Friday, August 17, 2012

കുടുംബ പെന്‍ഷനും ഇല്ലാതാകും (ജാഗ്രത ബ്ലോഗില്‍ നിന്ന്‍ )

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതോടെ സംസ്ഥാനത്ത് കുടുംബ പെന്‍ഷനും മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കും അവിവാഹിതരായ പെണ്‍മക്കള്‍ക്കും ലഭിക്കുന്ന പെന്‍ഷനും ഇല്ലാതാകും. നിലവിലുള്ള ജീവനക്കാരെയും ഭാവിയില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ അടിസ്ഥാനശമ്പളവും ഡിഎയും ചേരുന്ന തുകയുടെ 13 ശതമാനമാണ് പെന്‍ഷനു വേണ്ടി അടയ്ക്കേണ്ടിവരിക. ഓഹരി കമ്പോളത്തിലെ ചൂതാട്ടത്തിനാണ് സര്‍ക്കാര്‍ ഈ തുക വിനിയോഗിക്കുക. തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ ഇതിനകം ആരംഭിച്ച കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പദ്ധതിയില്‍ നയാപൈസ നിക്ഷേപിക്കാത്തത് പെന്‍ഷന്റെ ഭാവി ആശങ്കയിലാക്കിയിട്ടുണ്ട്.

ജീവനക്കാരന്റെ കാലശേഷവും ഭാര്യക്ക് ലഭിക്കുന്ന കുടുംബ പെന്‍ഷനാണ് സര്‍ക്കാര്‍ സര്‍വീസിന്റെ പ്രത്യേകത. അവിവാഹിതരായ പെണ്‍മക്കളുണ്ടെങ്കില്‍ അവര്‍ക്കും ജീവിതകാലം മുഴുവന്‍പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മാനസിക വൈകല്യമുള്ള മക്കള്‍ക്ക് നല്‍കുന്ന പെന്‍ഷനും സാമൂഹ്യസുരക്ഷിതത്വത്തിന്റെ ഭാഗമായിരുന്നു. ഇവയൊന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല. വിദേശ പെന്‍ഷന്‍ ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ, ജീവനക്കാരുടെ പെന്‍ഷന്‍ തുകയിലും ഗണ്യമായ കുറവുണ്ടാകും. എല്‍ഡി ക്ലര്‍ക്കായി സര്‍വീസില്‍ പ്രവേശിക്കുന്നയാള്‍ 30 വര്‍ഷത്തോളം സേവനം പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ നിലവില്‍ പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ പെന്‍ഷനായി ലഭിക്കുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാകുന്നതോടെ ഈ തുകയില്‍ ഗണ്യമായ കുറവുണ്ടാകും. ജീവനക്കാരുടെ ശമ്പളവര്‍ധനയ്ക്ക് ആനുപാതികമായി പെന്‍ഷന്‍ തുകയും വര്‍ധിക്കുന്ന പതിവും നിലയ്ക്കും. ക്ഷാമാശ്വാസം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് ബാധകമല്ലാത്തതാണ് കാരണം. പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത് സ്വകാര്യമേഖലയായിരിക്കും. ജീവിതച്ചെലവുകള്‍ പ്രതിവര്‍ഷം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ കൊണ്ട് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാകും.

അധ്യാപകരും പൊലീസ്-എക്സൈസ് സേനാംഗങ്ങളും ഉള്‍പ്പെടെ സംസ്ഥാനത്ത് നിലവില്‍ 5.32 ലക്ഷം ജീവനക്കാരാണ് ഉള്ളത്. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യത്തില്‍ അതിന് നിയമപരമായ പരിരക്ഷ ലഭിക്കില്ല. സര്‍വീസില്‍ രണ്ടുതരം ആനുകൂല്യം എന്ന സ്ഥിതി ചോദ്യംചെയ്യപ്പെടും. അതുകൊണ്ട് ഭാവിയില്‍ അവര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കേണ്ടി വരും.

deshabhimani 11.08.12

No comments:

Post a Comment