പങ്കാളിത്ത പെന്‍ഷനും യുവതയും
ഒരു ഇടവേളക്കു ശേഷം
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി വീണ്ടും ചര്‍ച്ചയാവുകയാണ്. നിയമസഭക്കകത്തും പുറത്തും
കോളിളക്കം സൃഷ്ടിച്ച പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം
രാഷ്ട്രീയത്തിനതീതമായി വിശാല താത്പര്യത്തില്‍ എടുക്കേണ്ടതു തന്നെയാണ്. സര്‍ക്കാര്‍
വിഹിതത്തിനു പുറമെ ജീവനക്കാരുടെ വിഹിതം കൂടി ഉള്‍പെടുത്തി പെന്‍ഷന്‍ നല്‍കുന്നതാണ്
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. കടക്കെണിയിലായ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താനാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അടുത്ത വര്‍ഷം മുതല്‍ പദ്ധതി ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പു
വരുത്തേണ്ടതുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ കൂടിയാലോചനയുടെ സമയം മുതല്‍
എതിര്‍പ്പുമായി രംഗത്തുള്ള ഇടത് സര്‍വീസ് സംഘടനകളും യുവജന സംഘടനകളും
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്കു കൂടി കണ്ണോടിക്കേണ്ടത് ആവശ്യമാണ്.
പദ്ധതിയുടെ വിശദാംശങ്ങളും നടപ്പിലാക്കുന്ന രീതിയും യുവജന സംഘടനകളുമായി ചര്‍ച്ച
നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും യുവജനങ്ങളെ
വിശ്വാസത്തിലെടുത്തില്ലെന്ന പരാതിയുണ്ട്. കേരളം പോലെ കടക്കെണിയില്‍ അകപ്പെട്ടു
കിടക്കുന്ന സംസ്ഥാനം എങ്ങനെ പെന്‍ഷന്‍ തുകയുടെ മുഴുവന്‍ ഭാരവും വഹിക്കുമെന്ന
യാഥാര്‍ത്ഥ്യ ബോധമുള്ള ചോദ്യത്തിനു മുമ്പില്‍ യുക്തിസഹമായി മറുപടി പറയാനാവാത്ത
സാഹചര്യമാണ് നമുക്കു മുമ്പിലുള്ളത്. ഇന്ത്യയില്‍ കേരളം, ബംഗാള്‍, ത്രിപുര എന്നിവ
ഒഴിച്ചുള്ള സംസ്ഥാനങ്ങളെല്ലാം നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കു കീഴിലായി
കഴിഞ്ഞിട്ടുണ്ട്.
പെന്‍ഷന്‍ സര്‍ക്കാറിന് കടുത്ത ബാധ്യതയാണെന്ന വാദം
തള്ളിക്കളയാവുന്നതല്ല. റവന്യൂ വരുമാനത്തിന്റെ 70 ശതമാനവും പെന്‍ഷനും ജീവനക്കാരുടെ
ശമ്പളത്തിനുമായി ചിലവാകുന്നതായാണ് കണക്കുകള്‍. 2014 ഓടെ പെന്‍ഷന്‍കാരും ജീവനക്കാരും
തുല്യമാകുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ സംസ്ഥാനത്തിന്റെ
മൊത്തം പലിശ കൂടി ചേരുന്നതോടെ ഏകദേശം 82 ശതമാനത്തോളം മൊത്തം റവന്യൂ വരുമാനം
ചെലവാകുന്നുണ്ട്. ബാക്കി 18 ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കാനാവുന്നതെന്നതിനാല്‍ പാവപ്പെട്ടവന്റെ ഉന്നമനം ലക്ഷ്യമാക്കുന്ന
സര്‍ക്കാറിന് ഇത്തരത്തില്‍ ചിന്തിക്കാതെ നിര്‍വാഹമില്ല. എങ്കിലും കേരളം പോലുള്ള
സംസ്ഥാനത്ത് ഇത്തരം പദ്ധതികളുണ്ടാക്കുന്ന അലയൊലികളെ കുറിച്ച് വേണ്ടത്ര
കൂടിയാലോചനകള്‍ നടത്തേണ്ടത് ആവശ്യമാണ്. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം
മാറ്റി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ടു വരുന്നതിലൂടെ അടുത്ത വര്‍ഷം മുതല്‍
സര്‍ക്കാര്‍ സര്‍വീസില്‍ ചേരുന്നവര്‍ അടിസ്ഥാന ശമ്പളവും ഡി.എയും ചേരുന്ന തുകയുടെ 13
ശതമാനം പെന്‍ഷനു വേണ്ടി പ്രതിമാസം അടക്കേണ്ടി വരും. ഇതിനു സമാനമായ തുക സര്‍ക്കാര്‍
ഓരോ ജീവനക്കാരന്റെ പേരിലും പെന്‍ഷന്‍ പദ്ധതിക്കായി ആരംഭിക്കുന്ന ഫണ്ടില്‍
നിക്ഷേപിക്കണം. നേരത്തെ സര്‍ക്കാറിന്റെ മാത്രം ബാധ്യതയായിരുന്ന പെന്‍ഷന്‍ ഇനി
ജീവനക്കാരുടെ കൂടി സംഭാവനയാവും. ചുരുക്കത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ
തുടക്കത്തില്‍ സര്‍ക്കാറിന് വന്‍ ബാധ്യത വരുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍
പദ്ധതി സര്‍ക്കാറിനു നേട്ടമാകും. അടുത്ത 20 വര്‍ഷത്തിനു ശേഷം മാത്രമെ സര്‍ക്കാറിനു
പദ്ധതി നേട്ടമുണ്ടാക്കുകയുള്ളൂവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ
വിശാല താത്പര്യങ്ങള്‍ക്ക് ഇത്തരം ചിന്തകള്‍ ദിശാബോധം നല്‍കും.
മുഴുവന്‍
രാഷ്ട്രീയ പാര്‍ട്ടികളുടെയും അംഗീകാരത്തോടെ 1993 മുതല്‍ പത്ര പ്രവര്‍ത്തകര്‍ക്കു
പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ സംസ്ഥാനത്ത് ഭാവിയില്‍ സര്‍ക്കാര്‍
ജീവനക്കാരായി ചേരുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള
നടപടിക്കെതിരെ എതിര്‍പ്പുമായി വരുന്നത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
നിലവില്‍ സര്‍ക്കാറിന് സാമ്പത്തിക ലാഭമുണ്ടാക്കാനുള്ള പദ്ധതിയല്ലിതെന്ന
യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് സംസ്ഥാനത്തിന്റെ ഭാവി സാമ്പത്തിക ഭദ്രത വിഭാവനം ചെയ്യുന്ന
പദ്ധതിയെ വിശാല തലത്തില്‍ ഉള്‍കൊള്ളാന്‍ ഭരണ-പ്രതിപക്ഷ യുവജന സംഘടനകളും
തയാറാകേണ്ടതാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കു ജീവനക്കാരും സര്‍ക്കാറും
അടക്കുന്ന തുക ഒരു കരുതല്‍ നിക്ഷേപത്തിലേക്കാണ് പോവുക. ഈ നിക്ഷേപം കേന്ദ്ര
സര്‍ക്കാറിന്റെ സെക്യൂരിറ്റീസില്‍ നിക്ഷേപിക്കുകയും ചെയ്യും. എന്നാല്‍ ഈ തുക
മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസരവും ജീവനക്കാര്‍ക്കു നല്‍കുമെന്നാണ്
അറിയുന്നത്. ഇതിനായി ജീവനക്കാരന് ഓപ്ഷന്‍ നല്‍കാനുള്ള അവസരവും ലഭിക്കും. എന്നാല്‍
ഇത് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന തീരുമാനമാണ്. ഊഹ
കച്ചവടത്തിലേക്ക് പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിലൂടെ ജീവനക്കാരന്‍ വിരമിച്ച ശേഷം
ലഭിക്കേണ്ട ആനുകൂല്യം കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. മ്യൂച്ചല്‍ ഫണ്ടിലെ
ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് ജീവനക്കാരന്റെ ആനുകൂല്യം ആടിക്കളിക്കുന്ന അവസ്ഥയും
സംജാതമായേക്കും. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പു വരുത്തേണ്ടതുണ്ട്. സംസ്ഥാനത്തു
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5.25 ലക്ഷത്തോളം വരും. ഇതിനു പുറമെ
പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം അഞ്ചു ലക്ഷവും. ഒരു വര്‍ഷത്തില്‍ പെന്‍ഷന്‍ ബാധ്യത
8000 കോടി രൂപയും ശമ്പള ചെലവ് 16000 കോടി രൂപയുമാണ്. ഇതിനു പുറമെ പലിശ ബാധ്യത 8000
കോടിയും വരും. ശമ്പളവും പെന്‍ഷനും പലിശയും ചേരുമ്പോള്‍ വാര്‍ഷിക ചെലവ് 32000 കോടി
രൂപ വരും. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനത്ത് ഇത്തരം നിര്‍ബന്ധിത സാഹചര്യത്തിലാണ്
സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
http://sharipv.blogspot.in/2012/08/editorial.html
No comments:
Post a Comment