവും നേടിക്കൊടുക്കുന്നവയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നതിന് യാതൊരു ശാസ്ത്രീയ വശമോ, തെളിവുകളോ ഇല്ലാത്തതാണ്.
    'ആദായകരം' എന്ന് ലേഖനത്തില്‍ അവകാശപ്പെടുന്ന മ്യൂച്ചല്‍ ഫണ്ടുകളില്‍ സ്വന്തം സമ്പാദ്യം നിക്ഷേപിച്ച് പാപ്പരായിത്തീര്‍ന്ന നിരവധി വ്യക്തികളുടെ കഥകള്‍ ദിനംപ്രതി പുറത്തു വരുന്നു.
    സ്വകാര്യകമ്പനികള്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടില്ല എന്ന വാദഗതി വസ്തുതാപരമല്ല. സീമെന്‍സ്, ബോഷ് മുതലായ കമ്പനികള്‍ 10 വര്‍ഷത്തിലധികം സര്‍വീസുള്ള ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയിട്ടുണ്ട്.

    -ഡോ. ജെ.രത്‌നകുമാര്‍, തിരുവനന്തപുരം
    http://www.mathrubhumi.com/online/malayalam/news/story/1779424/2012-08-18/kerala

    ReplyDelete