Tuesday, August 28, 2012

പ്രതികരണങ്ങള്‍..


എംഎല്‍എമാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമോ?
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സമ്പ്രദായം അട്ടിമറിച്ച് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ഒരു ഉത്തരവീലൂടെ തത്വത്തില്‍ തീരുമാനിച്ചിരിക്കുകയാണല്ലൊ.
‘സ്റ്റാറ്റിയൂട്ടറി’ പെന്‍ഷന്‍ നിയമം കേവലം ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ഇല്ലാതാക്കാന്‍ കഴിയുമോ?
പെന്‍ഷന്‍ ഔദാര്യമല്ല, മറിച്ച് അവകാശമാണ് താനും.
നാളുകളായി രാഷ്ട്രീയക്കാര്‍ ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ സമ്പ്രദായത്തിന് നേരം ചന്ദ്രഹാസം ഇളക്കുകയാണ്.
കേരളത്തിലെ സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ ജീവനക്കാരേക്കാള്‍ അധികമാണെന്നും അവര്‍ സര്‍ക്കാരിന് ബാധ്യതയാണെന്നുമുള്ള മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും കാഴ്ചപ്പാട് തികഞ്ഞ ഫാസിസ്റ്റ് ചിന്താഗതിയാണ്.
പൗരന്മാരുടെ ആയുര്‍ദൈര്‍ഘ്യം കൂടി വരുന്നതുകൊണ്ടാണ് സ്വാഭാവികമായും പെന്‍ഷന്‍കാരുടെ സംഖ്യയും കൂടിവരുന്നത്.
അത്തരം ഒരു സാമൂഹിക വ്യവസ്ഥിതിയില്‍ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന സുരക്ഷാ പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ തുനിയുന്നത് നീതീകരിക്കാവുന്നതല്ല.
പൗരന്മാരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇനി ‘എന്‍ഡോസള്‍ഫാന്‍’ തളിക്കണമെന്നോ മറ്റോ തീരുമാനിച്ചുറച്ചാല്‍ എന്താവും സ്ഥിതി?
മന്ത്രി, എംപി, എംഎല്‍എ, പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് സാഥാപനങ്ങളില്‍ കയറിപ്പറ്റുന്ന രാഷ്ട്രീയക്കാര്‍ എന്നിവര്‍ 5 വര്‍ഷം പോലും സര്‍വ്വീസ് ഇല്ലെങ്കിലും ആജീവനാന്തം വലിയ തുകയാണ് പെന്‍ഷനായി പറ്റിക്കൊണ്ടിരിക്കുന്നത്.
നമ്മുടെ മന്ത്രിമാരും മേല്‍പ്പറഞ്ഞ രാഷ്ട്രീയ ഉദ്യോഗസ്ഥന്മാരും ഖജനാവില്‍ നിന്നും മാസം തോറും കൈക്കലാക്കുന്ന തുക ഒന്ന് വ്യക്തമാക്കാമോ?
പി.എസ്.സി ടെസ്റ്റ് എഴുതി ജയിച്ച്, സര്‍വ്വീസില്‍ കയറി, ട്രാന്‍സ്ഫര്‍ മുതലായ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് 30 വര്‍ഷം സര്‍ക്കാരിനെ സേവിച്ചാല്‍ മാത്രമേ ജീവിക്കാനുള്ള സാമാന്യ പെന്‍ഷന്‍ ലഭിക്കുകയുള്ളു.
അതേസമയം, ‘കൈ നനയാതെ മാനത്തുകണ്ണിയെ പിടിക്കുന്ന’ രാഷ്ട്രീയക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ എന്തു തീരുമാനമാണ് എടുക്കുന്നതെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്പര്യമുണ്ട്.
സര്‍ക്കാര് ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയോ, അല്ലെങ്കില്‍ രാഷ്ട്രീയക്കാരുടെ പെന്‍ഷന്‍ ആനുകൂല്യം നിര്‍ത്തലാക്കുകയോ വേണം.
അല്ലാതെ, ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ഖജനാവില്‍ നിന്നും നേരിട്ട് പെന്‍ഷന്‍ വാങ്ങുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണമെന്നും ശഠിക്കുന്നത് ഏകാധിപതികളായ ഭരണക്കാരുടെ മുഖമുദ്രയാണ്.
(എന്‍ .രാമചന്ദ്രന്‍പിള്ള, കേരളാദിത്യപുരം)


സാമ്പത്തിക പ്രതിസന്ധിയോ?
സാമ്പത്തിക പ്രതിസന്ധിയാണ് പങ്കാളിത്ത പെന്‍ഷന് പ്രേരണയെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടയിരുന്നത് ജീവനക്കാരുടെ വിഹിതം പൊതുമേഖലാ ബാങ്കുകളോ എല്‍ഐസിയിലോ ട്രഷറികളിലോ നിക്ഷേപിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു.
ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നതും ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണ്.
പെന്‍ഷനം പൊതു സാമൂഹ്യ ഭദ്രതയുടെ ഭാഗമായി കാണാന്‍ കഴിയണം.
അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനിലും ചില ക്രമീകരണങ്ങള്‍ വരുത്താവുന്നതേയുള്ളു.
മൊത്തം തസ്തികകളെ മൂന്നോ നാലോ സ്ലാബുകളിലാക്കി ഒരു നിശ്ചിത തുക പെന്‍ഷനായി നല്‍കുന്ന സംവിധാനം നടപ്പാക്കാം.
(എല്‍ .പദ്മകുമാര്‍ , പെരുമ്പുഴ)


പങ്കാളിത്ത പെന്‍ഷനെ എതിര്‍ക്കുന്നതെന്തിന്?
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി 2013 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതുവരെ സര്‍വ്വീസില്‍ എത്തിയിട്ടുള്ള ആരേയും ഇത് ബാധിക്കില്ല.
അതിന്റെ ശേഷം അതിനു ശേഷം സര്‍വ്വീസില്‍ വരുന്നവര്‍ പെന്‍ഷന്‍ പറ്റുന്ന വരെ (ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷക്കാലം) പദ്ധതി കൊണ്ട്
സര്‍ക്കാരിന് ഒരു പൈസയുടെ പോലും ഇളവു കിട്ടുന്നില്ലെന്നാണ്.
സര്‍ക്കാരിന്റെ ലാഭം നോക്കിയല്ല, ഭാവിയിലെ നന്മ ലക്ഷ്യമാക്കിയാണ് പദ്ധതി നടത്തുന്നത് എന്നര്‍ത്ഥം.
ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ജനസംഖ്യയില്‍ വെറും മൂന്നോ നാലോ ശതമാനം മാത്രം വരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിലെ ഭാഗ്യവാന്മാരെ കനത്ത വേതനവും ആനുകൂല്യങ്ങളും പിന്നെ പെന്‍ഷനും നല്‍കി തീറ്റിപ്പോറ്റുന്നത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കൊണ്ട് നികുതിക്കുവേണ്ടി ഞെക്കിപ്പിഴിയുന്നതിലെ കാര്‍ക്കശ്യം ഭാവിയില്‍ ഇത്തിരിയെങ്കിലും കുറഞ്ഞാല്‍ അത് പാവപ്പെട്ടവന് ആശ്വാസമാണ്.
(വക്കം സുകുമാരന്‍ )

പെന്‍ഷന്‍ പദ്ധതി ആവശ്യമോ?
2008-2009 മുതല്‍ 2012-2013 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ കേരള സര്‍ക്കാരിന്റെ ബഡ്ജറ്റ് പരിശോധിച്ചാല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര റെവന്യു വരുമാനത്തിന്റെ 90 മുതല്‍ 105 ശതമാനം വരെയുള്ള ഭാഗം ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പലിശയും നല്‍കാന്‍ വിനിയോഗിച്ചു എന്നു മനസ്സിലാക്കാം.
ആകെ ജനസംഖ്യയുടെ കേവലം 3.25 ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ജീവനക്കാര്‍ എന്ന ജനവിഭാഗത്തിനു വേണ്ടിയാണ് നമ്മുടെ വരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ടി വരുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ വളരെ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനുമാണ് ഇപ്പോള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്.
വൈദ്യുതി ബോര്‍ഡ്, കെഎസ്ആര്‍ടിസി മുതലായ സ്ഥാപനങ്ങളിലെ ഏറ്റവും താഴ്ന്ന തസ്തികയിലുള്ള ജീവനക്കാര്‍ക്ക് പോലും ഉയര്‍ന്ന ശമ്പളവും പെന്‍ഷനുമാണ് ഇപ്പോള്‍ നല്‍കുന്നത്.
സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍ മേഖലകളിലെ ആജീവനാന്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുക, വിരമിക്കുമ്പോള്‍ ജീവനക്കാരന്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്ന കാലയളവ് കണക്കാക്കി ന്യായമായ തുക നഷ്ടപരിഹാരമായി (ഒറ്റത്തവണ) നല്‍കുക.
സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചിന്തിക്കാവുന്നതല്ലേ?
ഇത്തരം ആനുകൂല്യങ്ങളൊന്നും കിട്ടാതെ സ്വയം തൊഴിലെടുക്കുകയോ, ആനുകൂല്യങ്ങളൊന്നുമില്ലാതെ സ്വകാര്യ മേഖലയില്‍ സേവനമനുഷ്ഠിക്കുകയോ ചെയ്യുന്നവരാണ് ബാക്കി ഭൂരിഭാഗവും എന്നത് മറന്നുകൂടാ.
(കെ.ജെ.മേനോന്‍ , കൊല്ലം)

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
എന്താണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി:
2013 മുതല്‍ കേരള സര്‍ക്കാര്‍ സര്‍വ്വീസ്സില്‍ പുതുതായി പ്രവേശിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മാസാമാസം ഒരു കൃത്യമായ തുക സ്വന്തം പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതോ, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതോ ആയ സംരംഭത്തിലേക്കു നിക്ഷേപിക്കുന്നു.
ഈ തുകയ്ക്കു തത്തുല്യമോ കൂടുതലോ ആയ തുക മാസാമാസ്സം സര്‍ക്കാര്‍ ആ പദ്ധതിയില്‍ നിക്ഷേപിക്കും.
ഇതിനാണു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി എന്നതു കൊണ്ടു ഉദ്ദേശിക്കുന്നത്.
നിലവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും, പെന്‍ഷന്‍കാരേയും ബാധിക്കുന്നില്ലായെങ്കില്‍ , ഇവരെന്തിനാണു സമരം ചെയ്യുന്നത്?
അതീ ‘കുരു’ പൊട്ടിയവരോടു തന്നെ ചോദിക്കണം.
നോക്കുകൂലിയാശാന്മാര്‍ നിലവിലുള്ള ത്രിപുര, പശ്ചിമ ബംഗാള്‍ , കേരളം എന്നിവിടങ്ങളില്‍ മാത്രമാണു ഇതിനെ എതിര്‍ക്കുന്നത്.
ഇവര്‍ക്കു പഠിപ്പും രണ്ടെല്ലും കൂടുതലാണെന്നു കരുതുന്നതിനാലാകുമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
നേട്ടങ്ങള്‍ :
1. തൊഴിലാളിക്കു വാര്‍ദ്ധക്യത്തില്‍ എത്ര തുക പെന്‍ഷന്‍ വേണമെന്നു തൊഴിലാളികള്‍ തന്നെ തീരുമാനിക്കുന്നു. നിലവിലെ ‘ഇത്രയേ പെന്‍ഷന്‍ ലഭിക്കൂ’ എന്ന സംവിധാനം ഇല്ലാതാകും.
2. ഇതേ പദ്ധതി സ്വകാര്യ മേഖലയില്‍ കൂടി വ്യാപിപ്പിക്കുന്നതോടുകൂടി, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള അസമത്വം പാടേ ഇല്ലാതാകും.
3. സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാദ്ധ്യത കാലക്രമത്തില്‍ കുറഞ്ഞുവരുകയും, നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുന്ന തുക, വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി കൂടുതലായി ഉപയോഗിക്കുവാന്‍ കഴിയും.
മറ്റേതെങ്കിലും രാജ്യങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടൂണ്ടോ?
ലോകത്തിലെ ഏതാണ്ടു 99% വികസിത ജനാധിപത്യ രാജ്യങ്ങളിലും സമാനതകളുള്ള സംവിധാനമാണു നിലവിലുള്ളത്.
(വിന്‍സന്റ് ജോണ്‍ )

No comments:

Post a Comment